ബിനീഷ് കോടിയേരി വിഷയത്തിലെ പിണറായിയുടെ നിലപാട് ചർച്ചയാക്കി സാമൂഹിക മാധ്യമങ്ങൾ
text_fieldsതിരുവനന്തപുരം: സി.പി.എം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരി ഉൾപ്പെട്ട ഇ.ഡി കേസിൽ അന്ന് മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനെടുത്ത നിലപാട് വീണ്ടും സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയാകുന്നു. 2020-ൽ ബിനീഷ് കോടിയേരിയുടെ വീട്ടിൽ ഇ.ഡി മണിക്കൂറുകൾ നീണ്ട റെയ്ഡ് നടത്തുമ്പോൾ സി.പി.എം സംസ്ഥാന സെക്രട്ടറി കൂടിയായിരുന്നു കോടിയേരി. അന്ന് പിണറായി പറഞ്ഞതിങ്ങനെ: ‘ഇത് ഒരന്വേഷണ ഏജൻസിയുടെ അന്വേഷണവുമായി ബന്ധപ്പെട്ട കാര്യമാണ്. എന്താണ് അവരുടെ കയ്യിലുള്ളതെന്ന് അറിയാതെ അതു സംബന്ധിച്ച് ഒന്നും പറയാനാകില്ല. എന്തെങ്കിലും നിയമവിരുദ്ധമായ കാര്യം നടന്നിട്ടുണ്ടെങ്കിൽ നാട്ടിൽ നിയമങ്ങളുണ്ട്. അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ആ കുടുംബം സ്വീകരിക്കും’. ഇന്നലെ പിണറായി വിജയന്റെ വീടിനുമുൻപിൽ പ്രതിഷേധിക്കാനെത്തിയ ബിനീഷ് കോടിയേരി പറഞ്ഞതിങ്ങനെ: ‘പിണറായിയുടെ കുടുംബം പാർട്ടി കുടുംബമെന്ന നിലയിൽ എന്റെ കൂടി കുടുംബമാണ്. എനിക്കൊരു പ്രശ്നം വന്നപ്പോൾ മറ്റുള്ളവരെല്ലാം എങ്ങനെ ചിന്തിച്ചുവെന്നു ഞാൻ നോക്കേണ്ട അവസരമല്ല ഇത്. ഇക്കാര്യത്തിൽ പാർട്ടി നിലപാടിനൊപ്പമാണ്. സഖാവ് കോടിയേരി ഇപ്പോൾ ഉണ്ടായിരുന്നെങ്കിൽ എടുക്കുമായിരുന്ന നിലപാട് എന്താണോ അതാണു ഞാൻ എടുക്കുന്നത്’. ഈ സാഹചര്യത്തിൽ പിണറായിയുടെ പഴയ പ്രസ്താവന ചർച്ചകളിൽ നിറയുന്നത്.
മാസപ്പടിക്കേസിലെ ഇ.ഡി പരിശോധനയിൽ കസ്റ്റഡിയിലെടുത്ത മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ ഫോൺ പരിശോധന നിർണായകം. ശാസ്ത്രീയ പരിശോധനയ്ക്കായി ഫോൺ കോടതിയിൽ സമർപ്പിക്കും. ഇന്നലെ റെയ്ഡിൽ വീണയുടെ സ്വകാര്യ ഫോണും പിടിച്ചെടുത്തിരുന്നു. വീണയുടെ മൂന്ന് ബാങ്ക് അക്കൗണ്ടുകളും ഇതിനകം തന്നെ ഇ.ഡി മരവിപ്പിച്ചിട്ടുണ്ട്. ഡിജിറ്റൽ തെളിവുകൾ പി.എം.എൽ.എ കോടതിയിൽ സമർപ്പിക്കും. പിണറായിയുടെ വീട്ടിലെ പരിശോധയിലും രേഖകൾ കണ്ടെത്തിയതായി ഇ.ഡി പറയുന്നു. റെയ്‌ഡിനിടയിലെ അക്രമങ്ങൾ പെട്ടെന്ന് ഉണ്ടായതല്ലെന്നും ഇതിന് പിന്നിൽ ആസൂത്രണം ഉണ്ടെന്നുമാണ് പ്രാഥമിക വിലയിരുത്തൽ. വിശദാംശങ്ങൾ ഡയറക്ടറേറ്റിന് കൈമാറി. എച്ച്ഡിഎഫ്‌സി ബാങ്കിലെ അക്കൗണ്ടാണ് മരവിപ്പിച്ചത്. വീണയുടെ ബാങ്ക് സ്ഥിരനിക്ഷേപത്തിന്റെ രേഖകളും ഇഡി പിടിച്ചെടുത്തിരുന്നു.
