ഉവൈസിയെ പിന്തുണക്കുന്നില്ല; യു.പി.എക്ക് പുറത്ത് ആരുമായും സഹകരണമില്ല -കുഞ്ഞാലിക്കുട്ടി
text_fieldsമലപ്പുറം: ഹൈദരാബാദ് കോർപറേഷൻ തെരഞ്ഞെടുപ്പിൽ അസദുദ്ദീൻ ഉവൈസിയുടെ എ.ഐ.എം.ഐ.എമ്മുമായി മുസ്ലിംലീഗ് സഹകരിക്കുമെന്ന വാർത്തകളെ തള്ളി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. വാർത്ത അടിസ്ഥാന രഹിതമാണെന്നും യു.പി.എക്കല്ലാതെ ആർക്കും ഒരിടത്തും യാതൊരു പിന്തുണയും നൽകാൻ മുസ്ലിംലീഗ് തീരുമാനിച്ചിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു. അദ്ദേഹത്തിൻെറ റോൾ പലയിടത്തും ബി.ജെ.പിക്ക് സഹായകരമാകുന്ന വിധത്തിലാണെന്നാണ് പാർട്ടി ഇതുവരെ വിലയിരുത്തിയിട്ടുള്ളതെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പ്രതികരിച്ചു.
''സോളാർ കേസിൽ ഉമ്മൻചാണ്ടി നിരപരാധിയാണെന്ന് എല്ലാവർക്കും അറിയാം. സെക്രട്ടറിയേറ്റ് വളയൽ സമരവുമായി ബന്ധപ്പെട്ട് ചർച്ചക്ക് വന്നവരോട് അത് അന്നേ പറഞ്ഞിട്ടുണ്ട്. ഉമ്മൻചാണ്ടി നിരപരാധിയാണെന്ന് ഇടതുപക്ഷത്തിന് അറിയാം. സോളാർ ഇടതുപക്ഷത്തിന് ബൂമറാങ്ങാവും'' - കുഞ്ഞാലിക്കുട്ടി പറഞ്ഞു.