Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘പിരിച്ച തുക എങ്ങനെ...

‘പിരിച്ച തുക എങ്ങനെ വിനിയോഗിക്കണമെന്ന് ലീഗിനറിയാം...പുറത്ത് നിന്നുള്ള മേസ്തിരിമാരുടെ ഉപദേശം വേണ്ട, ചിലർക്ക് കമ്യൂണിസ്റ്റ് ദീനിൽനിന്ന് പുറത്താകുമെന്ന ഭയം’; ജലീലിനെ പരിഹസിച്ച് അബ്ദുറബ്ബ്

text_fields
bookmark_border
‘പിരിച്ച തുക എങ്ങനെ വിനിയോഗിക്കണമെന്ന് ലീഗിനറിയാം...പുറത്ത് നിന്നുള്ള മേസ്തിരിമാരുടെ ഉപദേശം വേണ്ട, ചിലർക്ക് കമ്യൂണിസ്റ്റ് ദീനിൽനിന്ന് പുറത്താകുമെന്ന ഭയം’; ജലീലിനെ പരിഹസിച്ച് അബ്ദുറബ്ബ്
cancel

ഡൽഹിയിൽ ഖാഇദെമില്ലത്ത് സൗധം പണിയാൻ പിരിവ് നടത്താൻ കാണിച്ച ആവേശം ഫണ്ട് വിനിയോഗത്തിന്റെ കാര്യത്തിലും ലീഗ് നേതൃത്വം കാണിക്കണമെന്ന് ഉപദേശിച്ച കെ.ടി ജലീൽ എം.എൽ.എക്ക് മറുപടിയുമായി മുൻ മന്ത്രിയും മുസ്‍ലിം ലീഗ് നേതാവുമായ പി.കെ. അബ്ദുറബ്ബ്.

ലീഗ് പിരിച്ച തുക എങ്ങനെ വിനിയോഗിക്കണമെന്ന് ലീഗിനറിയാമെന്നും പുറത്ത് നിന്നുള്ള മേസ്തിരിമാരുടെ ഉപദേശം തൽക്കാലം പാർട്ടിക്ക് വേണ്ടെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. കുടുക്ക പൊട്ടിച്ച കുഞ്ഞു പൈതങ്ങളെയും ആടിനെ വിറ്റ സുബൈദ താത്തയെയും വഞ്ചിച്ച് പ്രളയ ഫണ്ട് മുക്കിയവരും സക്കാത്ത് വിഹിതം വരെ മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് നൽകിയ വിശ്വാസികളെപ്പോലും അപമാനിച്ചവരും കോവിഡ് കാലത്ത് പി.പി.ഇ കിറ്റിലും ഭക്ഷണക്കിറ്റിന്റെ സഞ്ചിയിലും മാത്രമല്ല, പട്ടിക്ക് കൊടുക്കേണ്ട ഫുഡിൽനിന്ന് വരെ അടിച്ചു മാറ്റിയവരുമാണ് ലീഗിനെ ഉപദേശിക്കാൻ വരുന്നതെന്ന് അദ്ദേഹം പരിഹസിച്ചു. ദിവസവും ലീഗിനെതിരെ ഒന്നോ രണ്ടോ പോസ്റ്റിട്ടിട്ടില്ലെങ്കിൽ, ലീഗിനെ എന്തെങ്കിലും ഉപദേശിച്ചിട്ടില്ലെങ്കിൽ കമ്യൂണിസ്റ്റ് ദീനിൽനിന്ന് പുറത്താകുമോയെന്ന ഭയമാണ് ചിലർക്കെന്നും അദ്ദേഹം കുറിച്ചു.

​അബ്ദുറബ്ബിന്റെ ​പോസ്റ്റിന്റെ പൂർണരൂപം:

ഡൽഹിയിലെ മുസ്‍ലിം ലീഗ് ആസ്ഥാനമന്ദിരത്തിനായി ലീഗ് പിരിച്ച തുക എങ്ങനെ വിനിയോഗിക്കണമെന്ന് ലീഗിനറിയാം... പുറത്ത് നിന്നുള്ള മേസ്തിരിമാരുടെ ഉപദേശം തൽക്കാലം ലീഗ് പാർട്ടിക്കു വേണ്ട. കുടുക്ക പൊട്ടിച്ച കുഞ്ഞു പൈതങ്ങളെയും, ആടിനെ വിറ്റ സുബൈദതാത്തയെയും വഞ്ചിച്ച് പ്രളയ ഫണ്ട് മുക്കിയവർ..! സക്കാത്ത് വിഹിതം വരെ മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് നൽകിയ വിശ്വാസികളെപ്പോലും അപമാനിച്ചവർ..! കോവിഡ് കാലത്ത് പി.പി.ഇ കിറ്റിലും ഭക്ഷണക്കിറ്റിന്റെ സഞ്ചിയിലും മാത്രമല്ല, പട്ടിക്ക് കൊടുക്കേണ്ട ഫുഡിൽ നിന്നു വരെ അടിച്ചു മാറ്റിയവർ...!

മഹാരാജാസിന്റെ മണ്ണിൽ പാർട്ടിക്കു വേണ്ടി വീരമൃത്യു വരിച്ച അഭിമന്യുവിന്റെ പേരിൽ പിരിച്ച കോടികളിൽനിന്നു പോലും കൈയിട്ടു വാരിയവർ....! ഇവരാണ് ലീഗിനെ ഉപദേശിക്കാൻ വരുന്നത്.

