'വി.എസിനെ മാരാരിക്കുളത്ത് കരുതിക്കൂട്ടി തോൽപിച്ചു, 1996ൽ മുഖ്യമന്ത്രിയാകാതിരിക്കാൻ വനിതയാവട്ടെ മുഖ്യമന്ത്രിയെന്ന് പ്രചരിപ്പിച്ചു, വന്നതാകട്ടെ ഇ.കെ.നായനാരും'; തുറന്നെഴുതി പിരപ്പൻകോട് മുരളി
text_fieldsതിരുവനന്തപുരം: സി.പി.എമ്മിലെ ഒരുവിഭാഗം വി.എസ്. അച്യുതാനന്ദനെതിരെ നടത്തിയ നീക്കങ്ങൾ വിവരിച്ച് മുൻ സംസ്ഥാന കമ്മിറ്റി അംഗവും മുൻ എം.എൽ.എയുമായ പിരപ്പൻകോട് മുരളിയുടെ പുസ്തകം. ‘വി.എസ്: കമ്യൂണിസ്റ്റ് അവതാരം’ എന്ന പുസ്തകത്തിലാണ് വി.എസിനെ പാർട്ടിയുടെ വിവിധ ഘടകങ്ങളിൽനിന്ന് പുറത്താക്കാൻ ശ്രമം നടത്തിയതായി വിവരിക്കുന്നത്.
2012ൽ നടന്ന തിരുവനന്തപുരം സംസ്ഥാന സമ്മേളനത്തിൽ യുവ വായാടി ചർച്ചയിൽ പങ്കെടുത്ത് വി.എസിന് കാപിറ്റൽ പണിഷ്മെന്റ് നൽകണമെന്ന് ആവശ്യപ്പെട്ടു. ഒരുകൂട്ടം സംഘടിതമായി ഇക്കാര്യത്തിൽ ധാരണയുണ്ടാക്കിയാണ് ചർച്ചയിൽ ഇടപെട്ടത്. ഇതുകേട്ട് അന്ന് വേദിയിലുണ്ടായിരുന്നവർ ചിരിക്കുകയായിരുന്നു.
കോഴിക്കോട്ട് നടന്ന 2012ലെ പാർട്ടി കോൺഗ്രസിൽ വി.എസിനെ കേന്ദ്ര കമ്മിറ്റിയിൽ നിന്നൊഴിവാക്കാൻ ഭരണഘടന ഭേദഗതിക്ക് വരെ കേരള ഘടകം ശ്രമിച്ചു. 80 വയസ്സ് കഴിഞ്ഞവർ പാർട്ടിയിലോ 75 കഴിഞ്ഞവർ പാർലമെന്ററി രംഗത്തോ വേണ്ട എന്നുകാട്ടി പ്രമേയത്തിനടക്കം ശ്രമിച്ചു. ഇത് വി.എസിനെ കേന്ദ്ര കമ്മിറ്റിയിൽ നിന്നൊഴിവാക്കാനുള്ള ഒരുവിഭാഗത്തിന്റെ ശ്രമമായിരുന്നുവെന്നും പുസ്തകത്തിൽ വിവരിക്കുന്നു.
വി.എസിനെ കേന്ദ്ര കമ്മിറ്റിയിൽ നിന്നൊഴിവാക്കാനുള്ള പിണറായി പക്ഷത്തിന്റെ ശ്രമം തടഞ്ഞത് മറ്റു സംസ്ഥാനങ്ങളിലെ നേതാക്കളാണ്. ആലപ്പുഴ സംസ്ഥാന സമ്മേളനത്തിൽ അദ്ദേഹത്തെ പാർട്ടി വിരുദ്ധനായി ചിത്രീകരിക്കാൻ ശ്രമമുണ്ടായി. 2005 ലെ മലപ്പുറം സമ്മേളനത്തിലും അദ്ദേഹത്തിനെതിരെ പിണറായി പക്ഷം നീക്കം നടത്തിയെന്നും പുസ്തകത്തിൽ മുരളി ആരോപിക്കുന്നു.
1996-ല്‍ ഒരു വനിതയാവട്ടെ മുഖ്യമന്ത്രി എന്ന അഭിപ്രായം വി.എസ് വിരുദ്ധര്‍ മുന്നോട്ടുവെച്ചത് വി.എസ്സിനെ മുഖ്യമന്ത്രി ആക്കാതിരിക്കാനായിരുന്നുവെന്നും പിരപ്പന്‍കോട് മുരളി പുസ്തകത്തില്‍ പറയുന്നു.
മാരാരിക്കുളത്ത് കരുതിക്കൂട്ടിയാണ് വി.എസിനെ തോല്പിച്ചതെന്നും പാര്‍ട്ടി സംസ്ഥാന കമ്മറ്റി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ നിശ്ചയിക്കാന്‍ കൂടിയ യോഗത്തില്‍ സുശീല ഗോപാലന്റെ പേര് മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിര്‍ദ്ദേശിക്കപ്പെട്ടെങ്കിലും ഉടന്‍ തന്നെ ഇ.കെ നായനാരുടെ പേരും നിര്‍ദേശിക്കപ്പെടുകയും ആ തെരഞ്ഞെടുപ്പില്‍ മത്സരിക്കാതിരുന്ന, എം.എല്‍.എ ആവാതിരുന്ന ഇ.കെ നായനാര്‍ രണ്ടു വോട്ടിന്റെ ഭൂരിപക്ഷത്തില്‍ മുഖ്യമന്ത്രിയായി തിരഞ്ഞടുക്കപ്പെട്ടുവെന്നും പുസ്തകത്തിലുണ്ട്.
വി.എസ് അന്തരിച്ചപ്പോൾ ഇക്കാര്യങ്ങളടക്കം ചൂണ്ടിക്കാട്ടി ലേഖനമെഴുതിയ മുരളിയെ തള്ളി സി.പി.എം രംഗത്തുവന്നിരുന്നു. മുരളിക്ക് ഇപ്പോൾ പാർട്ടിയുമായി ബന്ധമില്ലെന്നും പുസ്തകം വിറ്റുപോകാനാണ് കള്ളങ്ങൾ എഴുതുന്നതെന്നുമായിരുന്നു സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

