വി.എസിന് ‘കാപിറ്റൽ പണിഷ്മെന്റ്’ ഉള്ളതുതന്നെ; തുറന്നുപറഞ്ഞ് പിരപ്പൻകോട് മുരളി
text_fieldsതിരുവനന്തപുരം: വി.എസ്. അച്യുതാനന്ദന് ‘കാപിറ്റൽ പണിഷ്മെന്റ്’ നൽകണമെന്ന് സംസ്ഥാന സമ്മേളനത്തിൽ ആവശ്യമുയർന്നത് ശരിവെച്ചും, മാരാരിക്കുളത്ത് ചതിയിലൂടെയാണ് പാർട്ടി അദ്ദേഹത്തെ തോൽപിച്ചതെന്ന് വെളിപ്പെടുത്തിയും സി.പി.എം മുൻ സംസ്ഥാന കമ്മിറ്റി അംഗം പിരപ്പൻകോട് മുരളി. വിഭാഗീയതക്ക് നേതൃത്വം നൽകുന്ന വി.എസിന് കാപിറ്റൽ പണിഷ്മെന്റ് നൽകണമെന്ന സമ്മേളന പ്രതിനിധിയായ യുവാവിന്‍റെ പ്രസംഗംകേട്ട് വേദിയിലെ നേതാക്കൾ ചിരിച്ചു. ആ യുവാവാകട്ടെ പെട്ടെന്നുതന്നെ സംസ്ഥാന കമ്മിറ്റിയിലേക്കും സെക്രട്ടേറിയറ്റിലേക്കും എത്തിയെന്നും അന്നത്തെ സമ്മേളന പ്രതിനിധിയും മുൻ എം.എൽ.എയുമായ മുരളി മാധ്യമങ്ങളോട് പറഞ്ഞു.
1996ലെ തെരഞ്ഞെടുപ്പിൽ ഭരണം നേടിയാൽ വി.എസ് മുഖ്യമന്ത്രിയാവുമായിരുന്നു. അതിനാൽതന്നെ ചതിയിലൂടെ മാരാരിക്കുളത്ത് അദ്ദേഹത്തെ തോൽപിച്ചു. തന്‍റെ കഴിവും സ്വാധീനവും കൊണ്ടല്ല, സി.പി.എമ്മുകാർ സഹായിച്ചതുകൊണ്ടാണ് വി.എസിനെ തനിക്ക് തോൽപിക്കാനായതെന്ന് അന്ന് ജയിച്ച പി.ജെ. ഫ്രാൻസിസ് പാലക്കാട് നടന്ന ഒരു ചടങ്ങിനിടെ തന്നോട് വ്യക്തമാക്കിയിരുന്നു. രണ്ട് കേന്ദ്ര കമ്മിറ്റി അംഗങ്ങളും ഒരു സംസ്ഥാന കമ്മിറ്റി അംഗവുമാണ് വി.എസിനെ തോലപിക്കാൻ ശ്രമിച്ചത്. ഇവർക്കെതിരെ നടപടിയെടുത്തില്ല. ജില്ലാ കമ്മിറ്റി അംഗത്തിനെതിരെയാണ് അച്ചടക്ക പാർട്ടിയുണ്ടായത്.
വി.എസ് വീണ്ടും മുഖ്യമന്ത്രിയാവുമെന്നതിനാൽ ജയിക്കാവുന്ന സീറ്റുകള്‍ പലതും ബോധപൂര്‍വം തോല്‍പ്പിച്ച് 2011ലെ തുടര്‍ഭരണം പാർട്ടി സംസ്ഥാന നേതൃത്വം നഷ്ടപ്പെടുത്തുകയായിരുന്നു. പുറത്തിറങ്ങാനിരിക്കുന്ന ‘വി.എസ്: കമ്യൂണിസ്റ്റ് മനുഷ്യാവതാരം’ എന്ന തന്‍റെ പുസ്തകത്തിൽ രാഷ്ട്രീയ കേരളം ചര്‍ച്ച ചെയ്ത നിരവധി വിവാദങ്ങൾക്ക് ഉത്തരമുണ്ടാകും. 2016ല്‍ ആദ്യഘട്ടത്തിലെങ്കിലും വി.എസിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ടതിന്‍റെ പേരിലാണ് തനിക്ക് പാർട്ടി സ്ഥാനങ്ങൾ നിഷേധിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

