ജനക്ഷേമമല്ല, കോർപ്പറേറ്റ് താല്പര്യങ്ങൾക്ക് മുൻഗണന: അതിദാരിദ്ര്യ നിർമാർജ്ജനവും നവകേരളയും കയ്യൊഴിഞ്ഞു; ബജറ്റിനെതിരെ പിണറായി വിജയൻ
text_fieldsതിരുവനന്തപുരം: തിരുവനന്തപുരം: സംസ്ഥാന ബജറ്റ് തീർത്തും നിരാശാജനകവും വികസന മുരടിപ്പിന് വഴിവെക്കുന്നതുമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കേരളത്തിന്റെ ഭാവി വികസനത്തെക്കുറിച്ചുള്ള വ്യക്തമായ കാഴ്ചപ്പാടോ, സാമ്പത്തിക വളർച്ച ലക്ഷ്യമിട്ടുള്ള ഒരു ബ്ലൂ പ്രിന്റോ ഈ ബജറ്റിലില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
സംസ്ഥാനം വലിയൊരു സാമ്പത്തിക അപകടാവസ്ഥയിലാണെന്ന തരത്തിലാണ് ബജറ്റ് ആമുഖത്തിലും മുഖ്യമന്ത്രിയുടെ പ്രസംഗത്തിലും അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ ഇത് രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ആക്ഷേപം മാത്രമാണെന്ന് പിണറായി വിജയൻ ചൂണ്ടിക്കാട്ടി. എൽ.ഡി.എഫ് സർക്കാർ അധികാരമൊഴിയുമ്പോൾ ട്രഷറിയിൽ 6,000 കോടി രൂപയോളം നീക്കിയിരുപ്പ് ഉണ്ടായിരുന്നുവെന്നും, വരവിലുണ്ടാകുന്ന വർധനവ് മറച്ചുവെച്ച് ബാധ്യതകളെ പെരുപ്പിച്ച് കാട്ടി ജനങ്ങളെ ഭയപ്പെടുത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
കേന്ദ്രസർക്കാറിന്റെ നിലപാട്, അതുമൂലം ഉണ്ടാകുന്ന ധനനഷ്ടം, അത് ഈ ബജറ്റ് അഭിസംബോധന ചെയ്യുന്നില്ലെന്ന് പിണറായി വിജയൻ ചൂണ്ടിക്കാണിച്ചു. ഇതൊക്കെ കണ്ടില്ലെന്ന് നടിക്കലാണ്. കണ്ടില്ലെന്ന് നടിക്കലിലെ രാഷ്ട്രീയം ശ്രദ്ധിക്കണം. മുൻ സർക്കാരിനെ കുറ്റപ്പെടുത്താൻ ബജറ്റ് ശ്രമിക്കുന്നതും ഇതേ രാഷ്ട്രീയത്തിന്റെ ഭാഗമാണെന്ന് പിണറായി വിജയൻ പറഞ്ഞു. സർക്കാരിന്റെ സ്വാഭാവിക ബാധ്യതകളെ പെരുപ്പിച്ചു കാട്ടുന്നു. കേരളത്തിന്റെ ഭാവി വികസനത്തിനായി കൃത്യമായ ഒരു ബ്ലൂ പ്രിന്റും ഈ ബജറ്റിലില്ല. എൽ.ഡി.എഫ് സർക്കാർ നടപ്പിലാക്കിയ പല വികസന പദ്ധതികളും വെട്ടിക്കുറക്കുകകയും, അവയുടെ പേര് മാറ്റി പുതിയ പദ്ധതികളായി അവതരിപ്പിക്കുകയുമാണ് സർക്കാർ ചെയ്തിരിക്കുന്നത്. നവകേരളം എന്ന സ്വപ്നത്തെ സർക്കാർ കൈവിട്ടതായും അദ്ദേഹം കുറ്റപ്പെടുത്തി.
ബജറ്റ് ജനക്ഷേമകരമല്ലെന്നും മറിച്ച് കോർപ്പറേറ്റ് താല്പര്യങ്ങൾക്ക് മുൻഗണന നൽകുന്നതാണെന്നും പിണറായി വിജയൻ പറഞ്ഞു. കേരളത്തിന്റെ തീരദേശത്തെയും ധാതു സമ്പത്തിനെയും സ്വകാര്യ കുത്തകകൾക്ക് തീറെഴുതിക്കൊടുക്കാനുള്ള നീക്കമാണ് നടക്കുന്നത്. മാരിടൈം പോളിസി ഇതിന്റെ ഭാഗമാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മൈനർ ധാതു ഖനനമുൾപ്പടെ സ്വകാര്യ മേഖലക്ക് തുറന്നു കൊടുക്കുന്നതാണ് കേന്ദ്രനയം. അതേ നയം തന്നെയാണ് യു.ഡി.എഫ് സർക്കാരും പിന്തുടരുന്നതെന്ന് അദേഹം വിമർശിച്ചു. എൽ.ഡി.എഫ് മുന്നോട്ടുവച്ചമയം അട്ടിമറിച്ചാണ് കേന്ദ്രസർക്കാർ ആശയം അംഗീകരിച്ച് സ്വകാര്യവൽക്കരണ നീക്കം ബജറ്റിലൂടെ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് അദേഹം കൂട്ടിച്ചേർത്തു.
ഭൂപരിഷ്കരണ നിയമം പൊളിച്ചെഴുതാനുള്ള തീരുമാനം ഗൗരവതരമാണ്. സ്വകാര്യ കമ്പനികൾക്ക് മദ്യ ഉൽപാദനത്തിന് അവസരം നൽകുന്നതിലൂടെ വൻകിടക്കാർക്ക് ഗുണകരമാകുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്. ജനക്ഷേമ പദ്ധതികളിൽ നിന്ന് സർക്കാർ പിൻമാറുന്നതായി പിണറായി വിജയൻ മുന്നറിയിപ്പ് നൽകി. ലൈഫ് പദ്ധതി അട്ടിമറിക്കാനാണ് സർക്കാർ നീക്കം നടത്തുന്നത്. മത്സ്യത്തൊഴിലാളികൾക്കായി പ്രഖ്യാപിച്ച ഭവന പദ്ധതി പുതിയതൊന്നുമല്ല, നേരത്തെയുള്ള പദ്ധതി തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. 25 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ചെങ്കിലും അതിനായി വെറും 10 കോടി രൂപ മാത്രമാണ് മാറ്റിവെച്ചിരിക്കുന്നത്. ഇത് വെറും പ്രഹസനമാണെന്നും അദ്ദേഹം വിമർശിച്ചു.
അതിദാരിദ്ര്യ നിർമ്മാർജ്ജനത്തെക്കുറിച്ച് ബജറ്റിൽ ഒരക്ഷരം പോലും പരാമർശമില്ലാത്തത് നിർഭാഗ്യകരമാണെന്നും പിണറായി വിജയൻ ചൂണ്ടിക്കാട്ടി. സർക്കാർ കേന്ദ്രനയങ്ങളെ അന്ധമായി പിന്തുടരുകയാണെന്നും, കിഫ്ബി പോലുള്ള വികസന മാതൃകകളെ തകർക്കാൻ ശ്രമിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. ഭാവി കേരളത്തിനായുള്ള വ്യക്തമായ കാഴ്ചപ്പാടില്ലാത്ത ഈ ബജറ്റ് ജനങ്ങളെ നിരാശപ്പെടുത്തുന്നതാണെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

