‘പോയിട്ട് തിരക്കുണ്ട്, പിന്നെ വരാം...’ തിരുവഞ്ചൂരിന്റെ ശബ്ദത്തിൽ ഉരുളക്കുപ്പേരിയുമായി പിഷാരടി; ‘മുഖ്യമന്ത്രിയെ കാണുമ്പോൾ ചിലപ്പോൾ സങ്കടം തോന്നും’
text_fieldsരമേഷ് പിഷാരടി എം.എൽ.എ, സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മുഖ്യമന്ത്രി വി.ഡി. സതീശൻ
കൊച്ചി: രമേഷ് പിഷാരടിയുടെ വീട്ടിലേക്ക് തന്നെ ക്ഷണിച്ചില്ലെന്ന സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ പരാതിക്ക്, അദ്ദേഹത്തിന്റെ തന്നെ ശബ്ദം അനുകരിച്ച് ഉരുളക്കുപ്പേരിയെന്ന നിലയിൽ മറുപടി നൽകി പിഷാരടി. ക്ഷണിച്ചപ്പോൾ, ‘പോയിട്ട് തിരക്കുണ്ട്, മറ്റൊരു അവസരത്തിൽ വരാം’ എന്ന് തിരുവഞ്ചൂർ തന്നെ പറഞ്ഞതാണെന്നും എന്നിട്ട് ഇപ്പോൾ ഞാൻ വിളിച്ചില്ലെന്ന് പറയുകയാണെന്നും പിഷാരടി പറഞ്ഞു. കൈയടിയോടെയാണ് സദസ്സ് ഇത് ഏറ്റെടുത്തത്.
മരട് മാങ്കായിൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന്റെ പുതിയ കെട്ടിട നിർമ്മാണ ശിലാസ്ഥാപന ചടങ്ങിലായിരുന്നു രസകരമായ സംഭവം. ‘തിരുവഞ്ചൂർ സാറിനോട് ഞാൻ വീട്ടിലോട്ട് വരുന്നോ എന്ന് ചോദിച്ചപ്പോൾ ‘പോയിട്ട് തിരക്കുണ്ട്, മറ്റൊരു അവസരത്തിൽ വരാം’ എന്ന് പറഞ്ഞു. എന്നിട്ട് പറയുവാ ഞാൻ വിളിച്ചില്ലന്ന്. ആയിക്കോട്ടെ കുഴപ്പമില്ല’ -പിഷാരടി പറഞ്ഞു. നിയമസഭയിൽ തിരുവഞ്ചൂരിനെ പോലുള്ള ആളുകളുടെ രസകരമായ പെരുമാറ്റം വളരെ റിലാക്സിങ് ആണെന്നും, അധികാരം ഒരു അസുഖമായി മാറാതെ സന്തോഷത്തോടെ എല്ലാ ജനങ്ങളിലേക്കും എത്തിക്കുന്നതാണ് ജനാധിപത്യത്തിന്റെ യഥാർത്ഥ ഭംഗിയെന്നും അദ്ദേഹം പറഞ്ഞു.
സമയത്തിനിപ്പോൾ സ്വർണത്തേക്കാൾ വിലയുള്ള ആളുകൾ വേദിയിൽ ഉണ്ട് എന്ന ബോധ്യം ഉള്ളതിനാൽ സുദീർഘമായ സംസാരത്തിന് മുതിരുന്നില്ല എന്നു പറഞ്ഞുകൊണ്ടാണ് പിഷാരടി സംസാരം തുടങ്ങിയത്.
‘എം.എൽ.എ ആയ ശേഷം സ്വന്തം മണ്ഡലത്തിന് പുറത്തേക്കുള്ള യാത്രകൾ അല്പം കുറച്ചിരിക്കുകയാണ്. പാലക്കാട് ഏഴെട്ട് ദിവസം നിന്ന ശേഷം ഒമ്പതാമത്തെ ദിവസം തൃപ്പൂണിത്തുറയിൽ മകളുടെ പിറന്നാളിന് കടയിൽ പോയപ്പോൾ 'നീയിവിടെ കറങ്ങി നടക്കുകയാണോ, പാലക്കാട്ട് പോകുന്നില്ലേ' എന്ന് ഇരുപത്തഞ്ചോളം ആളുകളാണ് ചോദിച്ചത്. എവിടെ പോയാലും അത് ഉടൻ തന്നെ ഓൺലൈനിൽ വരികയും ചെയ്യും.
