'ചില പോക്കറ്റടിക്കാർ വായിൽ ബ്ലേഡ് കഷ്‌ണങ്ങൾ സൂക്ഷിക്കും, പിടിക്കാൻ വരുന്നവരുടെ മുഖത്തേക്ക് തുപ്പും, നമ്മളറിയാതെ മുഖം തുടക്കും, മുറിവും പറ്റും, പക്ഷേ കാര്യമാക്കരുത്'; ജലീലിനെതിരെ ഫിറോസ്
text_fieldsമലപ്പുറം: എം.എല്‍.എയായിരിക്കെ കെ.ടി. ജലീൽ തിരൂരങ്ങാടി പി.എസ്.എം.ഒ കോളജില്‍നിന്ന് അധ്യാപക ശമ്പളവും കൈപ്പറ്റിയതായി ആരോപണങ്ങൾക്ക് പിന്നാലെ രൂക്ഷമായ പരിഹാസവുമായി യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ്.
സത്യസന്ധത ജീവിതത്തിൽ അടുത്ത് കൂടെ പോകാത്ത ഒരാളുടെ മുഖമാണ് വീണ്ടും വീണ്ടും വ്യക്തമാവുന്നതെന്നും ഉടായിപ്പിന് കയ്യും കാലും വെച്ച അയാൾ സ്വയം വിശേഷിപ്പിക്കുന്നത് മലപ്പുറം സുൽത്താൻ എന്നാണ്. നാട്ടുകാർ അയാളെ ഇനി മുതൽ മലപ്പുറം ബണ്ടി ചോർ എന്നാണ് വിളിക്കുക. മലപ്പുറം ബണ്ടി ചോറെന്ന് പി.കെ.ഫിറോസ് ഫേസ്ബുക്ക് പോസ്റ്റിൽ പരിഹസിച്ചു.
"മത്സരിക്കാൻ വേണ്ടി ആദ്യം സർക്കാർ ജോലി രാജി വെക്കുക. രാജി വെച്ചപ്പോൾ കിട്ടേണ്ട ആനുകൂല്യങ്ങളെല്ലാം ആ സമയത്ത് കൈപ്പറ്റുക. മന്ത്രി, എം.എൽ.എ എന്നീ വകയിൽ കിട്ടാനുള്ള പെൻഷനുകൾക്ക് പുറമെ, അധ്യാപകനായ വകയിലുമുള്ള ഇരട്ട പെൻഷൻ ആനുകൂല്യങ്ങൾ കിട്ടാൻ രാജി കൊടുത്തത് പിന്നീട് വിടുതലാക്കാൻ അപേക്ഷിക്കുക. അതിനായി സർവീസ് ബുക്ക് തിരുത്താനും ശ്രമിക്കുക.
പൊതുമുതൽ കൈയിട്ട് വാരുന്നത് ഒരാൾ ശീലമാക്കിയാൽ നമ്മളെന്ത് ചെയ്യണം? അത്തരക്കാരെ കൈയോടെ പിടിക്കണം. അപ്പോഴോ?! ചില പോക്കറ്റടിക്കാർ ചെയ്യുന്നത് പോലെ അവർ വായിൽ ബ്ലേഡ് കഷ്‌ണങ്ങൾ സൂക്ഷിക്കും. പിടിക്കാൻ വരുന്നവരുടെ മുഖത്തേക്ക് തുപ്പും. നമ്മളറിയാതെ മുഖം തുടക്കും. മുറിവും പറ്റും. പക്ഷേ കാര്യമാക്കരുത്."-ഫിറോസ് പോസ്റ്റിൽ വിമർശിച്ചു.
എം.എല്‍.എയായിരിക്കെ ഡോ. കെ.ടി. ജലീൽ തിരൂരങ്ങാടി പി.എസ്.എം.ഒ കോളജില്‍നിന്ന് അധ്യാപക ശമ്പളവും കൈപ്പറ്റിയതായാണ് ആരോപണം ഉയർന്നത്. തിരൂരങ്ങാടി മണ്ഡലം മുസ്‌ലിം യൂത്ത്‌ലീഗ് പ്രസിഡന്റ് യു.എ. റസാഖ് നല്‍കിയ വിവരാവകാശ അപേക്ഷക്ക് നല്‍കിയ മറുപടിയിലാണ് 2006 മേയ് മാസത്തെ ശമ്പളം കോളജില്‍നിന്നും കൈപ്പറ്റിയതായി വിവരാവകാശരേഖയുള്ളത്.
