രാഹുൽ ഗാന്ധിക്കെതിരായ പിണറായിയുടെ പ്രസ്താവന പരാജയഭീതിയിൽനിന്ന്; അവജ്ഞയോടെ തള്ളിക്കളയുന്നെന്നും രമേശ് ചെന്നിത്തല
text_fieldsരമേശ് ചെന്നിത്തല
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ രാഹുൽഗാന്ധിക്കെതിരെയും പ്രതിപക്ഷനേതാവ് വി.ഡി. സതീശനെതിരെയും നടത്തിയ പ്രസ്താവനകൾ പരാജയഭീതി മറച്ചുവെക്കാനുള്ള തന്ത്രമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പിണറായി വിജയന്റെ പ്രസ്താവന അവജ്ഞയോടെ തള്ളിക്കളയുന്നു. കോൺഗ്രസ് 100 സീറ്റിൽ അധികം നേടി അധികാരത്തിൽ എത്തും എന്ന തിരിച്ചറിവാണ് പിണറായിയെ വിലകുറഞ്ഞ പരാമർശങ്ങൾ നടത്താൻ പ്രേരിപ്പിക്കുന്നത്. മുഖ്യമന്ത്രി സംസാരിക്കുന്നത് ബി.ജെ.പിയുടെ ഭാഷയിലും ശബ്ദത്തിലുമാണെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
ബി.ജെ.പിക്ക് സംസ്ഥാനത്ത് എം.എൽ.എമാരെ ഉണ്ടാക്കാനുള്ള ക്വട്ടേഷനും പിണറായി വിജയൻ ഏറ്റെടുത്തിട്ടുണ്ട്. മോദി പിണറായി ഡീലുകളാണ് ഇതിന് പിന്നിൽ.
ശബരിമല സ്വര്‍ണക്കേസില്‍നിന്നു ജനങ്ങളുടെ ശ്രദ്ധതിരിക്കാനും സ്വര്‍ണക്കൊള്ള മറക്കാനുമുള്ള സര്‍ക്കാര്‍ ശ്രമം പാഴായത് പിണറായി സർക്കാറിന്റെ മുഖത്തേറ്റ അടിയാണ്. സർക്കാർ ശക്തമായ സമ്മർദം ചെലുത്തിയിട്ടും കൊടിമരം പുനര്‍നിര്‍മാണത്തില്‍ തെളിവില്ലാത്തതില്‍ വിജിലന്‍സിന് കേസ് എടുക്കാന്‍ സാധിച്ചില്ല. പ്രയാര്‍ ഗോപാലകൃഷ്ണന്‍ പ്രസിഡന്റായിരുന്ന യു.ഡി.എഫ് ഭരണസമിതിക്കെതിരെ സര്‍ക്കാര്‍ ഗൂഢലക്ഷ്യത്തോടെ ഉയര്‍ത്തിക്കൊണ്ടു വന്ന ആരോപണമാണ് ഇതോടെ ഇല്ലാതായതെന്നും ചെന്നിത്തല പറഞ്ഞു.
യു.ഡി.എഫ് സ്ഥാനാർഥികളെ ഇടതു വിദ്യാർഥി സംഘടനകൾ കലാലയങ്ങളിൽ കായികമായി നേരിടുന്നത് അംഗീകരിക്കാൻ ആവില്ല. സ്വതന്ത്രമായി വോട്ട് ചോദിക്കാനുള്ള ജനാധിപത്യ അവകാശം ഉറപ്പാക്കണമെന്നും വിദ്യാർഥി സംഘടനകളെ നിലക്ക് നിർത്താൻ ഇടത് നേതൃത്വം തയാറാകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
പരാജയഭീതിയിലായ ഇടത് നേതൃത്വത്തിന്റെ നിർദേശങ്ങളെ തുടർന്നാണ് സ്ഥാനാർഥികളെ തടയുന്നതെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