'കോൻ ബനേഗാ കരോർപതി'യിലെ 'ഫോൺ എ ഫ്രണ്ട്' റൗണ്ട് പോലെയാണ് എനിക്ക് കെ. ബാബുച്ചേട്ടൻ. ഒരു പുതിയ എം.എൽ.എ എന്ന നിലയിൽ എന്ത് തീരുമാനം എടുക്കണം എന്നറിയാത്ത ഘട്ടങ്ങൾ വരും. അപ്പോൾ ബാബുച്ചേട്ടാ ഇങ്ങനെ ഒരു സിറ്റുവേഷൻ ഉണ്ട് ഇതിന എന്താണ് ചെയ്യേണ്ടത് എന്ന് ചോദിച്ചാൽ അപ്പോൾ തന്നെ ഏറ്റവും സരസവും ലളിതവും പ്രായോഗികവുമായ ഒരു മറുപടി എനിക്ക് ബാബുചേട്ടനിൽനിന്ന് കിട്ടും. ഇത് വലിയ സന്തോഷമുള്ള ഒരു കാര്യമാണ്. പഠിച്ചതിനേക്കാൾ അനുഭവപരിചയം കൊണ്ടുള്ള പ്രായോഗിക ചിന്തയാണ് വലുത്.
പരിചയസമ്പന്നരായ മുഖ്യമന്ത്രി, സ്പീക്കർ, മുതിർന്ന എം.എൽ.എമാർ എന്നിവരോടൊപ്പം പ്രവർത്തിക്കാൻ സാധിക്കുന്നത് വലിയ ഭാഗ്യമാണ്. ഒരു ഹയറാർക്കിയും കാത്തുസൂക്ഷിക്കാതെ സ്നേഹത്തോടെയും അനുഭാവപൂർവ്വവും ചേർത്തുപിടിക്കുന്ന നേതൃത്വമാണ് ഇവിടെയുള്ളത്. ജനങ്ങൾക്ക് യാതൊരു ഭയവുമില്ലാതെയും ആരും തടയില്ലെന്ന ഉറപ്പോടെയും മന്ത്രിമാരുടെയും മുഖ്യമന്ത്രിയുടെയും അടുത്തേക്ക് കടന്നുചെല്ലാൻ സാധിക്കുമ്പോഴാണ് ജനാധിപത്യത്തിന് ഏറ്റവും സൗന്ദര്യമുണ്ടാകുന്നത്. നിയമസഭയിൽ ദിവസവും എത്തുന്ന ആയിരക്കണക്കിന് ആളുകളുടെ വൈവിധ്യമാർന്ന പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയെ കാണുമ്പോൾ സ്നേഹവും ബഹുമാനവും തോന്നുന്നതിനൊപ്പം ചിലപ്പോൾ സങ്കടവും തോന്നാറുണ്ട്’ -പിഷാരടി പറഞ്ഞു.
മാങ്കായിൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന്റെ പുതിയ കെട്ടിട നിർമ്മാണത്തിന്റെ ശിലാസ്ഥാപനവും ആദ്യഘട്ട പ്രവർത്തനങ്ങളുടെ പൂർത്തീകരണ ഉദ്ഘാടനവും വി.ഡി. സതീശൻ നിർവഹിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സ്കൂൾ കെട്ടിട നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്. ജന്മനാടായ മരടുമായുള്ള ആത്മബന്ധവും നാട്ടുകാരുടെ സ്നേഹവും പിന്തുണയും എന്നും മനസ്സിലുണ്ടാകുമെന്നും മരടിൽ എത്തിയപ്പോൾ പഴയകാല ഓർമ്മകൾ മനസ്സിൽ നിറഞ്ഞതായും സതീശൻ പറഞ്ഞു.
ചടങ്ങിന്റെ ഭാഗമായി മരട് നഗരസഭയുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ മുഖ്യമന്ത്രിക്ക് സ്വീകരണം നൽകി. സ്വീകരണ ചടങ്ങിന്റെ ഉദ്ഘാടനം നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു. മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം നേടിയ വൈക്കം വിജയലക്ഷ്മിയെ ചടങ്ങിൽ ആദരിച്ചു. എം.എൽ.എമാരായ ദീപക് ജോയ്, മുഹമ്മദ് ഷിയാസ്, മുൻ മന്ത്രി കെ. ബാബു, ഡൊമിനിക് പ്രസന്റേഷൻ, മരട് നഗരസഭ ചെയർപേഴ്സൺ അജിതാ നന്ദകുമാർ, വൈസ് ചെയർമാൻ ജിൻസൺ പീറ്റർ, മുൻ ചെയർപേഴ്സൺ സുനില സിബി തുടങ്ങിയവർ സംസാരിച്ചു.

