'ജനങ്ങൾ താങ്കളിൽ അർപ്പിച്ച വിശ്വാസം ഉയർത്തിപ്പിടിക്കുന്ന ഭരണമായി മാറട്ടെ'; വിജയ്ക്ക് ആശംസകൾ നേർന്ന് പിണറായി വിജയൻ
text_fieldsപിണറായി വിജയൻ, തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്
തിരുവനന്തപുരം: തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ ദ്രാവിഡ രാഷ്ട്രീയത്തെ തോൽപ്പിച്ച് മുഖ്യമന്ത്രി സ്ഥാനം നേടിയ ജോസഫ് വിജയ്ക്ക് ആശംസകൾ നേർന്ന് സി.പി.ഐ.എം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയൻ. ജനാധിപത്യ സംവിധാനത്തിൽ ജനങ്ങൾ നൽകുന്ന വിധി വലിയ ഉത്തരവാദിത്വമാണ്. തമിഴ്നാട്ടിലെ ജനങ്ങൾ താങ്കളിൽ അർപ്പിച്ച വിശ്വാസം സാമൂഹ്യനീതി, മതനിരപേക്ഷത, ജനക്ഷേമം എന്നീ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഭരണമായി മാറുമെന്ന് പ്രത്യാശിക്കുന്നതോടൊപ്പം ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിക്കുന്നതായും പിണറായി വിജയൻ പറഞ്ഞു.
കേരളവും തമിഴ്നാടും ദീർഘകാല സൗഹൃദവും സഹകരണവും പങ്കിടുന്ന സംസ്ഥാനങ്ങളാണ്. ഫെഡറൽ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിനും മതനിരപേക്ഷത കാത്തുസൂക്ഷിക്കുന്നതിനും ഇരു സംസ്ഥാനങ്ങളിലെ ജനങ്ങൾക്കും ഒരുമിച്ച് പ്രവർത്തിക്കാനാകുമെന്ന് വിശ്വസിക്കുന്നു എന്നും പിണറായി വിജയൻ വ്യക്തമാക്കി.
ഞായറാഴ്ച ചെന്നൈ ജവഹർലാൽ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ വിജയ് യും ഒമ്പത് മന്ത്രിമാരും ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചൊല്ലികൊടുത്ത സത്യവാചകം ഏറ്റുചൊല്ലി സത്യപ്രതിജ്ഞ ചെയ്തു. ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ. 59 വർഷത്തിനുശേഷമാണ് തമിഴ്നാട്ടിൽ ദ്രാവിഡ കക്ഷിയുടെ നേതൃത്വത്തിലല്ലാത്ത ഒരു സർക്കാർ അധികാരമേറുന്നത് എന്നതും ടി.വി.കെയെ ജനങ്ങൾ ഏറ്റെടുത്തു എന്നതിന്റെ ഉത്തമ ഉദാഹരണമാണ്. ഷെ
ടി.വി.കെ നേതാക്കളായ കെ.എ. സെങ്കോട്ടയൻ, എൻ. ആനന്ദ്, കെ.ജി. അരുൾ രാജ്, ആധവ് അർജുന, സി.ടി.ആർ നിർമൽകുമാർ, രാജ്മോഹൻ, പി. വെങ്കട്ടരമണൻ, ടി.കെ. പ്രഭു, എസ്. കീർത്തന തുടങ്ങിയവരാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്. മന്ത്രിസഭയിൽ കോൺഗ്രസിനും പ്രാതിനിധ്യം ഉണ്ടാകും. 1967നുശേഷം ആദ്യമായാണ് കോൺഗ്രസ് തമിഴ്നാട്ടിൽ മന്ത്രിസഭയുടെ ഭാഗമാകുന്നത്. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും സത്യപ്രതിജ്ഞ വേദിയിലുണ്ടായിരുന്നു.
തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റശേഷം പ്രവർത്തകരെ അഭിസംബോധന ചെയ്ത് നടത്തിയ ആദ്യ പ്രസംഗത്തിൽ തന്നെ ജനകീയ പ്രഖ്യാപനം നടത്തി. പ്രതിമാസം 200 യൂനിറ്റ് വരെ സൗജന്യ വൈദ്യുതി നൽകുമെന്നും സ്ത്രീ സുരക്ഷക്ക് പ്രത്യേക സ്ക്വാഡ് രൂപവത്കരിക്കുമെന്നും വിജയ് പറഞ്ഞു. വാഗ്ദാനങ്ങൾ പാലിക്കുന്നതിനും ഭരണ പരിഷ്കാരങ്ങൾ നടപ്പാക്കുന്നതിനും തനിക്ക് ന്യായമായ സമയം നൽകണമെന്ന് ജനങ്ങളോട് നിയുക്ത മുഖ്യമന്ത്രി അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

