സഭ തർക്കം വീണ്ടും സജീവമാകുന്നു വിധി നടപ്പാക്കണമെന്ന ആവശ്യവുമായി ഓർത്തഡോക്സ് സഭ
text_fieldsകോലഞ്ചേരി: പിറവം പള്ളി കേസിൽ ഓർത്തഡോക്സ് സഭക്ക് അനുകൂലമായ സുപ്രീംകോടതി വിധി ഇടവേളക്ക് ശേഷം സഭ തർക്കം വീണ്ടും സജീവമാക്കുന്നു. നിലനിൽപിനായി യാക്കോബായ സഭയും വിധി നടപ്പാക്കണമെന്ന ആവശ്യവുമായി ഓർത്തഡോക്സ് സഭയും നിലപാട് കർശനമാക്കിയതോടെ പ്രശ്നം സംസ്ഥാന സർക്കാറിന് തലവേദനയാവുകയാണ്. യാക്കോബായ വിശ്വാസികൾക്ക് ഭൂരിപക്ഷമുള്ള പിറവം രാജാധിരാജ വലിയ പള്ളിയും 1934ലെ മലങ്കര സഭ ഭരണഘടനയനുസരിച്ച് ഭരിക്കേണ്ടതാണെന്ന വിധിയോടെയാണ് പള്ളിയുടെ നിയന്ത്രണം ഓർത്തഡോക്സ് വിഭാഗത്തിന് നൽകി കഴിഞ്ഞ 19ന് കോടതി വിധി പറഞ്ഞത്. കഴിഞ്ഞ ജൂലൈ മൂന്നിലെ സുപ്രീംകോടതി ഉത്തരവിന് കോടതി കൃത്യത വരുത്തുകയും ചെയ്തു. അന്നത്തെ വിധി മലങ്കരയിലെ മുഴുവൻ പള്ളികൾക്കും ബാധകമാണെന്നും വിധി നടത്തിപ്പ് സർക്കാറിെൻറയും കീഴ്കോടതികളുെടയും ഉത്തരവാദിത്തമാണെന്നും കോടതി നിരീക്ഷിച്ചു.
കോടതി വിധി നടപ്പായാൽ നിലവിലെ മുഴുവൻ പള്ളികളും നഷ്ടപ്പെടുമെന്നതാണ് യാക്കോബായ വിഭാഗത്തിന് തിരിച്ചടിയാകുന്നത്. കോലഞ്ചേരി, കണ്യാട്ടുനിരപ്പ്, നെച്ചൂർ, വരിക്കോലി, മണ്ണത്തൂർ അടക്കം യാക്കോബായ വിഭാഗത്തിന് ഭൂരിപക്ഷമുള്ള 13 പള്ളികളാണ് ഒമ്പത് മാസത്തിനിടെ നഷ്ടമായത്. ഇവിടങ്ങളിൽ കാര്യമായ പ്രതിഷേധവുമുണ്ടായില്ല. ഇതോടെയാണ് പിറവം കേന്ദ്രീകരിച്ച് ശക്തമായ പ്രതിരോധം കെട്ടിപ്പടുക്കാൻ യാക്കോബായ വിഭാഗത്തെ േപ്രരിപ്പിക്കുന്നത്.
ചൊവ്വാഴ്ച മൂവാറ്റുപുഴ അരമനയിൽ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവയുടെ അധ്യക്ഷതയിൽ ഓർത്തഡോക്സ് നേതൃയോഗം ചേർന്നിരുന്നു. കോടതി ഉത്തരവിെൻറ പകർപ്പ് ലഭിച്ചാലുടൻ മുഖ്യമന്ത്രിെയയും മറ്റ് ഉദ്യോഗസ്ഥെരയും ഇക്കാര്യം ബോധ്യപ്പെടുത്തുമെന്ന് പള്ളിയുടെ ചുമതലയുള്ള ഓർത്തഡോക്സ് സഭ കണ്ടനാട് ഈസ്റ്റ് ഭദ്രാസനാധിപൻ ഡോ. തോമസ് മാർ അത്തനാസിയോസ് മെത്രാപ്പോലീത്ത ‘മാധ്യമ’ത്തോട് പറഞ്ഞു. എന്നാൽ, ബഹുഭൂരിപക്ഷം വരുന്ന യാക്കോബായ വിശ്വാസികൾക്ക് ആരാധന സ്വാതന്ത്ര്യം ഉറപ്പാക്കേണ്ട ഉത്തരവാദിത്തം സർക്കാറിനുണ്ടെന്നും സർക്കാർ അവരോട് അനീതി കാണിക്കില്ലെന്നാണ് കരുതുന്നതെന്നും യാക്കോബായ സഭ മീഡിയ സെൽ ചെയർമാൻ ഡോ. കുര്യാക്കോസ് മാർ തെയോഫീലോസ് മെത്രാപ്പോലീത്ത ‘മാധ്യമ’ത്തോട് പറഞ്ഞു.
യാക്കോബായ സഭയിൽ നിയമനടത്തിപ്പുകളിൽ നേതൃത്വത്തിെൻറ വീഴ്ചയാണ് ഇപ്പോഴത്തെ സംഭവങ്ങൾക്കിടയാക്കിയതെന്നാരോപിച്ച് സഭ ട്രസ്റ്റി തമ്പു ജോർജ്, സെക്രട്ടറി ജോർജ് മാത്യു, കാതോലിക്കയുടെ സെക്രട്ടറി ഫാ. ഷാനു എന്നിവർക്കെതിരെ ഒരുവിഭാഗം രംഗത്തുവന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
