എഴുപതുകളിൽ ഇതിലും വലുത് ഞാൻ ചെയ്തിട്ടുണ്ട്; ടി.വിക്കും സോഷ്യൽ മീഡിയക്കും പുറത്ത് ആളുകളുണ്ട് -പി.ജെ കുര്യന്‍
text_fieldsപി.ജെ കുര്യന്‍ മാധ്യമങ്ങളോട് പ്രതികരിക്കുന്നു
പത്തനംതിട്ട: യൂത്ത് കോൺഗ്രസിനെ താൻ വിമർശിച്ചത് പാർട്ടിയുടെ നല്ലതിന് വേണ്ടിയാണെന്നും, പറഞ്ഞ കാര്യങ്ങളിൽ മാറ്റമില്ലെന്നും മുതിർന്ന കോൺഗ്രസ് നേതാവ് പി.ജെ. കുര്യൻ. ടി.വി ചാനലിൽ വരാൻ വേണ്ടി മാത്രം സമരം നടത്തരുതെന്നും .വിക്കും സോഷ്യൽ മീഡിയക്കും പുറത്ത് ആളുകളുണ്ടെന്നും ഓർമിപ്പിച്ച കുര്യൻ, എഴുപതുകളിൽ താനും സമരം ചെയ്തിട്ടുണ്ടെന്ന് അവകാശപ്പെട്ടു.
“ഞാൻ പറഞ്ഞതിൽ ദുരുദ്ദേശ്യപരമായി ഒന്നുമില്ല. ആരെയും വിമർശിച്ചിട്ടില്ല. പാർട്ടി താൽപര്യം നോക്കി എനിക്ക് ഉത്തമബോധ്യമുള്ള കാര്യമാണ് പറഞ്ഞത്. മുമ്പും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. വേണമെങ്കിൽ ഇനിയും ഇക്കാര്യം പറയും. ടി.വി ചാനലിൽ വരാൻ വേണ്ടി മാത്രം സമരം നടത്തരുത്. സമൂഹമാധ്യമങ്ങളിലെ അഭിപ്രായങ്ങൾക്ക് ഇംപാക്ട് ഉണ്ടാകാറില്ല. ടി.വിക്കും സോഷ്യൽ മീഡിയക്കും പുറത്ത് 40 ശതമാനം ആളുകൾ ഈ സംസ്ഥാനത്തുണ്ട്. അവരെ ആര് അഡ്രസ്സ് ചെയ്യും?
ബൂത്തുതലത്തിൽ പ്രവർത്തിക്കാൻ ആരുമില്ല. അത് പരിഹരിക്കാൻ തയാറാകണം. സി.പി.എമ്മിന് ശക്തമായ കേഡർ സംവിധാനമുള്ളപ്പോൾ യൂത്ത് കോൺഗ്രസുകാരും സംഘടനയെ ശക്തിപ്പെടുത്താൻ മുന്നിട്ടിറങ്ങണം. പ്രായമായവരുടെ ഉൾപ്പെടെ കാര്യങ്ങൾ സംബോധന ചെയ്യപ്പെടണം. ആരെയും വ്യക്തിപരമായി ഞാൻ കുറ്റപ്പെടുത്തിയിട്ടില്ല. സമരമുഖത്ത് ആളുവേണം. എന്നാൽ അതുമാത്രം പോരാ. ഓരോ പഞ്ചായത്തിലും മുന്നിട്ടിറങ്ങി പ്രവർത്തിക്കാൻ ചെറുപ്പക്കാർ വേണം. അതിന് യൂത്ത് കോൺഗ്രസ് മുന്നിട്ടിറങ്ങണം. ഇല്ലെങ്കിൽ ഈ തെരഞ്ഞെടുപ്പും കോൺഗ്രസ് ജയിക്കില്ല.
