ലീഗ് ഒറ്റക്കെട്ട്; മെനക്കെട്ടിട്ട് കാര്യമില്ല മക്കളേന്ന് കുഞ്ഞാലിക്കുട്ടി
text_fieldsഇന്ത്യൻ യൂണിയൻ മുസ്‍ലിം ലീഗ് അച്ചടക്കത്തിന്റെ കാര്യത്തിൽ ഒരുപടി മുന്നിലാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.എൽ.എ. കേരള രാഷ്ട്രീയവും ഇന്ത്യൻ രാഷ്ട്രീയവുമൊക്കെ മുസ്‍ലിം ലീഗ് നേതൃത്വം ഒറ്റക്കെട്ടായി മുന്നോട്ട് കൊണ്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.
പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ കെ.എം ഷാജി പരോക്ഷമായി ആരോപണങ്ങൾ ഉന്നയിക്കുകയും നേതൃത്വത്തിൽ ഭിന്നതകളുണ്ടെന്ന സൂചനകൾ പുറത്തുവരികയും ചെയ്ത ഘട്ടത്തിലാണ് പി.കെ കുഞ്ഞാലിക്കുട്ടിയുടെ വിശദീകരണം. പൂക്കോട്ടൂരിലെ ഒരു മുസ്ലിം ലീഗ് പരിപാടിയിൽ കെ.എം ഷാജി വേദിയിലിരിക്കെ ആയിരുന്നു പി.കെ കുഞ്ഞാലിക്കുട്ടിയുടെ പ്രസംഗം.
മുസ്‍ലിം ലീഗ് ഒറ്റക്കെട്ടാണെന്ന് അദ്ദേഹം പറഞ്ഞു. 'അതിൽ വല്ല വ്യത്യാസവും വരുന്നുണ്ടോയെന്ന് നോക്കാൻ റിസേർച്ച് ചെയ്യുന്നവരോട് പറയുകയാണ്, വല്യ പണിയാണത്. ഒരു പടി കൂടി കടന്ന് പറയാം, മെനക്കെട്ടിട്ട് കാര്യമില്ല മക്കളേ..' -പി.കെ കുഞ്ഞാലിക്കുട്ടി തുടർന്നു.
മുസ്‍ലിം ലീഗിന്റെ വളർച്ച കൊണ്ട് ഏതെങ്കിലും സമുദായത്തിനല്ല നേട്ടമെന്നും മൊത്തം സമൂഹത്തിനാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ വളർച്ചയിൽ ഏറ്റവും അധികം സഹായിച്ച പാർട്ടിയാണ് ലീഗെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പിയെ താഴെയിറക്കാനുള്ള പേരാട്ടത്തിൽ കോൺഗ്രസിനൊപ്പമാണ് ലീഗ്. കോൺഗ്രസ് ചെയ്യുന്നതിന്റെ നാലയലത്തെത്താൻ കമ്മ്യൂണിസ്റ്റ് പാർട്ടിക്കാവില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.