കോൺഗ്രസ് കാലുവാരിയതാണ് തോൽവിക്ക് കാരണമെന്ന് പി.ജെ. ജോസഫ് വിഭാഗത്തിന്‍റെ പരാതി
text_fieldsതൊടുപുഴ: കോൺഗ്രസ് കാലുവാരിയെന്ന് കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിന്‍റെ പരാതി. കോട്ടയം അതിരമ്പുഴ ജില്ലാ പഞ്ചായത്ത് ഡിവിഷനിലെ തോൽവിയിലാണ് ജോസഫ് വിഭാഗം കോൺഗ്രസിനെ കുറ്റപ്പെടുത്തിയത്. കോൺഗ്രസ് വോട്ട് മറിച്ചതാണ് പാർട്ടി ജില്ലാ പ്രസിഡന്റ് ജെയിസൺ ജോസഫ് തോൽക്കാൻ കാരണമെന്നാണ് പരാതി. പരാതി യു.ഡി.ഫ് നേതൃത്വത്തെ അറിയിക്കണമെന്നാണ് തീരുമാനം.
മാന്നാനത്ത് അടക്കം കോൺഗ്രസ് സ്വാധീനമുള്ള ബൂത്തുകളിൽ ജോസഫ് വിഭാഗം സ്ഥാനാർഥി പിറകിലായി പോയെന്നാണ് ജോസഫ് വിഭാഗം ചൂണ്ടിക്കാണിക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് സീറ്റുകളിൽ വൻ ലീഡ് നേടിയ യു.ഡി.എഫ് ജില്ലാ പഞ്ചായത്തിൽ എങ്ങനെ പുറകിൽ പോയെന്ന ചോദ്യമാണ് കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം ഉയർത്തുന്നത്. യു.ഡി.എഫ് നേതൃത്വത്തെ ഇക്കാര്യം പരാതിയായി അറിയിക്കും. എന്നാൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ചർച്ചകൾ പൂർത്തിയാകും വരെ കടുത്ത പ്രതികരണങ്ങളിലേക്ക് നേതാക്കൾ കടക്കുകയില്ല. ഇതുസംബന്ധിച്ച് നിർദേശവും നൽകിയിട്ടുണ്ട്.
അതേസമയം, അടിത്തറ നഷ്ടപ്പെട്ടവരെ മുന്നണിയിലേക്ക് എടുക്കേണ്ട ആവശ്യമില്ലെന്നും ജോസ് കെ. മാണിയെ പരോക്ഷമായി ലക്ഷ്യം വെച്ചുകൊണ്ട് പി.ജെ ജോസഫ് പറഞ്ഞു. ജനകീയ അടിത്തറ ശക്തിപ്പെടുത്തുക മാത്രമാണ് യു.ഡി.എഫിന്റെ ലക്ഷ്യം. മുന്നണി വികസനം ആദ്യം ചർച്ച ചെയ്യേണ്ടത് യു.ഡി.എഫിലാണ്. ഇതുവരെ അത്തരമൊരു ചർച്ച നടന്നിട്ടില്ല. ജോസ് കെ. മാണിയുടെ പരാമർശങ്ങൾക്ക് മറുപടി അർഹിക്കുന്നില്ലെന്നും പി.ജെ ജോസഫ് പറഞ്ഞു
തദ്ദേശ തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിട്ട കേരള കോൺഗ്രസ് എമ്മിന് വേണ്ടി ഇപ്പോഴും വാതിൽ തുറന്നിട്ടിരിക്കുകയാണെന്ന് യു.ഡി.എഫ് ജോസ് കെ. മാണിയെ അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് എപ്പോൾ വന്നാലും ഇരുകൈനീട്ടി സ്വീകരിക്കാമെന്ന് നേതാക്കൾ ജോസ് കെ.മാണിയേ അറിയിച്ചിട്ടുണ്ടെന്നാണ് സൂചന. എന്നാൽ അപമാനിച്ച് ഇറക്കിവിട്ടതാണെന്നും ഇപ്പോൾ യു.ഡി.എഫിലേക്ക് ഇല്ലെന്നുമാണ് ജോസ് കെ. മാണിയുടെ നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

