സത്യമേ ജയിക്കൂ, സത്യം മാത്രം: കെ.ടി ജലീലിന്‍റെ പഴയ പോസ്റ്റ് പങ്കിട്ട് പി.കെ ഫിറോസ്
text_fieldsതിരുവനന്തപുരം: ബന്ധു നിയമനത്തിൽ മന്ത്രി കെ.ടി. ജലീൽ കുറ്റക്കാരനാണെന്ന ലോകായുക്ത കണ്ടെത്തലിന് പിന്നാലെ പ്രതികരണവുമായി യൂത്ത്ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസ്. ''സത്യമേ ജയിക്കൂ. സത്യം മാത്രം. ലോകം മുഴുവൻ എതിർത്താലും മറിച്ചൊന്ന് സംഭവിക്കില്ല'' എന്ന കെ.ടി ജലീലിന്‍റെ പഴയ പോസ്റ്റ് പങ്കിട്ട് സത്യമേവജയതേയെന്നാണ് ഫിറോസ് ഫേസ്ബുക്കിൽ കുറിച്ചത്. ബന്ധുവായ കെ.ടി. അദീബിനെ ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷനിലെ എം.ഡിയായി ജലീൽ നിയമിച്ച വിവരം മാധ്യമങ്ങൾക്ക് മുമ്പിലെത്തിച്ചതും കേസിൽ നിരന്തരമായി ഇടപെടൽ നടത്തിയതും പി.കെ ഫിറോസായിരുന്നു.
എന്നാൽ പൂർണമായ വിധിപകർപ്പ് കിട്ടിയ ശേഷം നിയമ വിദഗ്ധരുമായി ആലോചിച്ച് ഇക്കാര്യത്തിൽ തുടർ നടപടികൾ സ്വീകരിക്കുമെന്നാണ് ജലിലിന്‍റെ പ്രതികരണം. കെ.ടി ജലീൽ പങ്കുവെച്ച ഫേസ്ബുക് പോസ്റ്റ്: ബഹുമാനപ്പെട്ട ഹൈകോടതിയും ബഹുമാനപ്പെട്ട മുൻ കേരള ഗവർണറും സുപ്രിംകോടതി മുൻ ചീഫ് ജസ്റ്റിസുമായ പി. സദാശിവവും തള്ളിയ കേസിലാണ് ബഹുമാനപ്പെട്ട ലോകായുക്ത ഇപ്പോൾ ഇങ്ങനെ ഒരു വിധി പുറപ്പെടുവിച്ചിരിക്കുന്നത്. പൂർണമായ വിധിപകർപ്പ് കിട്ടിയ ശേഷം നിയമ വിദഗ്ധരുമായി ആലോചിച്ച് ഇക്കാര്യത്തിൽ തുടർ നടപടികൾ സ്വീകരിക്കുന്നതാണ്.