പ്രതിഷേധങ്ങൾക്കിടെ മുഖ്യമന്ത്രി അട്ടപ്പാടിയില്‍; മധുവിൻെറ വീട്ടിലെത്തി
text_fieldsപാലക്കാട്/അഗളി: ആദിവാസി യുവാവ് മധുവിനെ മർദിച്ച് കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട സ്ഥിതിഗതികള്‍ വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയന് അട്ടപ്പാടിയിലെത്തി. രാവിലെ പത്തിന് അഗളി ‘കില’ കേന്ദ്രത്തിലെത്തിയ മുഖ്യമന്ത്രി ജില്ലതല ഉദ്യോഗസ്ഥരുടേയും അട്ടപ്പാടിയിലെ പട്ടിക വിഭാഗ ക്ഷേമ പ്രവർത്തനങ്ങൾ നടത്തുന്ന ഉദ്യോഗസ്ഥരുടേയും യോഗത്തില്‍ പങ്കെടുത്തു.
തുടർന്ന് മധുവിെൻറ മുക്കാലി ചിണ്ടക്കി ഊരിലെ വീട് സന്ദർശിക്കുകയായിരുന്നു. മധുവിൻെറ കുടുംബാംഗങ്ങളെ മുഖ്യമന്ത്രി ആശ്വസിപ്പിച്ചു. സംഭവത്തിൽ അന്വേഷണം കുറ്റമറ്റ രീതിയില്‍ മുന്നോട്ടു പോകുന്നതായും പ്രതികൾക്ക് തക്കശിക്ഷ വാങ്ങിക്കൊടുക്കുന്നതിനുള്ള നടപടികൾ സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവുമെന്നും കുടുംബാംഗങ്ങളെ മുഖ്യമന്ത്രി അറിയിച്ചു. അമ്മ മല്ലി നൽകിയ നിവേദനം മുഖ്യമന്ത്രി സ്വീകരിച്ചു. സാമൂഹിക മാധ്യമങ്ങള്‍ വഴി നടത്തുന്ന അപവാദപ്രചാരണങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ പാലക്കാട് ഭാഗത്ത് നിന്ന് മണ്ണാർക്കാട് ഭാഗത്തേക്ക് വരുകയായിരുന്ന മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധവുമായി എ.ബി.വി.പി.പ്രവർത്തകർ കല്ലടിക്കോട് ഭാഗത്ത് രംഗത്തിറങ്ങി. രാവിലെ 10.30 നായിരുന്നു സംഭവം. മധുവിൻറെ മരണത്തിൽ മന്ത്രിമാരുടെ രാജി ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
അതേസമയം, കൊലപാതകത്തിൽ പൊലീസിെൻറ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ആദിവാസി സംഘടനകൾ രംഗത്തെത്തി. തയ്ക്കുല സംഘം, മൂപ്പൻസ് കൗൺസിൽ, ഗിരിജൻ സേവക് സമിതി, വനവാസി വികാസ കേന്ദ്രം തുടങ്ങിയ സംഘടനകൾ ഉൾപ്പെട്ട സംയുക്ത സമരസമിതി അംഗങ്ങളാണ് ആരോപണം ഉന്നയിച്ചത്. നിലവിലെ അന്വേഷണത്തിൽ തൃപ്തിയില്ല. ഐ.പി.എസ് റാങ്കിലുള്ള ഉദ്യോഗസ്ഥൻ നേരിട്ട് അന്വേഷിക്കുകയോ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കുകയോ ചെയ്യണം.
മധുവിെൻറ കൊലപാതകത്തിന് ശേഷം പൊലീസ് പല കാര്യങ്ങളും മറച്ചുവെക്കുന്നുണ്ട്. നാട്ടുകാർ പിടികൂടിയതിനു ശേഷം ഒരു കിലോമീറ്ററോളം മധു നടന്നിട്ടുണ്ട്. ഒരു മണിക്കൂറോളം മുക്കാലി ജങ്ഷനിൽ നിന്നു. പിന്നീട് പൊലീസ് വാഹനത്തിൽ മരിക്കുകയായിരുന്നു. ഇതിൽ ദുരൂഹതയുണ്ട്. സംഭവത്തിൽ ഉൾപ്പെട്ട വനം വകുപ്പ് ജീവനക്കാർക്കെതിരെ നടപടി ഉണ്ടായിട്ടില്ല. അട്ടപ്പാടിയിലെ ആദിവാസികളുടെ ദുരൂഹ മരണങ്ങൾ സംബന്ധിച്ച അന്വേഷണം എങ്ങുമെത്തിയിട്ടില്ല.
മാരുതിയുടെ കൊലപാതകം അടക്കമുള്ള വിഷയങ്ങളിൽ പതിറ്റാണ്ട് പിന്നിട്ടിട്ടും യഥാർഥ പ്രതികൾ പിടിയിലായിട്ടില്ല. അട്ടപ്പാടിയിൽ സർക്കാറുകളാണ് ആദിവാസി ഭൂമി അധികവും തട്ടിയെടുത്തത്. കൊലപാതകവുമായി ബന്ധപ്പെട്ട് കുടിയേറ്റക്കാരെയും ആദിവാസി സമൂഹത്തെയും സംഘർഷത്തിലേക്ക് തള്ളിവിടാൻ ബോധപൂർവ നീക്കം നടക്കുന്നതായും ഇവർ ആരോപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
