കരുവന്നൂർ ബാങ്ക് കേസ്: പി.കെ. ബിജുവിനെയും എം.എം. വർഗീസിനെയും ഇ.ഡി ചോദ്യം ചെയ്ത് വിട്ടയച്ചു
text_fieldsകൊച്ചി: 300 കോടിയുടെ ബിനാമി വായ്പ തട്ടിപ്പു കണ്ടെത്തിയ കരുവന്നൂർ ബാങ്ക് കേസിൽ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മുൻ എം.പിയുമായ പി.കെ. ബിജു, തൃശൂർ ജില്ല സെക്രട്ടറി എം.എം. വർഗീസ്, ജില്ല സെക്രട്ടേറിയറ്റ് അംഗവും തൃശൂർ നഗരസഭ കൗൺസിലറുമായ പി.കെ. ഷാജൻ എന്നിവരെ ഇ.ഡി തിങ്കളാഴ്ചയും ചോദ്യംചെയ്ത് വിട്ടയച്ചു. രാവിലെ 10.30 ന് കൊച്ചിയിലെ ഇ.ഡി ഓഫിസിലെത്തിയ ബിജുവിന്റെ അടക്കം ചോദ്യംചെയ്യൽ വൈകീട്ട് ഏഴോടെയാണ് അവസാനിച്ചത്.
പാർട്ടിയുടെ ആസ്തിവിവരങ്ങൾ ഹാജരാക്കാൻ ഇ.ഡി നിർദേശിച്ചിട്ടുണ്ടെന്നും വിവരങ്ങൾ കൈമാറുമെന്നും ചോദ്യംചെയ്യലിനുശേഷം പുറത്തിറങ്ങിയ എം.എം. വർഗീസ് മാധ്യമങ്ങളോട് പറഞ്ഞു. പി.കെ. ബിജുവിനോട് വ്യാഴാഴ്ചയും എം.എം. വർഗീസിനോട് ഏപ്രിൽ 22നും വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ഹാജരായ ബിജുവിനെയും വർഗീസിനെയും വീണ്ടും വിളിപ്പിക്കുകയായിരുന്നു.
കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ പാർട്ടി നിയോഗിച്ച അന്വേഷണ കമീഷനിൽ അംഗമായിരുന്ന ബിജുവിന്റെയും ഷാജന്‍റെയും മൊഴികൾ കേസന്വേഷണത്തിൽ നിർണായകമാണ്. മുഖ്യപ്രതി പി. സതീഷ് കുമാർ ഒരു എം.പിയുടെയും എം.എൽ.എയുടെയും ബിനാമിയാണെന്ന ഗുരുതര ആരോപണം ഈ കേസിൽ വിചാരണക്കോടതി മുമ്പാകെ അന്വേഷണസംഘം ഉന്നയിച്ചിരുന്നു.
തട്ടിപ്പിനെക്കുറിച്ച് സി.പി.എം അന്വേഷണം നടത്തി റിപ്പോർട്ട് തയാറാക്കിയതായി വിവരം ലഭിച്ചതോടെയാണ് ഈ വഴിക്ക് ഇ.ഡി അന്വേഷണം. പാർട്ടി കണ്ടെത്തൽ ചോദിച്ചറിയുന്നതിനടക്കമാണ് നേതാക്കളെ ചോദ്യംചെയ്യുന്നത്. ജില്ലയിലെ പാർട്ടിയുടെ സ്വത്ത് വിവരങ്ങളും തേടി. വിവിധ ബാങ്കുകളിലായി പാർട്ടിക്ക് അഞ്ച് അക്കൗണ്ടുകളുണ്ടെന്ന കണ്ടെത്തൽ സംബന്ധിച്ചും ചോദ്യമുനയിലാണ് നേതാക്കൾ. ഇത്തരത്തിൽ പാർട്ടിയുമായി ബന്ധപ്പെട്ട് അക്കൗണ്ടുകളില്ലെന്നും ലോക്കൽ കമ്മിറ്റികളുടെ അക്കൗണ്ട് സംബന്ധിച്ച് തനിക്ക് വിവരമില്ലെന്നുമാണ് ആറാംതവണ ഹാജരായ വർഗീസ് മൊഴിയിൽ ആവർത്തിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

