പട്ടയവിതരണം കുത്തിത്തിരുപ്പുകാരുടെ മുഖത്തേറ്റ അടിയാണെന്ന് മുഖ്യമന്ത്രി
text_fieldsഎരുമേലി: ജനങ്ങൾക്കിടയിൽ പരിഭ്രാന്തി പരത്തി നേട്ടം കൊയ്യാമെന്ന് കരുതിയ കുത്തിത്തിരുപ്പുകാരുടെ മുഖത്തേറ്റ അടിയാണ് പട്ടയവിതരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എരുമേലി തെക്ക് വില്ലേജിൽ എയ്ഞ്ചൽവാലി-പമ്പാവാലി പ്രദേശങ്ങളിലെ ഭൂവുടമകൾക്ക് ഭൂനികുതി അടക്കുന്നതിലെ പ്രശ്നങ്ങൾ പരിഹരിച്ച് ക്രമവത്കരിച്ച പട്ടയവിതരണത്തിന്‍റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം.
521 പട്ടയങ്ങളാണ് വിതരണം ചെയ്തത്. മനുഷ്യ-വന്യജീവി സംഘർഷങ്ങൾ ലഘൂകരിക്കാൻ നടപടി സ്വീകരിക്കും. മനുഷ്യവാസസ്ഥലങ്ങളിലും കൃഷിഭൂമിയിലും വന്യമൃഗങ്ങൾ പ്രവേശിക്കുന്നത് തടയാൻ സംവിധാനം ഒരുക്കും. നൂതനസാങ്കേതികവിദ്യകളുടെ സഹായത്തോടെ മുന്നറിയിപ്പ് സംവിധാനങ്ങൾ കാര്യക്ഷമമാക്കും. വന്യജീവി ആക്രമണങ്ങളുടെ പേരിൽ ജനങ്ങൾക്കിടയിൽ പരിഭ്രാന്തി പരത്താനും സർക്കാറിനെതിരെ തിരിക്കാനും ചില സ്ഥാപിത താൽപര്യക്കാർ ഇറങ്ങിയിട്ടുണ്ട്. എന്നാൽ, ഇത്തരം ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
എയ്ഞ്ചൽവാലി സെന്‍റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മന്ത്രി കെ. രാജൻ അധ്യക്ഷത വഹിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ അതിർത്തികൾ കൃത്യമായി നിർണയിച്ചിട്ടുണ്ട്. വനംവകുപ്പിന്‍റെ കൂടി സംയുക്ത പരിശോധനയ്ക്കുശേഷമാണ് റവന്യൂവകുപ്പിന്‍റെ പട്ടയമാക്കി അപേക്ഷ നൽകിയവർക്ക് കൈമാറുന്നതെന്നും മന്ത്രി പറഞ്ഞു.
ശേഷിക്കുന്ന അപേക്ഷകർക്ക് ജൂൺ 6,7 തീയതികളിൽ എയ്ഞ്ചൽവാലി സെന്‍റ് മേരീസ് സ്‌കൂളിൽ അദാലത് നടത്തി പഴയ പട്ടയങ്ങൾ സറണ്ടർ ചെയ്യാൻ അവസരമൊരുക്കും. ഈ അപേക്ഷകളിൽ ആഗസ്റ്റ് 30ന് മുമ്പ് നിയമസാധുതയുള്ള പുതിയ പട്ടയം കൈമാറുമെന്നും പറഞ്ഞു. മന്ത്രി വി.എൻ. വാസവൻ വിശിഷ്ടാതിഥിയായി. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി. ബിന്ദു, കലക്ടർ ഡോ. പി.കെ. ജയശ്രീ, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ശുഭേഷ് സുധാകരൻ, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അജിത രതീഷ്, എരുമേലി പഞ്ചായത്ത് പ്രസിഡന്‍റ് മറിയാമ്മ സണ്ണി, പഞ്ചായത്തംഗം മാത്യു ജോസഫ്, കാഞ്ഞിരപ്പള്ളി തഹസിൽദാർ ബെന്നി മാത്യു, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ വി.ബി. ബിനു, ഗിരീഷ്‌കുമാർ, എബി കാവുങ്കൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

