ഉന്നം പടയൊരുക്കം; രണ്ടാംനാളിൽ പ്രതിരോധവുമായി പിണറായി
text_fieldsപിണറായി വിജയൻ
തിരുവനന്തപുരം: ഇ.ഡിയുടെ കൈക്കൂലി ആരോപണത്തെ നേരിടാൻ പിണറായി വിജയൻ തന്നെ നേരിട്ട് രംഗത്തിറങ്ങുകയും കേന്ദ്ര ഏജൻസികളോടുള്ള കോൺഗ്രസിന്റെ ദേശീയ സമീപനം നേതാക്കൾ ആവർത്തിച്ച് ഓർമിപ്പിക്കുകയും ചെയ്തതിലൂടെ തുടക്കത്തിൽ തന്നെ സി.പി.എം രാഷ്ട്രീയ ചെറുത്തുനിൽപ്പിനെന്ന് വ്യക്തം. ഇതിനിടെയാണ് ഇ.ഡി നീക്കത്തിന്റെ രണ്ടാംനാൾ തന്നെ പിണറായി മറുപടിയുമായി രംഗത്തെത്തിയത്.
മാധ്യമങ്ങൾ അച്ചുനിരത്തിയാൽ താൻ കൈക്കൂലിക്കാരനാകുമോ എന്ന് ചോദിച്ച പിണറായി, അങ്ങനെ തകരുന്നതല്ല തന്റെ വ്യക്തിജീവിതമെന്നും ആലപ്പുഴ പാർട്ടി പൊതുയോഗത്തിൽ തുറന്നടിച്ചു. ഒപ്പം വീണയെ മുഹമ്മദ് റിയാസ് വിവാഹം കഴിക്കുന്നതിന് മുമ്പുതന്നെ വീണ കൈക്കൂലിപ്പണം കൈമാറിയെന്ന ഇ.ഡി വാദത്തിന്റെ യുക്തിരാഹിത്യവും അടിവരയിട്ടു.
മകൾക്കെതിരെ നേരത്തെ ഇ.ഡി നീക്കങ്ങളുണ്ടായ ഘട്ടങ്ങളിലെല്ലാം ദിവസങ്ങളോ ആഴ്ചകളോ പിന്നിട്ട ശേഷമാണ് പിണറായി പ്രതികരണത്തിന് തയാറായിരുന്നത്. എന്നാൽ, ഇത്തവണ വേഗത്തിലുള്ള പ്രതികരണവും നിലപാട് വ്യക്തമാക്കലും ഒരേ സമയം പാർട്ടിക്ക് പുറത്തുള്ളവരെയും അകത്തുള്ളവരെയും ലക്ഷ്യമിട്ടാണെന്ന വിലയിരുത്തലുണ്ട്.
സമഗ്ര അഴിച്ചുപണിയും തിരുത്തലും ലക്ഷ്യമിട്ട് കോഴിക്കോട് വിശാല സംസ്ഥാന സമിതി ചേരാനിരിക്കെ കൈക്കൂലി ആരോപണവും ബദൽ ചേരി ആയുധമാക്കുമെന്ന വിലയിരുത്തലാണ് ഒരുമുഴം മുന്നേയുള്ള ഏറ്. ഇതിനൊപ്പം ലാവ്ലിന് പുറമേ കൈക്കൂലി ആരോപണവും കൂടി പിണറായിക്ക് നേരെ ഉയരുമ്പോഴും കേന്ദ്രവേട്ട എന്ന വാദമുയർത്തി മുഖ്യമന്ത്രിക്ക് പ്രതിരോധം തീർക്കാനുള്ള നീക്കവും ഒരു ഭാഗത്ത് സജീവമാണ്.
അതേസമയം, സംസ്ഥാന സെക്രട്ടറിയുടെയും മുഹമ്മദ് റിയാസിന്റെയും പ്രതികരണങ്ങൾ മാറ്റിനിർത്തിയാൽ കാര്യമായ പ്രതിരോധങ്ങൾ സി.പി.എമ്മിൽ നിന്നുയരാത്തതും ശ്രദ്ധേയം. മാസപ്പടി കേസ് ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ഭാഗമല്ലെന്ന് തുടക്കം മുതൽ നിലപാട് സ്വീകരിക്കുന്ന സി.പി.ഐ പുതിയ സംഭവവികാസങ്ങളിൽ നിലപാട് വ്യക്തമാക്കിയിട്ടുമില്ല.
കേസിന്റെ കാര്യത്തിൽ സർക്കാർ എന്ത് നടപടി സ്വീകരിക്കുമെന്നത് നിരീക്ഷിച്ച ശേഷമാകും സി.പി.എമ്മിന്റെ നിയമനീക്കം. ഇ.ഡി റിപ്പോർട്ട് അനുസരിച്ച് സർക്കാർ കേസെടുക്കുന്ന പക്ഷം കോൺഗ്രസ്-ബി.ജെ.പി ഡീൽ ഉന്നയിക്കുമെന്നതും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ വാക്കുകളിൽ നിന്ന് വ്യക്തമാണ്. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയും കേരളം ഭരിക്കുന്ന കോൺഗ്രസും ചേർന്ന് സി.പി.എമ്മിനെയും മുഖ്യമന്ത്രിയെയും വേട്ടയാടുകയാണെന്ന പ്രചാരണമാകും പാർട്ടി ശക്തമാക്കുക.
സർക്കാറിനെ സംബന്ധിച്ച് ഇ.ഡിയുടെ കത്ത് മറ്റൊരു രാഷ്ട്രീയ പ്രതിസന്ധിയാണ്. കേസെടുത്താൽ സി.പി.എമ്മും ഇല്ലെങ്കിൽ ബി.ജെപിയും ഉയർത്തുന്ന രാഷ്ട്രീയ ആരോപണങ്ങളാണ് കാരണം.
സി.എം.ആർ.എല്ലിൽ നിന്ന് കണ്ടെടുത്ത ഡയറിയാണ് ഈ കേസിന്റെയെല്ലാം തുടക്കം. ഈ ഡയറിയിൽ ആഭ്യന്തര മന്ത്രിയുടെയും വ്യവസായ മന്ത്രിയുടെയും പേരുണ്ട്. രാഷ്ട്രീയ സംഭാവനയും കമ്പനികൾ തമ്മിലുള്ള സേവനക്കരാറും രണ്ടാണെന്ന വാദമുണ്ടെങ്കിലും ഡയറിയിലെ പേര് യു.ഡി.എഫിന് രാഷ്ട്രീയ ബാധ്യതയാകുമെന്നും അതുകൊണ്ട് കേസിന് മുതിരില്ലെന്നുമുള്ള വിലയിരുത്തലും സി.പി.എമ്മിലുണ്ട്. ഇക്കാര്യം സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ കഴിഞ്ഞ ദിവസം പരോക്ഷമായി പരാമർശിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

