കേന്ദ്രം സംസ്ഥാനത്തെ അപമാനിക്കാൻ ശ്രമിക്കുന്നു -പിണറായി
text_fieldsന്യൂഡൽഹി: സംസ്ഥാനത്തിെൻറ ന്യായമായ ആവശ്യങ്ങൾ ഉന്നയിക്കാൻ ശ്രമിക്കുന്ന മുഖ്യമന്ത്രിയെ കാണാൻ പ്രധാനമന്ത്രി തുടർച്ചയായി കൂട്ടാക്കാത്തത് തികഞ്ഞ രാഷ്ട്രീയ കളിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരമൊരു പെരുമാറ്റം ചരിത്രത്തിലാദ്യമാണ്. നരേന്ദ്രമോദി തുടർച്ചയായി കേരളത്തെ അവഗണിക്കുകയാണ്. കേന്ദ്രസർക്കാറിെൻറ പിന്തുണ കിട്ടാത്തത് പല മേഖലകളുടെയും തകർച്ചക്ക് കാരണമാക്കുന്നുവെന്നും പിണറായി കുറ്റപ്പെടുത്തി.
റേഷൻ വിഹിതം വർധിപ്പിച്ചു കിട്ടാൻ സർവകക്ഷി സംഘം പ്രധാനമന്ത്രിയെ കാണണമെന്ന് കേരളത്തിൽ തീരുമാനിച്ചിരുന്നു. തുടർച്ചയായി രണ്ടുവട്ടം മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘത്തിന് അനുമതി നിഷേധിക്കുകയാണ് ചെയ്തത്. സംസ്ഥാനങ്ങളെ ആദരിക്കേണ്ടത് കേന്ദ്രത്തിെൻറ ചുമതലയാണ്. സംതൃപ്തമായ സംസ്ഥാനങ്ങളും ശക്തമായ കേന്ദ്രവുമാണ് ഫെഡറൽ സംവിധാനത്തിൽ പ്രധാനം.
ചില സന്ദർഭങ്ങളിൽ പ്രധാനമന്ത്രിക്ക് സമയം കിട്ടാത്തത് മനസിലാക്കാനാവും. ഒരു മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കാണണമെന്ന് ആവശ്യപ്പെടുന്നത് അദ്ദേഹത്തിെൻറ പ്രത്യേക ഇടപെടൽ ആവശ്യമായതു കൊണ്ടാണ്. എന്നാൽ രണ്ടുവട്ടം സമയം തേടിയപ്പോഴും, ബന്ധപ്പെട്ട മന്ത്രിയെ കാണാനായിരുന്നു മറുപടി. വകുപ്പു മന്ത്രിയെ കാണാൻ പ്രയാസമുണ്ടായിട്ടില്ല. മന്ത്രിക്കു മാത്രമായി പരിഹരിക്കാൻ കഴിയാത്ത പ്രശ്നമായതു കൊണ്ടാണ് പ്രധാനമന്ത്രിയുടെ ഇടപെടൽ തേടുന്നത്. ആവശ്യമെല്ലാം സാധിച്ചു തന്നിട്ടില്ലെങ്കിലും, മുെമ്പാരിക്കലും ഇത്ര മോശമായി കേന്ദ്രസർക്കാറുകൾ പെരുമാറിയിട്ടില്ല.
റെയിൽവേ വികസന കാര്യത്തിൽ കേരളം സഹകരിക്കുന്നില്ലെന്ന മന്ത്രി പീയുഷ് ഗോയലിെൻറ പരാമർശം മുഖ്യമന്ത്രി തള്ളി. റെയിൽവേ ലൈൻ വികസിപ്പിക്കുന്നതിന് സ്ഥലം ഏറ്റെടുത്തു നൽകുന്നില്ലെന്ന് പറയുന്നത് ശരിയല്ല. അതിവേഗം അതിനു നടപടി സംസ്ഥാന സർക്കാർ സ്വീകരിക്കുന്നുണ്ട്. കഞ്ചിക്കോട് ഫാക്ടറി കാര്യത്തിൽ കേരളത്തിെൻറ ആവശ്യം പൂർണമായി തഴഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
