‘ജനാധിപത്യ പ്രതിഷേധങ്ങളോടുള്ള അസഹിഷ്ണുത...’; കോക്രോച്ച് ജനതാ പാർട്ടി അക്കൗണ്ട് പൂട്ടിച്ച കേന്ദ്ര നടപടിയെ അപലപിച്ച് പിണറായി വിജയൻ
text_fieldsതിരുവനന്തപുരം: യുവജന കൂട്ടായ്മയായ കോക്രോച്ച് ജനതാ പാർട്ടിയുടെ എക്സ് അക്കൗണ്ട് പൂട്ടിച്ച കേന്ദ്രസർക്കാർ നടപടി ജനാധിപത്യ പ്രതിഷേധങ്ങളോടുള്ള അസഹിഷ്ണുതയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. രാഷ്ട്രീയ പ്രതിഷേധ പ്രസ്ഥാനമായി ഇത് വളർന്നു വരുമോ എന്ന ബി.ജെ.പിയുടെ ആശങ്കയാണ് നടപടി വെളിപ്പെടുത്തന്നതെന്ന് പോസ്റ്റിൽ കുറിച്ചു.
"ബി.ജെപി.യുടെ ഔദ്യോഗിക പ്രചാരണ സംവിധാനങ്ങളെക്കാൾ ജനശ്രദ്ധയും സ്വീകാര്യതയും കോക്രോച്ച് ജനതാ പാർട്ടിക്ക് വളരെ വേഗം ലഭിച്ചു. തൊഴിൽ രാഹിത്യവും അവഗണനയും അനുഭവിക്കുന്ന യുവജനങ്ങൾ ഈ പൊടുന്നനെയുള്ള പ്രതിഷേധത്തിൽ ആകൃഷ്ടരായത് നിലവിലുള്ള സാമൂഹിക-രാഷ്ട്രീയ സാഹചര്യത്തോടുള്ള കടുത്ത അസന്തുഷ്ടിയുടെ പ്രതിഫലനമാണ്." കുറിപ്പിൽ പറയുന്നു.
“പാറ്റകൾ” എന്ന വിശേഷണത്തിനെതിരായ പ്രതിഷേധം ക്ഷിപ്ര പ്രതികരണമായി ചുരുക്കി കാണേണ്ട ഒന്നല്ലെന്നും തൊഴിലില്ലായ്മയും അസമത്വവും ചൂഷണവും നിറഞ്ഞ വ്യവസ്ഥിതിക്കെതിരായുള്ള ശക്തമായ രാഷ്ട്രീയ പ്രതികരണത്തിന്റെ തീക്ഷ്ണത അതിൽ കാണാവുന്നതാണെന്നും പിണറായി വിജയൻ പറഞ്ഞു. ഈ വികാരം കൂടുതൽ വ്യാപിക്കുമെന്ന ഭയമാണ് കേന്ദ്രസർക്കാരിനെ ജനാധിപത്യപരമായ ശബ്ദങ്ങളെ അടിച്ചമർത്തുന്ന നടപടികളിലേക്ക് നയിക്കുന്നതെന്നും അദ്ദേഹം കുറിച്ചു.
ഒരു രാഷ്ട്രീയ ആശയത്തോടോ പ്രതിഷേധരൂപത്തോടോ വിയോജിപ്പുണ്ടാകാം. എന്നാൽ ഭരണഘടന ഉറപ്പുനൽകുന്ന അഭിപ്രായസ്വാതന്ത്ര്യവും സംഘടനാ സ്വാതന്ത്ര്യവും വിനിയോഗിക്കുന്ന ഒരു യുവജന പ്രതിഷേധത്തെ നിയമങ്ങളെയോ ഭരണനടപടികളെയോ ദുരുപയോഗം ചെയ്ത് ഇല്ലാതാക്കാൻ ശ്രമിക്കുന്നത് ജനാധിപത്യ ഇന്ത്യയുടെ ആത്മാവിനും ഭരണഘടനാപരമായ മൂല്യങ്ങൾക്കും വിരുദ്ധമാണെന്നും പിണറായി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

