യു.എ.ഇ സഹായം സ്വീകരിക്കുന്നതിൽ തടസമുണ്ടെങ്കിൽ പ്രധാനമന്ത്രിയെ സമീപിക്കും- മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: യു.എ.ഇ ഉൾപ്പടെയുള്ള വിദേശരാജ്യങ്ങളിൽ നിന്നുള്ള സഹായം സ്വീകരിക്കുന്നതിൽ തടസം നേരിടുകയാണെങ്കിൽ ഇത് നീക്കാൻ നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വേണ്ടി വന്നാൽ ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സംസാരിക്കും. തടസ്സങ്ങൾ ഒൗദ്യോഗികതലത്തിൽ പരിഹരിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. 2016ലെ ദേശീയ ദുരന്തനിവാരണ നയമനുസരിച്ച് വിദേശരാജ്യങ്ങളിൽ നിന്ന് സഹായം തേടാൻ തടസമില്ലെന്നും പിണറായി വിജൻ പറഞ്ഞു.
മുൻകരുതലില്ലാതെ ഡാം തുറന്നുവെന്ന പ്രതിപക്ഷ നേതാവിെൻറ ആരോപണം തെറ്റാണെന്നും പിണറായി ചൂണ്ടിക്കാട്ടി. ഡാം തുറക്കുന്ന വിവരം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തന്നെ ഫേസ്ബുക്കിലുടെ പങ്കുവെച്ചിട്ടുണ്ട്.വിമർശിക്കാൻ വേണ്ടി മാത്രം ആരോപണങ്ങൾ ഉന്നയിക്കരുത്. ആരോപണങ്ങളിൽ കഴമ്പുണ്ടാകണം. ഭരണകൂടം വേണ്ടതെല്ലാം ചെയ്തുവെന്ന് ചെന്നിത്തല നേരത്തെ പറഞ്ഞിരുന്നുവെന്നും പിണറായി ഒാർമപ്പെടുത്തി.
ഡാം തുറന്ന് വിട്ടത് കൊണ്ട് മാത്രമല്ല കേരളത്തിൽ പ്രളയമുണ്ടായത്. കനത്ത മഴമൂലമാണ് കേരളത്തിലെ പ്രളയത്തിന് കാരണം. 1924ലെ വെള്ളപ്പൊക്കം പ്രകൃതിദുരന്തവും ഇപ്പോഴത്തേത് മനുഷ്യനിർമിത ദുരന്തവുമാണെന്ന പ്രതിപക്ഷ നേതാവിെൻറ വാദം അംഗീകരിക്കാൻ കഴിയില്ല. ഒരു വർഷത്തെ മഴയെ ഒരു സീസണിലെ മഴയുമായി താരതമ്യം ചെയ്ത് പ്രതിപക്ഷ നേതാവ് സംസ്ഥാനത്തെ തെറ്റിദ്ധരിപ്പിക്കുകയാണ്. ഇൗ വർഷം സംസ്ഥാനത്ത് 154 ശതമാനം അധികമഴയാണ് ലഭിച്ചതെന്നും പിണറായി കൂട്ടിച്ചേർത്തു.
ബാണാസുര ഡാം എല്ലാവർഷവും നിറയുന്നതും മുന്നറിയിപ്പില്ലാതെ തുറക്കുന്നതുമാണ്. ഇൗ വർഷവും സമാനരീതിയിൽ നിറഞ്ഞതിനെ തുടർന്ന് ജൂലൈ മാസത്തിൽ ഡാം തുറന്നിരുന്നുവെന്നും പിണറായി പറഞ്ഞു. ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനുള്ള ഇടപെടൽ സർക്കാർ നടത്തും. ദുരിതബാധിതർക്കായുള്ള പദ്ധതികൾ സർക്കാർ ആവിഷ്കരിക്കും. ദുരിതത്തിൽപെട്ടവർ ഒറ്റക്കാവില്ല, സർക്കാർ ഒപ്പമുണ്ടാവുമെന്നും പിണറായി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
