‘രണ്ട് വാപ്പമാരായിരുന്നു നാഷണൽ ഹൈവേക്ക്... ഇപ്പോ ഒരു വാപ്പയുമില്ല’; മോദിയെയും പിണറായിയെയും വിമർശിച്ച് പി.കെ. ബഷീർ
text_fieldsകോഴിക്കോട്: ദേശീയപാത 66ൽ ആറുവരിപ്പാതയുടെ നിർമാണം നടക്കുന്ന ഭാഗങ്ങൾ ഇടിഞ്ഞ് താഴ്ന്ന സംഭവത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകളെ രൂക്ഷമായി വിമർശിച്ച് മുസ് ലിം ലീഗ് നേതാവ് പി.കെ. ബഷീർ എം.എൽ.എ. ദേശീയപാതക്ക് രണ്ട് വാപ്പാമാരാണ് ഉണ്ടായിരുന്നതെന്നും ഇപ്പോ ഒരു വാപ്പാ പോലുമില്ലെന്നും പി.കെ. ബഷീർ പറഞ്ഞു.
ദേശീയപാതക്ക് നരേന്ദ്ര മോദി, പിണറായി വിജയൻ എന്നിങ്ങനെ രണ്ട് വാപ്പാമാരായിരുന്നു ഉണ്ടായിരുന്നത്. കാസർകോട് മുതൽ തിരുവനന്തപുരം വരെ 26,000 കോടി രൂപയുടെ പദ്ധതി നടപ്പാക്കിയെന്നാണ് പുട്ടിന് തേങ്ങ ഇടുംപോലെ പിണറായി നിയമസഭയിൽ പറഞ്ഞിരുന്നത്. ഇപ്പോ ഞങ്ങൾക്ക് ഉത്തരവാദിത്തമില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നതെന്നും ബഷീർ വ്യക്തമാക്കി.
കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ പാടത്ത് പാലമാണെങ്കിൽ മലപ്പുറം ജില്ലയിൽ വരുമ്പോൾ ഫില്ലിങ് ആണ്. അതാണ് പ്രശ്നം. കോഴിക്കോട് എലത്തൂർ മുതൽ തൃശൂർ വരെയുള്ള മലപ്പുറം ഭാഗത്ത് ഒന്നോ രണ്ടോ പാലമാണ് കൊടുത്തത്. പാലമാണ് നല്ലതെന്ന് എല്ലാവരും അന്ന് പറഞ്ഞതാണെന്നും ഇപ്പോ ആരുമില്ലെന്നും ബഷീർ പറഞ്ഞു.
മന്ത്രിമാർ തമ്മിൽ അഭിപ്രായ വ്യത്യാസമാണ്. സ്മാർട്ട് റോഡ് പദ്ധതിക്ക് പഞ്ചായത്ത് വകുപ്പ് 67 കോടി കൊടുത്തു. പൊതുമരാമത്ത് വകുപ്പ് ഒന്നും കൊടുത്തില്ല. എന്നിട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രി ഉദ്ഘാടകനായോടെ മന്ത്രി എം.ബി. രാജേഷ് വിട്ടുനിന്നു. സി.പി.എമ്മുകാർ തന്നെയാണ് ഇക്കാര്യങ്ങൾ പറയുന്നത്. അതുകൊണ്ട് മന്ത്രിമാർ ഐക്യമൊന്നും പറയേണ്ടെന്നും ബഷീർ വ്യക്തമാക്കി.
വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ 100 സീറ്റ് നേടി യു.ഡി.എഫ് അധികാരത്തിൽ വരുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. ജനാധിപത്യ പാർട്ടിയായ കോൺഗ്രസിൽ അഭിപ്രായ വ്യത്യാസം തുറന്നു പറയാറുണ്ട്. ഒരു ഘട്ടം വന്നാൽ കോൺഗ്രസ് ഒരുമിച്ച് നിന്ന് യു.ഡി.എഫിനെ വിജയിപ്പിക്കുമെന്ന കാര്യത്തിൽ മുസ് ലിം ലീഗിന് സംശയമില്ലെന്നും പി.കെ. ബഷീർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

