കോട്ടയം: നിയമസഭ തെരഞ്ഞെടുപ്പിൽ എട്ടു സീറ്റിലധികം നൽകാൻ കഴിയില്ലെന്ന് കോൺഗ്രസ് നേതൃത്വം പി.ജെ. ജോസഫിനെ അറിയിച്ചു. കേരള കോൺഗ്രസ് മാണി വിഭാഗം മത്സരിച്ച സീറ്റുകളെല്ലാം നൽകില്ല. ജയസാധ്യതകൂടി കണക്കിലെടുത്ത് സിറ്റിങ് എം.എൽ.എമാരുടേതും മുതിർന്ന നേതാക്കളുടേതും ഉൾെപ്പടെയാണ് പരമാവധി എട്ടുവരെ നൽകാമെന്ന് കോൺഗ്രസ് നേതൃത്വം ജോസഫിനെ അറിയിച്ചത്. ആദ്യം 15 സീറ്റാണ് ആവശ്യപ്പെട്ടത്. പിന്നീട് 12 ലെത്തി. ഈ ആവശ്യത്തിൽ ജോസഫ് വിഭാഗം ഉറച്ചുനിൽക്കുകയാണ്.
ചങ്ങനാശ്ശേരി, തിരുവല്ല, ഏറ്റുമാനൂർ, തൊടുപുഴ, കാഞ്ഞിരപ്പള്ളി, ഇടുക്കി, കടുത്തുരുത്തി തുടങ്ങിയവ ഇതിൽ ഉൾപ്പെടും. മൂവാറ്റുപുഴ, തിരുവമ്പാടി ഒരുകാരണവശാലും നൽകില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.
നാഷനലിസ്റ്റ് കോൺഗ്രസ് കേരള രൂപവത്കരിച്ച മാണി സി. കാപ്പന് പാലാക്ക് പുറമെ ഒരുസീറ്റുകൂടി നൽകിയേക്കും. കായംകുളമാണ് കാപ്പൻ ആവശ്യപ്പെടുന്നത്. പി.സി. ജോർജിന് പൂഞ്ഞാർ നൽകുന്നതും യു.ഡി.എഫ് പരിഗണനയിലാണ്. ജോർജിന് സീറ്റ് നൽകുന്നതിനെതിരെ േകാട്ടയം ഡി.സി.സിയും ജില്ലയിലെ യു.ഡി.എഫ് നേതാക്കളും എതിർക്കുകയാണ്.