'വിദ്യാർഥികളുടെ മുഖത്ത് നോക്കി കൊഞ്ഞനം കുത്തുന്ന ഈ പൊലീസുദ്യോഗസ്ഥൻ എന്ത് സന്ദേശമാണ് നൽകുന്നത്'; പൊലീസ് നടപടി ശുദ്ധ തോന്നിവാസമെന്ന് പി.കെ.ഫിറോസ്
text_fieldsമലപ്പുറം: വിസ്ഡം കേരള സ്റ്റുഡന്റ്സ് കോൺഫറൻസ് നിർത്തിവെപ്പിച്ച പൊലീസ് നടപടിക്കെതിരെ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ്. 10 മണി കഴിഞ്ഞ ആറുമിനിറ്റായി എന്ന കാരണം പറഞ്ഞ് ലഹരിക്കെതിരായ പരിപാടി പൊലീസ് നിർത്തിവെപ്പിച്ചത് ശുദ്ധ തോന്നിവാസമാണെന്നും പൊലീസ് അതിക്രമിച്ച് കടന്ന പ്രകോപനമുണ്ടാക്കിയെന്നും പി.കെ.ഫിറോസ് ഫേസ്ബുക്കിൽ കുറിച്ചു.
സമ്മേളന വേദിയിൽ നിന്നും മടങ്ങും വഴി പൊലീസുകാരൻ വിദ്യാർഥികൾക്ക് നേരെ ഗോഷ്ടി കാണിച്ച സംഭവത്തെയും പി.കെ.ഫിറോസ് വിമർശിച്ചു. വിദ്യാർഥികളുടെ മുഖത്ത് നോക്കി കൊഞ്ഞനം കുത്തുന്ന ഈ പോലീസുദ്യോഗസ്ഥൻ എന്ത് സന്ദേശമാണ് പുതു തലമുറക്ക് പകർന്ന് നൽകുന്നതെന്ന് ചോദിച്ച ഫിറോസ്, മനപൂർവ്വം പ്രശ്നങ്ങളുണ്ടാക്കാൻ ആരുടെയോ ക്വട്ടേഷെനെടുത്ത ഈ പൊലീസുകാരനെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
ഞായറാഴ്ച രാത്രിയാണ് വിസ്ഡം സംഘടിപ്പിച്ച കേരള സ്റ്റുഡൻ്റ്സ് കോൺഫറൻസ് പൊലീസ് ഇടപെട്ട് നിർത്തിവെപ്പിച്ചത്. അനുവദിച്ച സമയപരിധി കഴിഞ്ഞുവെന്ന് പറഞ്ഞാണ് രാത്രി 10ന് പൊലീസ് സമ്മേളന വേദിയിലേക്ക് കടന്നുവന്നതും നിർത്തിവെക്കാൻ ആവശ്യപ്പെട്ടതും. എന്നാൽ, 10 മണിക്ക് മുമ്പ് നിർത്തുന്ന വിധമാണ് എല്ലാ പരിപാടികളും ക്രമീകരിച്ചതെന്നും പൊലീസെത്തുമ്പോൾ സമാപന പ്രസംഗം നടക്കുകയായിരുന്നെന്നും ഉടൻ നിർത്താമെന്ന് പറഞ്ഞിട്ടും സമ്മതിക്കാതെ പൊലീസ് നിർത്താൻ ആക്രോശിക്കുകയായിരുന്നുവെന്നാണ് വിസ്ഡം നേതാക്കൾ പറയുന്നത്.
പി.കെ.ഫിറോസിന്റെ ഫേസ്ബുക്ക് പോസ്റ്റ്
"വിസ്ഡം സ്റ്റുഡൻസ്, ലഹരിക്കെതിരെ പെരിന്തൽമണ്ണയിൽ സംഘടിപ്പിച്ച സ്റ്റുഡൻസ് കോൺഫറൻസ് 10 മണി കഴിഞ്ഞ് 6 മിനിറ്റ് ആയി എന്ന കാരണം പറഞ്ഞ് പോലീസ് നിർത്തി വെപ്പിച്ചത് ശുദ്ധ തോന്നിവാസമാണ്. മൂന്ന് മിനിറ്റ് കൊണ്ട് അവസാനിപ്പിക്കാമെന്ന് സംഘാടകർ സമ്മതിച്ച പ്രോഗ്രാമിലാണ് പോലീസ് അതിക്രമിച്ച് കടന്ന് പ്രകോപനമുണ്ടാക്കിയത്.
വിദ്യാർത്ഥികളുടെ മുഖത്ത് നോക്കി കൊഞ്ഞനം കുത്തുന്ന ഈ പോലീസുദ്യോഗസ്ഥൻ എന്ത് സന്ദേശമാണ് പുതു തലമുറക്ക് പകർന്ന് നൽകുന്നത്? മനപൂർവ്വം പ്രശ്നങ്ങളുണ്ടാക്കാൻ ആരുടെയോ ക്വട്ടേഷെനെടുത്ത ഈ പോലീസുദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാൻ അധികാരികൾ തയ്യാറാവണം."
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

