Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രാജ്യത്തിന്റെ വിദ്യാഭ്യാസ സംവിധാനത്തിന് അപമാനം; എൻ.ടി.എ പിരിച്ചുവിട്ട് പരീക്ഷ നടത്തിപ്പ് ചുമതല സർക്കാർ ഏജൻസികൾക്ക് കൈമാറണമെന്നും പിണറായി വിജയൻ

text_fields
bookmark_border
Pinarayi Vijayan
cancel

തിരുവനന്തപുരം: നീറ്റ് ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ സമഗ്രവും സുതാര്യവും സമയബന്ധിതവുമായ അന്വേഷണം നടത്തണമെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ. രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവിയെയും സ്വപ്നങ്ങളെയും നിർണയിക്കുന്ന നീറ്റ് പരീക്ഷ വീണ്ടും ചോദ്യചോർച്ചയുടെയും ക്രമക്കേടുകളുടെയും പേരിൽ വിവാദത്തിലാകുന്നത് അത്യന്തം ഗുരുതരവും പ്രതിഷേധാർഹവുമാണ്. വർഷങ്ങളോളം കഠിനാധ്വാനം ചെയ്ത് പരീക്ഷക്കായി തയാറെടുക്കുന്ന വിദ്യാർഥികളുടെ വിശ്വാസത്തെയും ആത്മവിശ്വാസത്തെയും തകർക്കുന്ന സംഭവമാണിതെന്നും അദ്ദേഹം പ്രസ്താവനയിൽ അറിയിച്ചു.

പരീക്ഷാ സംവിധാനം വിശ്വാസ്യതയോടെ നടത്തേണ്ടവർ തന്നെ സുരക്ഷ ഉറപ്പാക്കുന്നതിൽ പരാജയപ്പെടുന്നത് രാജ്യത്തിന്റെ വിദ്യാഭ്യാസ സംവിധാനത്തിനുള്ള വലിയ അപമാനമാണ്. നാഷനൽ ടെസ്റ്റിങ് ഏജൻസിയെ (എൻ.ടി.എ) പരീക്ഷകൾ നടത്താൻ കേന്ദ്ര സർക്കാർ ചുമതലപ്പെടുത്തിയതിന് ശേഷം ചോദ്യപേപ്പറുകൾ ചോരുന്നത് ഇതാദ്യമായല്ല. എൻ.ടി.എ പിരിച്ചുവിട്ട് പരീക്ഷകൾ നടത്താനുള്ള ചുമതല മുമ്പത്തെപ്പോലെ അതത് സർക്കാർ ഏജൻസികൾക്ക് കൈമാറണം. ചോദ്യപേപ്പർ ചോർച്ച, കോച്ചിങ്-മാഫിയകളുടെ ഇടപെടൽ, അഴിമതി എന്നിവയെക്കുറിച്ച് ഉയരുന്ന ആരോപണങ്ങൾ അതീവ ആശങ്കാജനകമാണ്. പാവപ്പെട്ട കുടുംബങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ വർഷങ്ങളായുള്ള പരിശ്രമത്തിന്റെയും സാമ്പത്തിക ബുദ്ധിമുട്ടുകളുടെയും നടുവിൽ പരീക്ഷയെ സമീപിക്കുമ്പോൾ, ഇത്തരം ക്രമക്കേടുകൾ അവരുടെ നീതിപൂർണമായ അവസരങ്ങളെയാണ് കവർന്നെടുക്കുന്നത്.

ഈ സംഭവത്തിൽ സമഗ്രവും സുതാര്യവും സമയബന്ധിതവുമായ അന്വേഷണം നടത്തണം. കുറ്റക്കാർ ആരായാലും മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണം. പരീക്ഷാ സംവിധാനത്തിന്റെ വിശ്വാസ്യത പുനഃസ്ഥാപിക്കാൻ കേന്ദ്ര സർക്കാർ അടിയന്തര ഇടപെടൽ നടത്തേണ്ടതാണ്. വിദ്യാർഥികളുടെ ഭാവി പരീക്ഷണശാലയല്ല. പ്രവേശന പരീക്ഷാ നടത്തിപ്പ് പ്രഹസനമാക്കി വിദ്യാർഥികളുടെ സ്വപ്നങ്ങളെ ഇല്ലാതാക്കരുതെന്നും പിണറായി വിജയൻ പ്രതികരിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Pinarayi Vijayan says NTA should be dissolved
Next Story