പി.ജെ. ജോസഫ് മാറുന്നു, പകരം മകൻ...
text_fieldsകോട്ടയം: കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫിന്റെ മകൻ അപു ജോൺ ജോസഫിനെ തൊടുപുഴയിൽ മൽസരിപ്പിക്കാനൊരുങ്ങി പാർട്ടി. കേരള കോൺഗ്രസ് നേതാക്കൾക്കിടയിൽ ഇതുസംബന്ധിച്ച് ധാരണയായതായാണ് വിവരം. പി.ജെ. ജോസഫിന്റെ പിൻഗാമിയായാണ് അപു ജോസഫ് വരുന്നത്.
ജോസഫ് സജീവ രാഷ്ട്രീയത്തിൽ നിന്നും പിൻമാറും. എന്നാൽ, കേരള കോൺഗ്രസ് ചെയർമാൻ സ്ഥാനത്ത് അദ്ദേഹം തുടരും. വർഷങ്ങളായി തൊടുപുഴയുടെ ജനപ്രതിനിധിയാണ് ജോസഫ്. അദ്ദേഹത്തിന് ആരോഗ്യപ്രശ്നങ്ങളുണ്ട്. ഈ സാഹചര്യത്തിലാണ് മകനെ രംഗത്തിറക്കുന്നത്. അപുവിനെ തൊടുപുഴയിൽ സ്ഥാനാർഥിയാക്കുന്നത് ഗുണം ചെയ്യുമെന്ന വിശ്വാസത്തിലാണ് യു.ഡി.എഫ് നേതൃത്വവും.
കേരള കോൺഗ്രസ് നേതൃനിരയിലെ മോൻസ് ജോസഫ്, ഫ്രാൻസിസ് ജോർജ് ഉൾപ്പെടെ നേതാക്കളുമായും ധാരണയിലെത്തിയിട്ടുണ്ട്. ഇതിനകം അപു തൊടുപുഴയിൽ സജീവ സാന്നിധ്യമായിക്കഴിഞ്ഞു. പി.ജെ. ജോസഫ് പങ്കെടുക്കേണ്ട പല പരിപാടികളിലും അപുവിനെയാണ് പാർട്ടി നേതൃത്വം നിയോഗിക്കുന്നത്.
കെ.എം. മാണിയുടേയും ടി.എം. ജേക്കബിന്റെയും മക്കൾ പാർട്ടി ചെയർമാൻമാരായിട്ടുണ്ടെന്നത് പാർട്ടിയിലെ ഒരുവിഭാഗം ചൂണ്ടിക്കാട്ടുന്നു. എന്നാൽ ജോസഫിന്റെ പിൻഗാമിയാകാൻ കരുത്തുള്ള മറ്റ് നേതാക്കളുണ്ടെന്ന എതിർ വാദവും പാർട്ടിയിലുണ്ട്. അതിനാൽ അപുവിനെ നേരിട്ട് തെരഞ്ഞെടുപ്പ് രംഗത്തിറക്കാനാണ് ഉദ്ദേശം.
കഴിഞ്ഞ ജനുവരിയിലാണ് കേരള കോൺഗ്രസ് സംസ്ഥാന കോഓഡിനേറ്ററായി അപുവിനെ പാർട്ടി ഉന്നതാധികാര സമിതി യോഗം തെരരഞ്ഞെടുത്തത്. അതോടെ സംഘടനാ ഭാരവാഹികളിൽ അപു ആറാം സ്ഥാനത്തായി. അതുവരെ പാർട്ടിയുടെ പ്രൊഫഷനൽ ആൻഡ് ഐ.ടി വിഭാഗം ചെയർമാനായിരുന്നു. നിലവിൽ പാർട്ടിയുടെ എല്ലാ പരിപാടികളിലും സജീവമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

