മാസപ്പടിക്കേസ്; നാളെ ഇ.ഡിക്ക് മുമ്പിൽ ഹാജരാകാന് കഴിയില്ല, കത്തയച്ച് പിണറായി വിജയന്
text_fieldsപിണറായി വിജയന്
കൊച്ചി: ഇ.ഡി അയച്ച സമൻസിന് പിന്നാലെ നാളെ ഹാജരാകാൻ കഴിയില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കൊച്ചിയിലെ ഇ.ഡി ഓഫീസിൽ 23-ന് രാവിലെ ഹാജരാകാൻ നിർദേശിച്ചുള്ള സമൻസിന് മറുപടിയായി അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെയുള്ള അപ്പീൽ ഡിവിഷൻ ബെഞ്ച് പരിഗണിക്കുമെന്ന സുപ്രീം കോടതിയുടെ ഇടപെടലാണ് പ്രധാന കാരണമായി പറയുന്നത്. എൻഫോഴ്സ്മെന്റ് അസിസ്റ്റന്റ് ഡയറക്ടർ അരുൺ ചാരിക്കാണ് പിണറായി വിജയൻ രേഖാമൂലം കത്തയച്ചത്. അതേസമയം, നടക്കാനിരിക്കുന്ന നിയമസഭാ സമ്മേളനവും കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പ്രതിപക്ഷ നേതാവായതിനാൽ നിയമസഭാ സമ്മേളനം ആരംഭിക്കാനിരിക്കെ തിരക്കുകളുണ്ടെന്നും അതിനാൽ ഹാജരാകാൻ കഴിയില്ലെന്നുമാണ് പറയുന്നത്.
അതേ സമയം പിണറായി വിജയൻ, മകൾ വീണ ടി., മരുമകൻ മുഹമ്മദ് റിയാസ് എന്നിവർക്കെതിരായ മാസപ്പടിക്കേസിലെ വിജിലൻസ് അന്വേഷണം സുപ്രീംകോടതി ഒരാഴ്ചത്തേക്ക് സ്റ്റേ ചെയ്തു. കുറ്റാരോപിതരെ കേൾക്കാതെ ഹൈകോടതി പുറപ്പെടുവിച്ച ഉത്തരവിനെയും അതിനെ ന്യായീകരിച്ച എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റി(ഇ.ഡി)നെയും അതിരൂക്ഷമായി വിമർശിച്ചാണ് ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ സുപ്രീംകോടതി അവധിക്കാല ബെഞ്ചിന്റെ സുപ്രധാന ഉത്തരവ്. കേസിൽ തങ്ങളുടെ ഭാഗം കേൾക്കാതെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഉത്തരവിട്ട സിംഗിൾ ബെഞ്ച് വിധിക്കെതിരെ ഹൈകോടതി ഡിവിഷൻ ബെഞ്ചിനെ സമീപിക്കാൻ പിണറായി വിജയനും കുടുംബത്തിനും സുപ്രീം കോടതി അനുമതി നൽകി.
അപ്പീൽ നൽകാനുള്ള അനുമതി നിഷേധിച്ച ഹൈകോടതി ഡിവിഷൻ ബെഞ്ചിന്റെ മുൻ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. ഇതിനെതിരെ കേരള സർക്കാർ അപ്പീൽ നൽകാതിരുന്നത് എന്തുകൊണ്ടാണെന്ന് ചോദിച്ച സുപ്രീംകോടതി, ഹൈകോടതി ഉത്തരവോടെ നിയമത്തിന് വിധേയമായതാകാം എന്ന് അഭിപ്രായപ്പെടുകയും ചെയ്തു.ഇ.ഡി പങ്കുവെച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സി.എം.ആർ.എൽ-എക്സാലോജിക് കേസിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ കേരള പൊലീസിനോട് ഹൈകോടതി ഉത്തരവിട്ടിരുന്നത്. അതിനാൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതിനെയും ഹൈകോടതി ഉത്തരവിനെയും ഇ.ഡി അഭിഭാഷകൻ പിന്തുണച്ചപ്പോൾ അതിരൂക്ഷമായ ഭാഷയിലാണ് ജസ്റ്റിസ് ബാഗ്ചി നേരിട്ടത്. തങ്ങളുടെ നിയമപരമായ പരിധികൾക്കപ്പുറം കടന്ന് മറ്റ് അന്വേഷണ ഏജൻസികളുടെ അധികാരങ്ങളിൽ ഇടപെടരുതെന്ന് ഇ.ഡിയോടും, പ്രാഥമിക അന്വേഷണം പോലും നടത്താതെ ധിറുതിപിടിച്ച് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ നിർദേശിച്ച ഹൈകോടതി സിംഗിൾ ബെഞ്ചിനോടും കോടതി ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ചു.

