നോട്ട് നിരോധനം: സഹകരണമേഖലയുടെ വിശ്വാസ്യത തകര്‍ക്കാന്‍ ശ്രമംനടന്നു -മുഖ്യമന്ത്രി
text_fieldsകണ്ണൂർ: സഹകരണമേഖലയുടെ വിശ്വാസ്യതയെന്ന ഏറ്റവും വലിയ മൂലധനത്തെ തകര്‍ക്കാനുള്ള ശ്രമമാണ് നോട്ട് നിരോധനത്തെ തുടർന്നുണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എട്ടാമത് കേരള സഹകരണ കോൺഗ്രസ് മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആയിരക്കണക്കിനാളുകള്‍ നിത്യേന ഇടപാട് നടത്തുന്ന സഹകരണസ്ഥാപനങ്ങളെ കേവലം ഒരു വ്യക്തിയുടെ സ്ഥാനത്തേക്ക് പരിമിതപ്പെടുത്തുന്ന നിലയാണ് നോട്ട് നിരോധന കാലത്തുണ്ടായത്. വിശ്വാസ്യത തകര്‍ത്താല്‍ സഹകരണസ്ഥാപനങ്ങളിലെ നിക്ഷേപം ചോര്‍ന്നുപോകുന്ന സ്ഥിതിയാണ് സാധാരണനിലയില്‍ ഉണ്ടാവുക, ഇതിനായിരുന്നു ശ്രമിച്ചത്.
മികച്ചരീതിയില്‍ പ്രവര്‍ത്തിക്കുന്നവയായി 2015ലെ ഇക്കണോമിക് റിവ്യൂവില്‍ പരാമര്‍ശിച്ച കേരളത്തിലെ സഹകരണസ്ഥാപനങ്ങളില്‍ 558 എണ്ണം ഇതോടെ നഷ്ടത്തിലായി. 30 എണ്ണം പൂട്ടിയതുപോലെയായി. 34 എണ്ണം ലിക്വിഡേഷെൻറ വക്കിലാണ്. 1.5 ലക്ഷം കോടി രൂപയാണ് കേരളത്തിലെ സഹകരണമേഖലയിലെ നിക്ഷേപം. ഇതിനെ പിറകോട്ടടിപ്പിക്കാനും തകര്‍ക്കാനുമുള്ള ശ്രമമാണുണ്ടായത്. എന്നാൽ, സഹകാരികള്‍ക്കും സഹകരണമേഖലക്കും ഒന്നിച്ചുനില്‍ക്കാന്‍ കഴിഞ്ഞു.
ജനങ്ങളുടെ സ്വന്തമായ മേഖലയാണ് സഹകരണരംഗം. ഇടപാടുകാരെ ചൂഷണം ചെയ്യുകയെന്ന സമീപനം സഹകരണ ബാങ്കുകള്‍ക്കില്ല. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്.ബി.െഎ മിനിമം ബാലന്‍സ് ഇല്ല എന്നപേരില്‍ 2017 ഏപ്രില്‍ മുതല്‍ നവംബര്‍വരെ മാത്രം ഈടാക്കിയത് 1771 കോടി രൂപയാണ്. ഇതില്‍നിന്ന് വ്യത്യസ്തമായ രീതിയിലാണ് സഹകരണ ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നത്.
കേരളത്തിലെ സഹകരണരംഗത്ത് ഏറ്റവും ശക്തമായി പ്രവര്‍ത്തിക്കുന്നത് വായ്പാസംഘങ്ങളാണ്. സംസ്ഥാന സഹകരണ ബാങ്കിനെ ഒരു പരിവര്‍ത്തനത്തിലൂടെ കേരള കോഓപറേറ്റിവ് ബാങ്ക് എന്നനിലയില്‍ കൂടുതല്‍ കരുത്തുള്ള ഒരു സ്ഥാപനമായി മാറ്റാനാണ് ലക്ഷ്യമിടുന്നത്. നിലവിലുള്ള ത്രിതല സംവിധാനത്തിന് പകരം ദ്വിതല സംവിധാനത്തിലേക്ക് മാറുമെന്നും അദ്ദേഹം പറഞ്ഞു. സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
