ചെന്നിത്തല അടുത്ത മുഖ്യമന്ത്രിയാകട്ടെയെന്ന് സ്വാഗത പ്രാസംഗികൻ; പിണറായിയുടെ മറുപടി, 'അങ്ങനെയൊരു കൊടുംചതി ചെയ്യാൻ പാടില്ലായിരുന്നു'
text_fieldsതിരുവനന്തപുരം: രമേശ് ചെന്നിത്തല കേരളത്തിന്‍റെ അടുത്ത മുഖ്യമന്ത്രിയാകട്ടെയെന്ന സ്വാഗത പ്രാസംഗികന്‍റെ ആശംസക്ക് മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയുടെ മറുപടി കേട്ട് സദസ്സ് ഒന്നാകെ ചിരിനിറഞ്ഞു. പ്രമുഖ വ്യവസായി രവി പിള്ളയെ നോർക്കയുടെ നേതൃത്വത്തിൽ ആദരിക്കുന്ന ചടങ്ങിലായിരുന്നു സംഭവം.
കേരള രാഷ്ട്രീയത്തിലെ ഒരിക്കലും അവഗണിക്കാനാകാത്ത വലിയ ശക്തിയാണ് രമേശ് ചെന്നിത്തലയെന്നും അടുത്ത മുഖ്യമന്ത്രിയായി അദ്ദേഹം വരട്ടെ എന്ന് താൻ ആശംസിക്കുകയാണെന്നുമായിരുന്നു സ്വാഗത പ്രാസംഗികന്‍റെ വാക്കുകൾ. ഇതോടെ, വേദിയിൽ ചിരി നിറഞ്ഞു. രവി പിള്ളയും നടൻ മോഹൻലാലും ഉൾപ്പെടെയുള്ളവർ കൈയടിച്ചു. വി.ഡി. സതീശൻ സാർ പോയോ എന്ന് ചോദിച്ച സ്വാഗതപ്രാസംഗികൻ, ഇത് രാഷ്ട്രീയ ചർച്ചകൾക്കുള്ള വേദിയല്ലെന്ന് സ്വയം തിരുത്തുകയും ചെയ്തു.
ഇതിന് ശേഷമായിരുന്നു മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം. സ്വാഗത പ്രാസംഗികനുള്ള മുഖ്യമന്ത്രിയുടെ മറുപടി എല്ലാവരിലും ചിരി നിറച്ചു. 'നമ്മുടെ സ്വാഗത പ്രാസംഗികനെ കുറിച്ച് ഒരു കാര്യം പറഞ്ഞില്ലെങ്കില്‍ അത് ഒരു മോശമായിപോകുമെന്ന് തോന്നുന്നു. അദ്ദേഹം രാഷ്ട്രീയം ഒന്നും പറയുന്നില്ലെന്ന് പറഞ്ഞു. ഒരുപാര്‍ട്ടിക്കകത്ത് വലിയ പ്രശ്‌നങ്ങളുണ്ടാക്കുന്ന ബോംബാണ് അദ്ദേഹം പൊട്ടിച്ചത്. അത് കൊടും ചതിയായിപ്പോയി. അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു എന്നാണ് എനിക്ക് അദ്ദേഹത്തോട് സ്‌നേഹപൂര്‍വം പറയാനുള്ളത്' -മുഖ്യമന്ത്രി ചിരിച്ചുകൊണ്ട് പറഞ്ഞു. ഇതോടെ സദസ്സിലും വേദിയിലും ചിരിയുയർന്നു.
ബഹ്റൈന്‍ സര്‍ക്കാരിന്റെ പരമോന്നത ബഹുമതി നേടിയതിന് പിന്നാലെയാണ് വ്യവസായി രവിപിള്ളയെ ആദരിച്ചത്. ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, നടൻ മോഹന്‍ലാൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.