മലയാള സർവകലാശാലക്ക് ഭൂമി ഏറ്റെടുത്തതിൽ അഴിമതി; സർക്കാറിന് നഷ്ടമായ പണം ജലീലിൽ നിന്നും ഈടാക്കണം -പി.കെ.ഫിറോസ്
text_fieldsപി.കെ ഫിറോസ്, കെ.ടി ജലീൽ
മലപ്പുറം: മലയാള സർവകലാശാലക്ക് ഭൂമി ഏറ്റെടുത്തതിൽ അഴിമതി നടന്നിട്ടുണ്ടെന്ന ആരോപണവുമായി യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ്. ജലീൽ ഇടപ്പെട്ടാണ് ഭൂമി ഏറ്റെടുത്തതെന്നും അതിനാൽ സർക്കാറിന് നഷ്ടമായ തുക ജലീലിൽ നിന്ന് ഈടാക്കണമെന്നും പി.കെ ഫിറോസ് പറഞ്ഞു.
കുറഞ്ഞ വിലക്ക് ഭൂമി ഉണ്ടായിരിക്കെ കൂടിയ വിലക്ക് സർവകലാശാലക്കായി ഭൂമി ഏറ്റെടുത്ത് സർക്കാറിന് നഷ്ടമുണ്ടാക്കി. മന്ത്രി വി.അബ്ദുറഹ്മാന്റെ ബന്ധുക്കളുടെ ഭൂമിയാണ് കൊള്ളവിലക്ക് ഏറ്റെടുത്തതെന്നും പി.കെ ഫിറോസ് ആരോപിച്ചു.സി.ആർ.ഇസെഡ് ഭൂമിയാണെന്ന് വിദഗ്ധർ അറിയിച്ചതിനാൽ ഇവിടെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നില്ല. കുറഞ്ഞ വിലക്ക് ആളുകൾ വിറ്റ ഭൂമിയാണ് 1.6 ലക്ഷം രൂപക്ക് സർക്കാർ വാങ്ങിയതെന്നും പി.കെ ഫിറോസ് പറഞ്ഞു.
കെ.ടി ജലീലിനെതിരെ വിമർശനവുമായി പി.കെ ഫിറോസ് കഴിഞ്ഞ ദിവസവും രംഗത്തെത്തിയിരുന്നു. ഒന്നാം പിണറായി സർക്കാരിൽ ജലീലിന്റെ മന്ത്രി സ്ഥാനം രാജിവെപ്പിച്ചത് സീസൺ വൺ ആയിരുന്നു. എംഎൽഎ സ്ഥാനം രാജിവെപ്പിക്കുന്ന സീസൺ ടു തുടങ്ങുമെന്നും പി.കെ ഫിറോസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ലീഗിന്റെ ദേശീയ ആസ്ഥാന മന്ദിരത്തിന്റെ പണി ഒരിക്കലും പൂർത്തിയാവില്ല എന്നായിരുന്നു ജലീലിന്റെ വാദം. അവിടെ പണി പൂർത്തിയായി ഉദ്ഘാടനം നടത്തി. വയനാട്ടിൽ ലീഗ് വാങ്ങിയ സ്ഥലത്ത് പുനരധിവാസ പാക്കേജ് നടപ്പാക്കാൻ കഴിയില്ല എന്നായിരുന്നു പിന്നീട് പറഞ്ഞത്. അവിടെ 100 വീടുകൾക്ക് സാദിഖലി തങ്ങൾ തറക്കല്ലിട്ടു.
പി.കെ ഫിറോസിന് ഒരു പണിയുമില്ല, ഒരു വരുമാനവുമില്ലാത്ത ഫിറോസ് എങ്ങനെ വീടുണ്ടാക്കി എന്നായിരുന്നു ആദ്യം ചോദിച്ചത്. ഇപ്പോൾ തനിക്ക് നിരവധി ബിസിനസ് ഉണ്ട്, ലക്ഷങ്ങൾ വരുമാനമുണ്ട് എന്നാണ് പറയുന്നത്. അങ്ങാടിയിൽ തോറ്റതിന് മുണ്ട് പൊക്കി കാണിക്കുന്ന ഒരു അൽപ്പനെയാണ് കാണുന്നത്. തനിക്കെതിരെ ഇഡിയിൽ പരാതി കൊടുക്കുമെന്നാണ് ജലീൽ പറയുന്നത്. ഇഡിക്ക് അല്ല സിബിഐക്ക് പരാതി കൊടുത്താലും തന്റെയോ ഒരു യൂത്ത് ലീഗ് പ്രവർത്തകന്റെയോ രോമത്തിൽ തൊടാനാവില്ലെന്നും ഫിറോസ് പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

