‘ചളിയിൽ കുളിച്ചോളൂ, പക്ഷേ മാന്യൻമാരുടെ ദേഹത്തേക്ക് തെറിപ്പിക്കരുത്’; എസ്.എഫ്.ഐ നേതാവിന് മറുപടിയുമായി പി.കെ. ഫിറോസ്
text_fieldsകോഴിക്കോട്: കത്വ–ഉന്നാവോ കുടുംബങ്ങളെ സഹായിക്കാനും നിയമ സഹായത്തിനുമായി ശേഖരിച്ച ഫണ്ടിൽ തിരിമറി നടത്തിയെന്ന എസ്.എഫ്.ഐ നേതാവിന്റെ ആരോപണത്തിന് വീണ്ടും മറുപടിയുമായി യൂത്ത്‍ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്. രക്തസാക്ഷികളുടെ ഫണ്ട് പോലും അടിച്ച് മാറ്റുന്ന നിങ്ങൾക്ക് എല്ലാവരും അഴിമതിക്കാരാണെന്ന് തോന്നുക സ്വാഭാവികമെന്ന് പി.കെ. ഫിറോസ് ഫേസ്ബുക്കിൽ കുറിച്ചു. ചളിയിൽ കുളിച്ചോളൂവെന്നും പക്ഷേ മാന്യൻമാരുടെ ദേഹത്തേക്ക് തെറിപ്പിക്കരുതെന്നും പി.കെ. ഫിറോസ് പോസ്റ്റിൽ ചൂണ്ടിക്കാട്ടി.
പി.കെ. ഫിറോസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:
ഷോ കളിക്കുന്നവർക്കൊന്നും മറുപടി പറയാൻ നിൽക്കരുതെന്ന് പല സുഹൃത്തുക്കളും പറഞ്ഞു. എന്നാലും ചിലതൊക്കെ അപ്പപ്പോൾ പറഞ്ഞിട്ട് പോവുന്നതാണ് നല്ലതെന്ന് തോന്നിയത് കൊണ്ടാണ് വീണ്ടും ഈ കുറിപ്പ്. ചോദിച്ച ചോദ്യങ്ങൾക്കൊന്നും ടിയാൻ ഉത്തരം പറഞ്ഞിട്ടില്ല. ടിയാന് ഉത്തരമുണ്ടാവില്ല എന്ന് ഉറപ്പായത് കൊണ്ട് വീണ്ടും ചോദിക്കുന്നില്ല.
ഇനി അയാളുടെ ചോദ്യത്തിലേക്ക് വരാം. എനിക്കെതിരെയുള്ള പരാതിയിൽ അന്വേഷണം നടത്തിയ സി.ഐയെ സസ്പെന്റ് ചെയ്തിരുന്നത് അറിഞ്ഞില്ലേ എന്നാണ് ചോദ്യം. അറിഞ്ഞിരുന്നു സഖാവേ. അത് മാത്രമല്ല അതിനു ശേഷം നടന്ന കാര്യവും അറിഞ്ഞിരുന്നു. അത് പക്ഷേ കുട്ടി സഖാവ് അറിഞ്ഞിട്ടുണ്ടാവില്ല. സി.ഐക്കെതിരെ അന്വേഷണം നടത്തി അയാൾ കുറ്റക്കാരനല്ല എന്ന് കണ്ടെത്തി. സസ്പെൻഷൻ കാലത്തെ ശമ്പളവും വാങ്ങി അയാളിപ്പോഴും സർവ്വീസിലുണ്ട്.
എനിക്കെതിരെയുള്ള പ്രൈവറ്റ് കംപ്ലയിന്റിൽ കോടതി വെറും 3 മാസത്തേക്കാണ് സ്റ്റേ നൽകിയത് എന്നും പറഞ്ഞല്ലോ ഷോ സഖാവ്.
സഖാവേ...
9 മാസമായി കേസ് സ്റ്റേയിലാണ്. നിങ്ങൾ പഠിച്ച പണി പതിനെട്ടും നോക്കി. ഒരു ചുക്കും നടന്നില്ല. അതൊന്നും നിങ്ങളെ കൊണ്ട് കൂട്ടിയാ കൂടൂലാ.
പിന്നെ നവാസിനെ കുറിച്ച് പറഞ്ഞത്. രക്തസാക്ഷികളുടെ ഫണ്ട് പോലും അടിച്ച് മാറ്റുന്ന നിങ്ങൾക്ക് എല്ലാവരും അഴിമതിക്കാരാണെന്ന് തോന്നുക സ്വാഭാവികം. സഖാവ് ഒരു കാര്യം ഓർത്തോളൂ. നവാസ് പ്രസിഡന്‍റായ സംഘടനയുടെ പേര് എസ്.എഫ്.ഐ എന്നല്ല. ആ സംഘടനയുടെ പേര് എം.എസ്.എഫ് എന്നാണ്.
പിന്നെ പാലാരിവട്ടം. അതിനുള്ള മറുപടി നിങ്ങളുടെ മുൻ മന്ത്രി ജി. സുധാകരൻ പണ്ടേ നൽകിയിട്ടുണ്ട്. അത് കൊണ്ട് അതൊക്കെ വിട്ട് പിടി സഖാവേ..
പിന്നെ സഖാവേ,
ഞങ്ങൾ തുർക്കിയിലും പോവും അമേരിക്കയിലും പോവും. അതൊന്നും നികുതിപ്പണമെടുത്തിട്ടല്ല. നിങ്ങളുടെ പി. രാജീവിനും സംഘത്തിനും സ്വിറ്റ്സർലന്റിൽ ടൂറടിക്കാൻ 10 കോടിയാണ് സർക്കാർ ആദ്യ ഗഡു കൊടുത്തത്. അറിഞ്ഞിരുന്നോ എസ്സഫൈ നേതാവ്?
അപ്പോ അവസാനമായി 'കുട്ടി' നേതാവിനോട്,
ചളിയിൽ കുളിച്ചോളൂ
പക്ഷേ മാന്യൻമാരുടെ ദേഹത്തേക്ക് തെറിപ്പിക്കരുത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