242 അക്കൗണ്ടുകളിലായി ഏകദേശം 18.36 കോടി രൂപ മരവിപ്പിച്ചതായി ഇഡി.പരിശോധനയില്‍ രേഖകള്‍/ അക്കൗണ്ടുകള്‍, ഡിജിറ്റല്‍ തെളിവുകള്‍, നിക്ഷേപങ്ങള്‍/ ബാങ്ക് എഫ്ഡി എന്നിവ കണ്ടെത്തിയതായും ഇ.ഡി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. കണ്ടെത്തിയ തെളിവുകള്‍ പരിശോധിച്ചു വരികയാണ്. സി.എം.ആര്‍.എല്ലില്‍ നിന്നും പണംകൈപ്പറ്റിയ മറ്റുള്ളവരെ കുറിച്ചും അന്വേഷണം തുടരുമെന്നും ഇ.ഡി വ്യക്തമാക്കി.
മാസപ്പടി കേസില്‍ പിണറായി വിജയന്റെയും മുഹമ്മദ് റിയാസിന്റെയും വീടുകളിലടക്കം 12 ഇടങ്ങളില്‍ ഇ.ഡി റെയ്ഡ് നടത്തിയിരുന്നു.തിരുവനന്തപുരത്തെ പിണറായി വിജയന്റെ വാടക വീട്ടിലെ പരിശോധന എട്ടര മണിക്കൂറോളം നീണ്ടു. കണ്ണൂരിലെയും കോഴിക്കോട്ടെയും റെയ്ഡില്‍ ഒന്നും കണ്ടെത്തനായില്ലെന്ന് ഇ.ഡി രേഖാമൂലം എഴുതി നല്‍കി.
പുലര്‍ച്ചെ ആറ് മണിയോടെയാണ് റെയ്ഡ് തുടങ്ങിയത്. പിണറായി വിജയന്റെ തിരുവനന്തപുരത്തെയും കണ്ണൂരിലെയും വീടുകളിലടക്കം സംസ്ഥാനത്തെ പത്തിടങ്ങളിലും ബംഗ്ലൂരിലം രണ്ടിടങ്ങളിലും ഇഡി സംഘം ഒരേ സമയം റെയ്ഡ് നടത്തി.തിരുവനന്തപുരം ബേക്കറി ജംങ്ഷനിലെ പിണറായി വിജയന്റെ വാടക വീട്ടിലെത്തിയത് ഒരു വനിതയടക്കം അഞ്ച് ഉദ്യോഗസ്ഥര്‍. ഒപ്പം സുരക്ഷക്കായി എട്ട് കേന്ദ്രസേന ഉദ്യോഗസ്ഥരും. പിണറായി വിജയന്റെ മകള്‍ വീണയുടെ ഉടമസ്ഥതയിലുള്ള എക്‌സാ ലോജിക്ക് കമ്പനിക്ക് 2017 മുതല്‍ 20 വരെയുള്ള മൂന്ന് വര്‍ഷങ്ങളിലായി ഒരു കോടി 72 ലക്ഷം രൂപ നല്‍കിയതിന്റെ കാരണമെന്തന്നായിരുന്നു ഇ.ഡി തിരക്കിയത്.
എന്ത് സേവനമാണ് സി.എം.ആര്‍.എല്ലിന് എക്‌സാ ലോജിക് നല്‍കിയത്. ഇവര്‍ തമ്മിലുള്ള കരാര്‍ എന്താണ്.പണം കൈമാറിയതിന്റെ രേഖകള്‍ കണ്ടെത്താന്‍ കൂടിയായിരുന്നു പരിശോധന. എട്ടര മണിക്കൂര്‍ നീണ്ട പരിശോധനക്കിടെ വീണയുടെ മൊഴിയും സംഘം രേഖപ്പെടുത്തി. കണ്ണൂര്‍ പാണ്ഡ്യാല മുക്കിലെ പിണറായി വിജയന്റെ വീട്ടില്‍ നിന്നും കോഴിക്കോട്ടെ മുഹമ്മദ് റിയാസിന്റെ വീട്ടില്‍ നിന്നും ഒന്നും കണ്ടെത്താനായില്ലന്ന സെര്‍ച്ച് നോട്ട് നല്‍കിയാണ് ഇ.ഡി സംഘം മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