ജലീല്‍ 2006 മേയ് 24നാണ് കേരള നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യുന്നത്. എന്നാല്‍, അതിനുശേഷമുള്ള മേയ് 31 വരെയുള്ള അധ്യാപക ശമ്പളം അദ്ദേഹം സ്വീകരിച്ചതായി രേഖകള്‍ സൂചിപ്പിക്കുന്നു. 2021 മാര്‍ച്ച് 12ന് തിരൂരങ്ങാടി പി.എസ്.എം.ഒ കോളജിലെ അധ്യാപക സ്ഥാനം രാജിവെച്ചിരുന്നു. 2006ല്‍ കുറ്റിപ്പുറം മണ്ഡലത്തില്‍നിന്ന് ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാർഥിയായി വിജയിച്ച കെ.ടി. ജലീല്‍ 1994 നവംബര്‍ 14 മുതല്‍ തിരൂരങ്ങാടി പി.എസ്.എം.ഒ കോളജില്‍ ചരിത്രവിഭാഗത്തില്‍ അധ്യാപകനായിരുന്നു.
അപേക്ഷിച്ചത് അർഹതപ്പെട്ട ആനുകൂല്യം ലഭിക്കാൻ -കെ.ടി. ജലീൽ
മലപ്പുറം: സര്‍വിസ് ബുക്ക് തിരുത്തി പെന്‍ഷന്‍ വാങ്ങാന്‍ ശ്രമം നടത്തുന്നുവെന്ന റിപ്പോര്‍ട്ടുകളില്‍ പ്രതികരിച്ച് ഡോ. കെ.ടി. ജലീൽ എം.എൽ.എ. എയ്ഡഡ് കോളജ് അധ്യാപകന് ലഭിക്കേണ്ട ന്യായമായ അവകാശം കിട്ടാനാണ് അപേക്ഷ നൽകിയതെന്നും അതിൽ യാതൊരു മറച്ചുവെക്കലുകളുമില്ലെന്നും ഡോ. കെ.ടി. ജലീൽ ഫേസ്ബുക്ക് കുറിപ്പിൽ അറിയിച്ചു. തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് ചരിത്രവിഭാഗം ലെക്ചറർ ആയിരിക്കെയാണ് 2006ൽ കുറ്റിപ്പുറത്തുനിന്ന് തെരഞ്ഞെടുക്കപ്പെട്ടത്. തുടർന്ന് 2021 ഏപ്രിൽ വരെ ലീവിലായിരുന്നു.
2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ നോമിനേഷൻ നൽകുന്നതിന് ഒരാഴ്ച മുമ്പാണ് എയ്ഡഡ് ജീവനക്കാർക്ക് മത്സരിക്കാൻ ജോലി രാജി വെക്കണമെന്ന വിധി ഹൈകോടതി പുറപ്പെടുവിച്ചത്. നോമിനേഷൻ നൽകാൻ ജോലി രാജിവെക്കണമെന്ന ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് രാജിക്കത്ത് നൽകിയത്. നോമിനേഷൻ നൽകി രണ്ടു ദിവസം കഴിഞ്ഞപ്പോൾ സുപ്രീംകോടതി ഈ വിധി സ്റ്റേ ചെയ്തു. ഹൈകോടതി വിധിയില്ലായിരുന്നെങ്കിൽ രണ്ടു വർഷവുംകൂടി ലീവിൽ തുടരാമായിരുന്നെന്നും നോമിനേഷനായി രാജിവെക്കേണ്ടിയും വരുമായിരുന്നില്ലെന്നും ജലീൽ കുറിപ്പിൽ പറയുന്നു.
സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് രാജി ടെക്നിക്കൽ രാജിയായി (വിടുതൽ) പരിഗണിക്കണമെന്നും, ജോലിചെയ്ത പന്ത്രണ്ടര വർഷത്തെ പെൻഷനും മറ്റ് ആനുകൂല്യങ്ങളും അനുവദിക്കണമെന്നും ആവശ്യപ്പെട്ട് അപേക്ഷ നൽകിയത്. രാജി, ടെക്നിക്കൽ രാജിയായി പരിഗണിക്കാവുന്നതാണെന്ന കവറിങ് ലെറ്ററോടെ അപേക്ഷ മാനേജർ സർക്കാറിലേക്ക് അയച്ചു. അനുകൂല നിയമോപദേശം കിട്ടിയതിനെ തുടർന്ന് ഫയൽ അനുബന്ധ നടപടികൾക്കായി ഫിനാൻസിലേക്കും ഹയർ എജുക്കേഷനിലേക്കും പോയിരിക്കുകയാണ്. പത്തുവർഷം സർവിസ് ഉള്ളവർക്ക് പെൻഷൻ ലഭിക്കാൻ അവകാശമുണ്ട്. കൂടുതൽ ശമ്പളത്തോടെ മറ്റേതെങ്കിലും ജോലി എടുക്കാനോ വിദേശത്ത് ബിസിനസ് ചെയ്യാനോ ആയിരുന്നില്ല തന്റെ രാജിയെന്നും ജലീൽ കുറിപ്പിൽ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

