പിണറായി വിജയന്റെ പ്രസ് സെക്രട്ടറിയെ മാറ്റി; മനോഹരൻ മോറായിക്ക് പകരം പി.എം. മനോജ്
text_fieldsമനോഹരൻ മോറായി, പി.എം. മനോജ്
തിരുവനന്തപുരം: പ്രതിപക്ഷ നേതാവായ പിണറായി വിജയന്റെ പ്രസ് സെക്രട്ടറിയെ മാറ്റി. ദേശാഭിമാനി മുൻ ചീഫ് ന്യൂസ് എഡിറ്റർ കൂടിയായിരുന്ന മനോഹരൻ മോറായിയെ മാറ്റി പി.എം. മനോജിനെയാണ് നിയമിച്ചത്. പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന 10 വര്‍ഷം പ്രസ് സെക്രട്ടറി ആയിരുന്നു പി.എം. മനോജ്. ദേശാഭിമാനിയുടെ മുന്‍ റസിഡന്റ് എഡിറ്റർ കൂടിയാണ് ഇദ്ദേഹം.
പ്രതിപക്ഷ നേതാവിന്റെ മാധ്യമങ്ങളുമായുള്ള ഇടപെടൽ ശക്തമാക്കണമെന്ന തീരുമാനത്തെ തുടർന്നാണ് മാറ്റം. മനോഹരൻ മൊറായി ഈ വിഷയത്തിൽ കാര്യക്ഷമമല്ലെന്ന പാർട്ടി വിലയിരുത്തലിനെ തുടർന്നാണ് മാറ്റിയതെന്നറിയുന്നു. മാധ്യമങ്ങളോട് അകലം പാലിച്ച് നവമാധ്യമങ്ങൾ വഴിയാണ് ഇപ്പോൾ പ്രതിപക്ഷ നേതാവിന്റെ പ്രതികരണങ്ങൾ. ഇത് വേണ്ടത്ര പൊതുശ്രദ്ധ നേടാൻ പര്യാപ്തമല്ലെന്ന് പാർട്ടിയിൽ വിമർശനമുണ്ട്. തുടർന്നാണ് പഴയ പ്രസ് സെക്രട്ടറി പി എം മനോജിനെ തിരികെ വിളിച്ചത്.
സാധാരണ ഗതിയിൽ പ്രതിപക്ഷ നേതാവ് എല്ലാ വിഷയങ്ങളിലും നേരിട്ട് ഇടപെടുകയും മാധ്യമങ്ങളോട് ആ കാര്യത്തിലുള്ള പ്രതികരണങ്ങൾ നൽകുകയും ഒക്കെ ചെയ്യുന്നതാണ്. എന്നാൽ, ചുരുക്കം സന്ദർഭങ്ങളിൽ മാത്രമാണ് പിണറായി മാധ്യമങ്ങളെ കാണുന്നത്. നവമാധ്യമങ്ങൾ വഴിയാണ് അദ്ദേഹത്തിന്റെ പ്രതികരണങ്ങൾ പുറത്തറിയുന്നത്. അത് തന്നെ വളരെ വൈകുന്നതായും പരാതിയുണ്ട്. പെട്ടെന്ന് തന്നെ പ്രതികരിക്കേണ്ട വിഷയങ്ങളിൽ പോലും വളരെ വൈകിയുള്ള പ്രതികരണമാണ് പിണറായി വിജയന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത് എന്നുള്ള വിമർശനം പാർട്ടിയിൽ തന്നെ ഉയരുന്നുണ്ട്. സോഷ്യൽ മീഡിയ പ്രചാരണം പൊതുസമൂഹത്തിനിടയിൽ കൃത്യമായി എത്തിക്കാൻ കഴിയുന്നില്ല എന്ന വിമർശനവുമുണ്ട്.
നേരത്തെ പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ പ്രസ് സെക്രട്ടറി ആയിരുന്ന പി.എം. മനോജിന്റെ അനുഭവസമ്പത്തും മാധ്യമങ്ങളുമായുള്ള ബന്ധവും ഒക്കെ ഉപയോഗപ്പെടുത്താം എന്നതാണ് അദ്ദേഹത്തെ തിരിച്ചുവളിക്കാനുള്ള കാരണം. അതേസമയം, പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരിക്കെ പിആര്‍ഡിയുമായി ബന്ധപ്പെട്ട പരസ്യക്കരാറുകള്‍ മകന്റെ സ്ഥാപനത്തിന് നല്‍കിയതുമായി ബന്ധപ്പെട്ട് മനോജിനുനേരേ ആരോപണം ഉയര്‍ന്നിരുന്നു. എന്റെ കേരളം, നവകേരളസദസ്സ്, കേരളീയം തുടങ്ങിയ പരിപാടികളുമായി ബന്ധപ്പെട്ടാണ് മുഖ്യമന്ത്രിയുടെ ഓഫിസിലെ ചിലര്‍ക്കുനേരേ ആരോപണം ഉയര്‍ന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

