മുഖ്യമന്ത്രിയുടെ പാലക്കാട് സന്ദർശനം; യൂത്ത് കോൺഗ്രസ് നേതാവിനെ കരുതൽ തടങ്കലിലാക്കി
text_fieldsകസ്റ്റഡിയിലെടുത്ത യൂത്ത് കോൺഗ്രസ് നേതാവ് ഷാനിബ്
പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിക്കാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി തൃത്താലയിലെ യൂത്ത് കോൺഗ്രസ് നേതാവിനെ പൊലീസ് കരുതൽ തടങ്കലിലാക്കി. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എ.കെ ഷാനിബിനെയാണ് ചാലിശേരി പൊലീസ് കസ്റ്റഡിയിലെടുത്തത്. മറ്റ് നേതാക്കളായ കെ.പി.എം ശെരീഫ്, സലിം, അസീസ് എന്നിവരെയും പൊലീസ് കരുതൽ തടങ്കലിലാക്കിയെന്നാണ് വിവരം. തദ്ദേശ ദിനാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ചെയ്യാനാണ് മുഖ്യമന്ത്രി ഇന്ന് ചാലിശേരിയിലെത്തുന്നത്.
ഇന്ന് രാവിലെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുക്കാൻ എത്തിയ പൊലീസ് ഉദ്യോഗസ്ഥരുടെയും വാഹനത്തിന്‍റെയും വിഡിയോ ഷാനിബ് ഫേസ്ബുക്ക് ലൈവിലൂടെ പുറത്തുവിട്ടു. മഹാരാജാവ് തൃത്താല സന്ദർശിക്കുന്ന സാഹചര്യത്തിൽ യൂത്ത് കോൺഗ്രസുകാർ വീട്ടിൽ നിന്ന് മാറി നിൽക്കേണ്ട സാഹചര്യമാണെന്ന് ഷാനിബ് പറഞ്ഞു.

രാവിലെ വീടിന് പുറത്ത് പൊലീസുകാരും വാഹനവുമാണ് കണ്ടത്. കോടതി എതിർത്ത കരുതൽ തടങ്കൽ ഇപ്പോഴുമുണ്ടോ എന്നും ഷാനിബ് ചോദിച്ചു. പൊലീസുകാർ ഫോൺ തട്ടിപ്പറിക്കാൻ ശ്രമിച്ചെന്നും ഷാനിബ് എഫ്.ബി ലൈവിൽ ആരോപിച്ചു.
പുറത്ത് ആയിരം പേര് ഉള്ളപ്പോൾ എത്ര പേരെ നിങ്ങൾക്ക് തടവിൽ വക്കാനാവുമെന്ന് ഷാനിബ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ജയിലറക്കുള്ളിൽ എത്ര കാലം അടച്ചിട്ടാലും മഹാരാജാവിനെതിരെ പ്രതിഷേധിച്ച് കൊണ്ടേയിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