ഇവിടുത്തെ കോൺഗ്രസിന് എല്ലാ പിന്തുണയും ഞാൻ നൽകുന്നുണ്ട്. ഇതിലും വലുത് എഴുപതുകളിൽ ഞാൻ ചെയ്തിട്ടുണ്ട്. യൂത്ത് കോൺഗ്രസിന്‍റെ എല്ലാ സമരങ്ങളിലും പോയിട്ടുണ്ട്. വയലാർ രവിക്കും ഉമ്മൻ ചാണ്ടിക്കുമൊപ്പം അന്ന് പ്രവർത്തിച്ചിട്ടുണ്ട്. പിന്നീട് എം.പിയായപ്പോഴും സമരത്തിനു പോയി. ഒരിക്കലും അക്രമാസക്തരായിട്ടില്ല. അങ്ങനെ ചെയ്താൽ പാവപ്പെട്ട ചെറുപ്പക്കാർക്ക് അടികിട്ടും. അതിനോട് യോജിപ്പില്ല” -പി.ജെ. കുര്യൻ പറഞ്ഞു. എസ്.എഫ്.ഐ. മാർച്ചിനെ ചൂണ്ടിക്കാട്ടിയത് ഒരു ഉദാഹരണമായി മാത്രമാണെന്നും ഗ്രൗണ്ടിൽ പ്രവർത്തിക്കണമെന്നും കുര്യൻ കൂട്ടിച്ചേർത്തു.
വിമർശനങ്ങളെ തള്ളി യൂത്ത് കോൺഗ്രസ്
പി.ജെ. കുര്യന്‍റെ വിമർശനത്തിന് ചുട്ട മറുപടിയുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ രംഗത്തെത്തി. ഏതെങ്കിലും നേതാവിന്‍റെ ഗുഡ് സർട്ടിഫിക്കറ്റിന് വേണ്ടിയല്ല യൂത്ത് കോൺഗ്രസ് പ്രവർത്തിക്കുന്നതെന്ന് രാഹുൽ തിരിച്ചടിച്ചു. സംഘടനാ ബോധ്യത്തിന്‍റെ അടിസ്ഥാനത്തിലും നാട്ടിലെ പൊതുസമൂഹത്തിനും വേണ്ടിയുമാണ് യൂത്ത് കോൺഗ്രസിന്‍റെ പ്രവർത്തനം. പിണറായി സർക്കാറിന്‍റെ പി.ആർ വർക്കായ നവകേരളസദസിന്‍റെ കാപട്യത്തെ തുറന്നു കാണിക്കാൻ സാധിച്ച സംഘടനയുടെ പേരാണ് യൂത്ത് കോൺഗ്രസ്. അതിൽ അഭിമാനമുണ്ട്. എല്ലാ തികഞ്ഞതാണെന്നും തിരുത്തൽ വരുത്തേണ്ടതില്ലെന്നുമുള്ള നിലപാടല്ല യൂത്ത് കോൺഗ്രസിനുള്ളത്. ഏതെങ്കിലും തരത്തിൽ മാറ്റം വരുത്തണമെങ്കിൽ അക്കാര്യം ചർച്ച ചെയ്യേണ്ടത് സംഘടനക്കുള്ളിലാണ്. തിരുത്തൽ ആവശ്യമെങ്കിൽ നടപ്പാക്കുമെന്നും രാഹുൽ പറഞ്ഞു.
കഴിഞ്ഞ ദിവസം പത്തനംതിട്ടയിൽ നടന്ന കോൺഗ്രസ് സമര സംഗമം ഉദ്ഘാടന വേദിയിലാണ് എസ്.എഫ്.ഐയെ പുകഴ്ത്തിയും യൂത്ത് കോൺഗ്രസിനെ വിമർശിച്ചും മുതിർന്ന കോൺഗ്രസ് നേതാവ് പി.ജെ. കുര്യൻ രംഗത്തുവന്നത്. എസ്.എഫ്.ഐ ക്ഷുഭിതയൗവനത്തെ കൂടെനിർത്തുകയാണെന്നും എന്നാൽ, യൂത്ത് കോൺഗ്രസ് നേതാക്കളെ ടി.വിയിൽ കാണാമെന്നും അദ്ദേഹം പറഞ്ഞു.
യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ വേദിയിലിരിക്കെയായിരുന്നു പി.ജെ. കുര്യന്റെ വിമർശനം. കെ.പി.സി.സി അധ്യക്ഷൻ, യു.ഡി.എഫ് കൺവീനർ എന്നിവരും വേദിയിലുണ്ടായിരുന്നു. ‘‘യൂത്ത് കോൺഗ്രസിന്‍റെ ജില്ല പ്രസിഡന്റുണ്ട്. അദ്ദേഹത്തെ വലപ്പോഴുമൊക്കെ ടി.വിയിലൊക്കെ കാണും. എന്തുകൊണ്ട് ഓരോ മണ്ഡലത്തിലും പോയി ചെറുപ്പക്കാരെ വിളിച്ചുകൂട്ടുന്നില്ല. എസ്.എഫ്.ഐയുടെ സമരം നിങ്ങൾ കണ്ടില്ലേ. യൂനിവേഴ്സിറ്റിയിൽ ചെന്ന്, അഗ്രസീവായ യൂത്തിനെ അവർ അവരുടെ കൂടെനിർത്തുന്നു’’-പി.ജെ. കുര്യൻ പറഞ്ഞു.
സംസ്ഥാന സർക്കാരിനെതിരേ ശക്തമായ പ്രചാരണം നടക്കുമ്പോഴും സി.പി.എമ്മിന്റെ സംഘടനസംവിധാനം അടിയുറച്ചതാണ്. ഓരോ മണ്ഡലത്തിലും 25 പ്രവർത്തകരെയെങ്കിലും സംഘടിപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ കാര്യമില്ല. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ തന്റെ അഭിപ്രായം മാനിച്ചിരുന്നെങ്കിൽ മൂന്ന് സീറ്റിലെങ്കിലും വിജയിക്കാമായിരുന്നെന്നും കുര്യൻ പറഞ്ഞു. അടൂർ പ്രകാശ് അടക്കം നേതാക്കൾ തന്റെ അഭിപ്രായം അവഗണിച്ചു. ഇത്തവണയും സ്ഥാനാർഥികളെ അടിച്ചേൽപിക്കാനാണ് ശ്രമമെങ്കിൽ വലിയ പരാജയം കാത്തിരിക്കുകയാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
പി.ജെ. കുര്യന്റെ വിമർശനം ഉൾക്കൊള്ളുന്നതായി യോഗത്തിൽ സംസാരിച്ച രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. കുടുംബസംഗമങ്ങളിൽ പ്രവർത്തകരുടെ സാന്നിധ്യം കുറവായാലും തെരുവിൽ കുറയാതിരിക്കാൻ ശ്രമിക്കുമെന്ന് പറഞ്ഞ രാഹുൽ, യോഗം നടക്കുന്ന സമയത്ത് ആലപ്പുഴയിൽ നിന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് മർദിക്കുന്നതിന്റെ വാർത്ത വന്നുകൊണ്ടിരിക്കുന്നുവെന്നും സൂചിപ്പിച്ചു.
എന്നാൽ പി.ജെ. കുര്യന്റെ വിമർശനങ്ങളെ പിന്തുണച്ച് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. കുര്യൻ പറഞ്ഞത് സദുദ്ദേശ്യത്തോടെയാണെന്ന് ചെന്നിത്തല അഭിപ്രായപ്പെട്ടു. ആളില്ലാത്ത മണ്ഡലങ്ങളിൽ യൂത്ത് കോൺഗ്രസ് ആളെക്കൂട്ടണമെന്നും അദ്ദേഹം നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

