ക്യാപ്റ്റൻ പിണറായി തന്നെ, പി.ബിയിൽ ധാരണ; മാർച്ച് ആദ്യവാരം സ്ഥാനാർഥി പട്ടിക
text_fieldsന്യൂഡൽഹി: സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനെ പിണറായി വിജയൻ തന്നെ നയിക്കുമെന്ന് സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി.
മാർച്ച് ആദ്യവാരം സ്ഥാനാർഥി പട്ടിക പുറത്തിറക്കും. ന്യൂഡൽഹിയിൽ നടന്ന പോളിറ്റ് ബ്യൂറോ യോഗത്തിലാണ് തീരുമാനം. മുഖ്യമന്ത്രി സ്ഥാനാർഥിയെ എവിടെയും പ്രഖ്യാപിക്കാറില്ലെന്നും മത്സരിക്കുന്ന സ്ഥാനാർഥികളുടെ കാര്യത്തിൽ ഉടൻ തീരുമാനമാകുമെന്നും ബേബി മാധ്യമങ്ങളോട് പറഞ്ഞു. മൂന്നാമൂഴത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയെ നയിക്കണമെന്നും മത്സരിക്കണമെന്നും സി.പി.എം കേരള ഘടകം പി.ബിയിൽ ആവശ്യപ്പെട്ടിരുന്നു.
ഈ ആവശ്യം പി.ബി അംഗീകരിക്കുകയായിരുന്നു. പിണറായി അടക്കം സുപരിചിത മുഖങ്ങളെ രംഗത്തിറക്കി തുടർച്ചയായ മൂന്നാം തവണയും ഭരണം പിടിക്കാനാണ് സി.പി.എം ലക്ഷ്യമിടുന്നത്. പിണറായി ധർമടത്തു തന്നെ മത്സരിച്ചേക്കും. സ്ഥാനാർഥികളുടെ കാര്യത്തിൽ ഒരാഴ്ചക്കുള്ളിൽ അന്തിമ തീരുമാനത്തിലെത്തും. 18 അംഗ പി.ബിയിൽ കേരളത്തിന്‍റെ പ്രതിനിധികളായ നാലുപേരിൽ പിണറായി വിജയനൊപ്പം എ. വിജയരാഘവനും ഇക്കുറി കളത്തിലിറങ്ങിയേക്കും. എം.എ. ബേബിയും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ഉണ്ടാവില്ല. എൽ.ഡി.എഫ് സ്ഥാനാർഥികൾ കനത്ത തോൽവിയേറ്റുവാങ്ങുന്ന യു.ഡി.എഫിന്‍റെയും എൻ.ഡി.എയുടെയും പ്രധാന നേതാക്കൾ മത്സരിക്കുന്ന സീറ്റുകളിലടക്കം ഇക്കുറി കരുത്തരെ രംഗത്തിറക്കി മത്സരം കടുപ്പിക്കും.
മറ്റിടങ്ങളിലെ പ്രചാരണത്തിൽനിന്ന് പരമാവധി മാറ്റി യു.ഡി.എഫ് നേതാക്കളെ പ്രചാരണകാലത്ത് സ്വന്തം മണ്ഡലത്തിൽ തളച്ചിടുകകൂടിയാണ് ലക്ഷ്യം. അതിനായി അത്തരം സീറ്റുകൾ ഏറ്റെടുക്കുന്നതും പാർട്ടിയുടെ ആലോചനയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

