Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രക്ഷോഭത്തെ ചോരയിൽ മുക്കിക്കൊല്ലാൻ നരേന്ദ്ര മോദി സർക്കാർ ശ്രമം; സ്റ്റേഡിയങ്ങളിലെ താൽക്കാലിക തടങ്കൽ പാളയങ്ങൾ നാസി ജർമനിക്ക് സമാനം -പിണറായി

text_fields
bookmark_border
പ്രക്ഷോഭത്തെ ചോരയിൽ മുക്കിക്കൊല്ലാൻ നരേന്ദ്ര മോദി സർക്കാർ ശ്രമം; സ്റ്റേഡിയങ്ങളിലെ താൽക്കാലിക തടങ്കൽ പാളയങ്ങൾ നാസി ജർമനിക്ക് സമാനം -പിണറായി
cancel

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രക്രിയയെയും ഭരണഘടനാ സ്ഥാപനങ്ങളെയും പൂർണ്ണമായി കാൽക്കീഴിലാക്കാനുള്ള ഏകാധിപത്യ നീക്കങ്ങൾക്കെതിരെ ഉയർന്നുവന്ന പ്രക്ഷോഭത്തെ ചോരയിൽ മുക്കിക്കൊല്ലാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് നിയമസഭ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സമാധാനപരമായി സംഘടിച്ചവർക്കെതിരെ രാജ്യതലസ്ഥാനത്ത് അരങ്ങേറിയത് അങ്ങേയറ്റം കിരാതമായ ഭരണകൂട ഭീകരതയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പ്രതിഷേധത്തെ അമർച്ച ചെയ്യാൻ അരലക്ഷത്തോളം പൊലീസിനെയും അർധസൈനികരെയുമാണ് തെരുവിൽ വിന്യസിച്ചത്. മനുഷ്യമനസ്സാക്ഷിയെ ഞെട്ടിക്കുന്ന ആക്രമണങ്ങളാണ് അവർ അഴിച്ചുവിട്ടത്. സി.പി.ഐ.എം രാജ്യസഭാ കക്ഷി നേതാവ് ജോൺ ബ്രിട്ടാസ് എം.പിയെ പൊലീസ് വാഹനത്തിലിട്ട് ശ്വാസംമുട്ടിച്ച് ക്രൂരമായി മർദിക്കുകയും തെരുവിൽ വലിച്ചെറിയുകയും ചെയ്തു. ഒരു പാർലമെന്റ് അംഗത്തിന് പോലും വിലകൽപ്പിക്കാത്ത ഡൽഹി പൊലീസ് വെറും ക്രിമിനൽ സംഘമായി അധഃപതിച്ചിരിക്കുകയാണ്.


വിദ്യാർഥി-യുവജന നേതാക്കൾക്ക് നേരെ സമാനതകളില്ലാത്ത ക്രൂരതയാണ് നടന്നത്. എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് ആദർശ് എം. സജിയുടെ മുഖത്തടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചു. ഡിവൈ.എഫ്.ഐ കേന്ദ്രകമ്മിറ്റി അംഗം ജെയ്ക്ക് സി. തോമസിനെ നടുറോഡിലൂടെ വലിച്ചിഴയ്ക്കുകയും വിവസ്ത്രനാക്കുകയും ചെയ്തു. സമരമുഖത്തുണ്ടായിരുന്ന എസ്.എഫ്.ഐയുടെ വനിതാ നേതാക്കളായ സിമ്രനെയും ശരണ്യയെയും കഴുത്തിന് കുത്തിപ്പിടിക്കുകയും വസ്ത്രങ്ങൾ വലിച്ചുകീറുകയും ചെയ്ത പൊലീസ്, കസ്റ്റഡിയിലെടുത്ത വിദ്യാർഥികളെ വാഹനത്തിനകത്ത് ചവിട്ടിമെതിക്കുകയായിരുന്നു. ധ്രുവ് റാഠി, അഭിജിത് ദീപ്കെ തുടങ്ങി പ്രക്ഷോഭത്തിന്റെ നേതൃനിരയിൽ ഉണ്ടായിരുന്ന നിരവധി പേർ പോലീസിന്റെ അതിക്രമത്തിന് ഇരയായി. ആയിരക്കണക്കിന് പേരെയാണ് മൃഗീയമായി തല്ലിച്ചതച്ചത്. ഹിറ്റ്ലറുടെ നാസി ജർമനിയെ ഓർമിപ്പിച്ചുകൊണ്ട് അറസ്റ്റിലായവരെ പാർപ്പിക്കാൻ സ്റ്റേഡിയങ്ങളെ താൽക്കാലിക തടങ്കൽ പാളയങ്ങളാക്കി മാറ്റുകയാണ്.

നേതാക്കളെ ഇരുമ്പഴികൾ കൊണ്ട് മറച്ച ബസ്സുകളിൽ കയറ്റി അതിർത്തികളിലേക്ക് നാടുകടത്താൻ നോക്കുകയാണ്. ചോദ്യങ്ങൾ ചോദിക്കുന്നവരെയും വിയോജിക്കുന്നവരെയും പോലീസിനെ ഉപയോഗിച്ച് അടിച്ചമർത്താമെന്നത് സംഘപരിവാറിന്റെ അതിമോഹം മാത്രമാണ്. അധികാരത്തിന്റെ ഹുങ്കിൽ അവർ അഴിച്ചുവിടുന്ന ഈ ഭരണകൂട ഭീകരതയ്ക്ക് മുന്നിൽ മുട്ടുമടക്കുന്നവരല്ല ഈ നാട്ടിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങൾ. ഡൽഹിയിലെ തെരുവുകളിൽ വീണ ഓരോ തുള്ളി ചോരക്കും ബി.ജെ.പി സർക്കാർ ജനങ്ങളോട് മറുപടി പറയേണ്ടിവരും. ഈ ക്രൂരമായ നരനായാട്ടിനെതിരെ രാജ്യത്തെ മുഴുവൻ ജനാധിപത്യവിശ്വാസികളും ഒറ്റക്കെട്ടായി ശബ്ദമുയർത്തണമെന്നും പ്രക്ഷോഭത്തിന്റെ മുൻനിരയിൽ നിർഭയത്വത്തോടെ അണിനിരക്കുന്ന എല്ലാവർക്കും അഭിവാദ്യങ്ങൾ അർപ്പിക്കുന്നതായും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Modi Govt Attempting to Crush Protests, Stadiums Made Detention Camps: Pinarayi Vijaya
Next Story