സിദ്ധരാമയ്യ സംസാരിക്കുമ്പോൾ താൻ വേദിയിൽ ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി; ബുൾഡോസർ രാജ് വിമർശനത്തിനുശേഷം ഇരുനേതാക്കളും ഒരു വേദിയിൽ
text_fieldsകൊല്ലം: കർണാടക യെലഹങ്കയിലെ ബുൾഡോസർ രാജിൽ കോൺഗ്രസ് സർക്കാറിനെതിരായ രൂക്ഷ വിമർശനത്തിനും തിരിച്ചുള്ള മറുപടിക്കുംശേഷം മുഖ്യമന്ത്രി പിണറായി വിജയനും സിദ്ധരാമയ്യയും ഒരേ വേദിയിൽ. ശിവഗിരിയിൽ 93-ാമത് തീർത്ഥാടന സമ്മേളനം ഉദ്ഘാടന വേദിയിലാണ് ഇരുനേതാക്കളും ഒരുമിച്ചത്. മന്ത്രി സഭായോഗം ഉള്ളതിനാൽ സിദ്ധരാമയ്യ സംസാരിക്കുമ്പോൾ താൻ വേദിയിൽ ഉണ്ടാകില്ലെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
മുഖ്യമന്ത്രിയുടെ വാക്കുകൾ: ‘അധ്യക്ഷ പ്രസംഗം മാറ്റി ഉദ്ഘാടനത്തിന് സമയം തന്ന അധ്യക്ഷൻ വലിയ സൗകര്യമാണ് ഉണ്ടാക്കിത്തന്നിട്ടുള്ളത്. ഇവിടെ എത്തേണ്ടതിനാൽ രാവിലെ നടക്കേണ്ട മന്ത്രിസഭ യോഗം 12 മണിക്ക് മാറ്റിവെച്ചിരുന്നു. ഇതിനുശേഷം ചെറിയ മര്യാദകേട് കാണിക്കേണ്ടി വരികയാണ്. ബഹുമാന്യനായ കർണാടക മുഖ്യമന്ത്രി സംസാരിക്കുമ്പോൾ ഞാൻ കൂടി വേദിയിലുണ്ടാകുകയാണ് വേണ്ടത്. പക്ഷേ, കാബിനറ്റ് യോഗമായതിനാൽ അതിന് സാധ്യമല്ലാതെ വന്നിരിക്കുന്നു. അതും അംഗീകരിച്ച് നൽകണമെന്നാണ് അഭ്യർഥിക്കാനുള്ളത്...’
ഉത്തരേന്ത്യയിൽ സംഘപരിവാർ നടപ്പാക്കുന്ന ന്യൂനപക്ഷ വിരുദ്ധ ആക്രമോത്സുക രാഷ്ട്രീയത്തിന്റെ മറ്റൊരു പതിപ്പാണ് കർണാടകയിൽ കണ്ടതെന്നും, ഉത്തരേന്ത്യൻ മോഡൽ ബുൾഡോസർ നീതി ദക്ഷിണേന്ത്യയിലേക്ക് ചുവടുവച്ചു വരുമ്പോൾ അതിന്റെ കാർമ്മികത്വം കർണാടകയുടെ ഭരണനേതൃത്വത്തിലുള്ള കോൺഗ്രസ്സിനാണ് എന്നത് ആശ്ചര്യകരമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വിമര്‍ശിച്ചിരുന്നു. പാവപ്പെട്ടവർക്ക് കിടപ്പാടം ഒരുക്കി കൊടുക്കാനും ഒരാളെയും താമസസ്ഥലത്തുനിന്ന് ഇറക്കി വിടാതിരിക്കാനും മുൻകൈയെടുക്കേണ്ട ഭരണാധികാരികൾ തന്നെ ഇങ്ങനെ ബലംപ്രയോഗിച്ച് കൂട്ടത്തോടെ കുടിയൊഴിപ്പിക്കുന്നതിനെ എന്തുപറഞ്ഞാണ് കോൺഗ്രസ് ന്യായീകരിക്കുക എന്നും അദ്ദേഹം ചോദിച്ചിരുന്നു.
സംസ്ഥാനത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ വസ്തുത അറിയാതെ ഇടപെടരുതെന്നാണ് ഇതിന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ മറുപടി നൽകിയത്. ‘‘പിണറായി വിജയന്റെ പരാമർശം നിർഭാഗ്യകരമാണ്. അദ്ദേഹത്തെ പോലെയുള്ള മുതിർന്ന നേതാക്കൾ വസ്തുത അറിയാതെ വിഷയത്തിൽ ഇടപെടരുത്. പ്രദേശത്തെ കൈയേറ്റമാണ് ഒഴിപ്പിച്ചത്. അതിൽ ചുരുക്കം ചിലരേ തദ്ദേശീയരായുള്ളൂ. പ്രദേശത്ത് മാലിന്യക്കൂമ്പാരമാണ്. ഞങ്ങളുടെ നഗരം ഞങ്ങൾക്ക് നന്നായി അറിയാം. അതിനെ ചേരിയാക്കുന്നത് ഭൂമാഫിയയുടെ താൽപര്യമാണ്. ഞങ്ങൾക്ക് മനുഷ്യത്വമുണ്ട്. ഒരു സമുദായത്തിനും ഞങ്ങൾ എതിരല്ല. അർഹരായ ആളുകൾക്ക് പകരം ഭൂമി നൽകും’’ -എന്ന് ശിവകുമാർ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

