ശമ്പളപരിഷ്കരണം അട്ടിമറിക്കാൻ ശ്രമം; ശമ്പളവും പെൻഷനും ബാധ്യതയെന്ന വ്യാജപൊതുബോധം സൃഷ്ടിക്കുന്നുവെന്നും പിണറായി
text_fieldsപിണറായി വിജയൻ
തിരുവനന്തപുരം: പെൻഷനും ശമ്പളവും സംസ്ഥാനത്തിന്റെ ധനകാര്യ പ്രതിസന്ധിയുടെ മൂലകാരണമെന്ന വ്യാജ പൊതുബോധം സൃഷ്ടിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും 2002ന് സമാനം ജീവനക്കാരുടെ അവകാശങ്ങൾക്കും മേൽ കൈവെക്കാനുള്ള ഡ്രസ്സ് റിഹേഴ്സലാണ് നടക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. അഞ്ചുവർഷത്തിലൊരിക്കൽ നടക്കുന്ന ശമ്പളപരിഷ്കരണം അട്ടിമറിക്കാനുള്ള അജണ്ടയാണ് അണിയറയിൽ നടക്കുന്നത്. കേരള ഗവൺമെന്റ് പ്രസ്സസ് എംപ്ലോയീസ് യൂനിയൻ (സി.ഐ.ടി.യു) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജീവനക്കാർക്ക് ശമ്പളവും പെൻഷനും നൽകുന്നത് എന്തോ മഹാപാപമായി സർക്കാർ കാണുകയാണ്. കേരളത്തിന്റെ റവന്യൂ ചെലവിന്റെ സിംഹഭാഗവും ആരോഗ്യം, വിദ്യാഭ്യാസം, പൊതുവിതരണം, പൊതു ഗതാഗതം തുടങ്ങിയ മേഖലകളിൽ ശമ്പളം, പെൻഷൻ എന്നിവ കൂടി നൽകാൻ ഉപയോഗിച്ചിരുന്നു. സാമൂഹിക മേഖലയ്ക്ക് നൽകിയ ഈ മുൻഗണനയാണ് കേരള വികസനത്തിന്റെ ആണിക്കല്ല്. ശമ്പള പെൻഷൻ ബാധ്യത കൂടുന്നു എന്ന പതിവ് യാഥാസ്ഥിതിക നിലവിളികൾ സർക്കാർ ജീവനക്കാരുടെ ശമ്പളത്തിലേക്കും പെൻഷനിലേക്കും കണ്ണുവെച്ചുള്ളതാണ്.
ക്ഷേമ-സേവന-വികസന കാര്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാനുള്ള മുൻകൂർ ജാമ്യമെടുക്കലായിരുന്നു സർക്കാറിന്റെ ധവളപത്രം. റവന്യൂ കമ്മിയെ കുറിച്ചുള്ള പതിവ് നവ ലിബറൽ ആശങ്കകളാണ് ധവളപത്രം പങ്കുവെക്കുന്നത്.
ഇത്തരം നയങ്ങൾ എളുപ്പം നടപ്പാക്കി കളയാം എന്ന് സർക്കാർ വിചാരിക്കേണ്ട. സാമ്പത്തിക പ്രതിസന്ധി ആവർത്തിച്ചു പറയുകയും അത് മറികടക്കാൻ സർക്കാർ മുന്നോട്ടുവെയ്ക്കുകയും ചെയ്യുന്ന മറുമരുന്ന് സ്വകാര്യവത്കരണമാണ്. തീരവും തുറമുഖവും വിമാനത്താവളങ്ങളും മാത്രമല്ല, വിദ്യാഭ്യാസം, ആരോഗ്യം, വൈദ്യുതി, കരിമണൽ ഖനനം എന്നിങ്ങനെ തന്ത്രപ്രധാനമായ മേഖലകൾ തീറെഴുതാനുള്ള ശ്രമം നടക്കുന്നത്. സ്ഥലം മാറ്റങ്ങൾക്ക് സ്വജന പക്ഷപാതം മാനദണ്ഡമാവുകയാണ്. തൊഴിലാളി വിരുദ്ധ നയങ്ങളാൽ നിറഞ്ഞ കേന്ദ്ര ലേബർ കോഡുകളിൽ ഒരു പ്രതിരോധവുമുയർത്താതെ നടപ്പാക്കാനാണ് സർക്കാർ ശ്രമമെന്നും പിണറായി പറഞ്ഞു.
യൂനിയൻ പ്രസിഡന്റ് കെ.എസ് സുനിൽകുമാർ, ആർ.രാമു, എം.എ അജിത്ത്കുമാർ, എം.ഷാജഹാൻ, ദീപു, ടി.കെ.എം ഷാഫി, എ.ഷാജഹാൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