ദിവസവും ലീഗിനെതിരെ ഒന്നോ രണ്ടോ പോസ്റ്റിട്ടിട്ടില്ലെങ്കിൽ...ലീഗിനെ എന്തെങ്കിലും ഉപദേശിച്ചിട്ടില്ലെങ്കിൽ...കമ്യൂണിസ്റ്റ് ദീനിൽ നിന്നും പുറത്താകുമോയെന്ന ഭയമാണ് ചിലർക്ക്..! അവരൊക്കെ ഒരു വിരൽ ലീഗിനു നേരെ ചൂണ്ടുമ്പോൾ ബാക്കി നാലു വിരലുകളും അവരുടെ നേർക്കു തന്നെയാണ്....! വണ്ടി വിടപ്പാ...!

കെ.ടി ജലിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

പിരിച്ച ആവേശം വിനിയോഗത്തിലും ഉണ്ടാകണം! ഡൽഹിയിൽ ഖാഇദെമില്ലത്ത് സൗധം പണിയാൻ 25 കോടി ടാർജറ്റിട്ട് 27 കോടിയായ ആവേശത്തിലാണ് മുസ്‍ലിംലീഗ്. പിരിവുകൾ നടന്ന ഘട്ടങ്ങളിലെല്ലാം വിവാദങ്ങളും ലീഗിനെ തേടിയെത്തിയിട്ടുണ്ട്. ഗുജറാത്ത് ഫണ്ട്, സൂനാമി ഫണ്ട്, കത്വ-ഉന്നാവോ ഫണ്ട്... അങ്ങനെ പലതും. ഓൺലൈൻവഴി തെരഞ്ഞെടുപ്പ് വിജയം ആഘോഷിച്ച പോലെ നടത്തിയ വിജയാഹ്ലാദം ഫണ്ട് വിനിയോഗത്തിന്റെ കാര്യത്തിലും ലീഗ് കാണിക്കണം.

കത്വ-ഉന്നാവോ ഫണ്ട് പിരിവുമായി ബന്ധപ്പെട്ട് ഇ.ഡിയിൽ ഒരു കേസ് പോലും നിലവിലുണ്ട്. കുന്നമംഗലം പൊലീസ് സ്റ്റേഷനിലും കുന്ദമംഗലം കോടതിയിലും കേസുകളുണ്ട്. അതിൽനിന്ന് മുഖം രക്ഷിക്കാൻ യൂത്ത് ലീഗ് ദേശീയ നേതാവിന്റെ രാജിക്കത്ത് ലീഗ് നേതൃത്വം വാങ്ങിയതും ആരും മറന്നു കാണില്ല. അതിലെ രണ്ട് പ്രധാന പ്രതികൾ തന്നെയാണ് തെരഞ്ഞെടുപ്പ് കാലത്തെ കമന്ററി പോലെ ഓൺലൈൻ പിരിവിന്റെ ഫലസൂചിക മാലോകരെ അറിയിച്ചതെന്നത് ശുഭകരമല്ല. അത്തരക്കാരെ പൈസയുടെ നാലയലത്ത് പോലും അടുപ്പിക്കാതെ നേതൃത്വം നോക്കിയാൽ നന്ന്. പണവും അവരും കൂടി കണ്ടാൽ കാന്തവും ഇരുമ്പും കണ്ടപോലെയാണ്. ഗുജറാത്ത്-സൂനാമി ഫണ്ടുകളുടെ വിനിയോഗത്തിൽ സംഭവിച്ച വീഴ്ച ഖാഇദെ മില്ലത്ത് സൗധത്തിന്റെ കാര്യത്തിൽ ഉണ്ടാവരുത്. അവ ചോദ്യം ചെയ്തതാണല്ലോ ഈയുള്ളവന്റെ പുറത്താക്കലിൽ കലാശിച്ചത്.

പിരിക്കാൻ കാണിച്ച ആവേശം ഫണ്ട് വിനിയോഗത്തിന്റെ കാര്യത്തിലും ലീഗ് നേതൃത്വം കാണിക്കണം. ഓൺലൈൻ വഴി പണം സ്വരൂപിച്ച പോലെ അതിന്റെ വിനിയോഗവും ഓൺലൈൻ വഴി പണം തന്നവരെ ഇതേ ആവേശത്തോടെ അറിയിക്കാൻ ലീഗിന് ബാധ്യതയുണ്ട്. ഒരാവേശത്തിന് കിണറ്റിലേക്ക് എടുത്തു ചാടുന്നത് പോലെയാണ് ലീഗിന്റെ ധനശേഖരണം. പിന്നെ ആയിരം ആവേശം ഒപ്പം വന്നാലും കിണറ്റിൽനിന്ന് ചാടിയ പോലെ പുറത്ത് കടക്കാൻ ആർക്കും കഴിയാറില്ലല്ലോ? ലീഗിൽ വിശ്വാസമർപ്പിച്ച ഒരു സമൂഹത്തിന്റെ സ്വപ്ന സാക്ഷാത്കാരത്തിലേക്കുള്ള വിയർപ്പുതുള്ളിയുടെ വിലയാണ് സംഭാവനകളായി ഒഴുകിയെത്തിയത്.

ഇത് പാർട്ടിയുടെ തെരഞ്ഞെടുപ്പ് കടം വീട്ടാനും ചന്ദ്രികയുടെ നഷ്ടം നികത്താനും ഉപയോഗിച്ച് ഖാഇദെ മില്ലത്ത് സൗധം പാതി പണി തീർന്ന ഒരു പ്രേതരൂപമായി ഡൽഹിയിൽ നിൽക്കുന്ന അവസ്ഥ ഉണ്ടാകാതെ നോക്കണം. ലീഗ് പ്രവർത്തകർ അത് പൊറുക്കില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PK Abdu Rabbkt jaleelmuslim league
News Summary - PK Abdu Rabb mocking KT Jaleel
Next Story