സ്നേഹസൗഹൃദ മഴ നനഞ്ഞ് പി.ജെ. ജോസഫ്
text_fieldsകോട്ടയം: ശതാഭിഷിക്തനായ കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫിന് കോട്ടയം പൗരാവലി നൽകിയ സ്വീകരണച്ചടങ്ങ് സ്നേഹസൗഹൃദങ്ങളുടെ കൂട്ടായ്മയായി. സുഹൃത്തുക്കളുടെ ഔസേപ്പച്ചനും സഹപ്രവർത്തകരുടെ പി.ജെയും ഓർമകളിൽ നിറഞ്ഞു. നന്മയുടെ പ്രകാശഗോപുരമാണ് പി.ജെ. ജോസഫെന്ന് ഗോവ ഗവർണർ ഡോ. പി.എസ്. ശ്രീധരൻപിള്ള ഉദ്ഘാടനപ്രസംഗത്തിൽ പറഞ്ഞു.
ആരോടും വിദ്വേഷമില്ലാതെ പെരുമാറാൻ തന്റെ രാഷ്ട്രീയ ജീവിതത്തിൽ കഴിഞ്ഞെന്ന് പി.ജെ. ജോസഫ് ഓർമിപ്പിച്ചു. ഒരുനല്ല കാര്യമെങ്കിലും ഒരു ദിവസം ചെയ്യണമെന്നതാണ് തന്റെ ചിന്ത. കുറ്റവാളിയെ രക്ഷിക്കാനും നിരപരാധിയെ കേസിൽ കുടുക്കാനും ഒരു പൊലീസ് ഓഫിസറോടും തനിക്ക് ആവശ്യപ്പെടേണ്ടി വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പിതാവിന്റെ കാലം മുതൽ പി.ജെ. ജോസഫുമായുണ്ടായിരുന്ന ആത്മബന്ധമാണ് ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഓർമിച്ചത്. പി.ജെ. ജോസഫിനൊപ്പം ഏറ്റവും കൂടുതൽ യാത്ര ചെയ്തത് ഒരു പക്ഷേ താനായിരിക്കുമെന്നും സ്വദേശത്തും വിദേശത്തും നിരവധിതവണ ഒന്നിച്ച് സഞ്ചരിച്ചതായും ഫ്രാൻസിസ് ജോർജ് എം.പി പറഞ്ഞു.
നിയമസഭയിലേക്ക് തനിക്ക് ആദ്യം അവസരം തന്നതും രാഷ്ട്രീയത്തിൽ വളരാൻ സഹായിച്ചതും പി.ജെ. ജോസഫാണെന്ന് മോൻസ് ജോസഫ് എം.എൽ.എ ഓർത്തു.
വ്യത്യസ്ത അഭിപ്രായങ്ങളുള്ളപ്പോഴും പൊതുപ്രവർത്തകൻ എന്ന നിലയിൽ ഔചിത്യബോധത്തോടെ കാര്യങ്ങൾ കാണാനും നീങ്ങാനും കഴിഞ്ഞു എന്നായിരുന്നു മുതിർന്ന സി.പി.എം നേതാവ് വൈക്കം വിശ്വന്റെ അഭിപ്രായം.
സേക്രഡ് ഹാർട്ട് മൗണ്ട് സ്കൂളിൽ ഒന്നിച്ചുപഠിച്ച ഓർമകളാണ് നടനും നിർമാതാവുമായ പ്രേംപ്രകാശ് പങ്കുവെച്ചത്. ഫാ. മൈക്കിൾ വെട്ടിക്കാട്ട്, കോട്ടയം നഗരസഭ ചെയർപേഴ്സൻ ബിൻസി സെബാസ്റ്റ്യൻ, ഫാ. എമിൽ പുള്ളിക്കാട്ട് തുടങ്ങിയവരും പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.