You are here
സാമ്പത്തിക സഹായം ആവശ്യമില്ലെന്നു പറഞ്ഞിട്ടില്ല; മുരളീധരന് മറുപടിയുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രളയം നേരിടുന്ന കേരളത്തിന് സാമ്പത്തികസഹായം വേണ്ടെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി വിളിച്ചപ്പോൾ താൻ പറഞ്ഞെന്ന കേന്ദ്രമന്ത്രി വി. മുരളീധരെൻറ പരാമർശം മുഖ്യമന്ത്രി പിണറായി വിജയൻ തള്ളി. ആഭ്യന്തര സഹമന്ത്രി തന്നെ വിളിച്ചിരുന്നു. പണമുണ്ടെന്നും ഇനി വേണ്ടെന്നും താൻ പറഞ്ഞിട്ടില്ല. ഹിന്ദിയിലായതിനാൽ അദ്ദേഹത്തിെൻറ സംഭാഷണം തനിക്ക് മനസ്സിലായില്ല. താൻ ഇംഗ്ലീഷിലാണ് സംസാരിച്ചത്. ഹിന്ദി തനിക്ക് മനസ്സിലാകില്ലെന്ന് അദ്ദേഹത്തോട് പറഞ്ഞെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
തുടർന്ന് കേന്ദ്രമന്ത്രി ഇംഗ്ലീഷിൽ സംസാരിക്കാൻ സെക്രട്ടറിക്ക് നൽകി. സെക്രട്ടറിയോട് നമ്പർ വാങ്ങി തെൻറ സെക്രട്ടറിയെ കൊണ്ട് വിളിപ്പിക്കുകയായിരുന്നു. താൻ ഒരു കാര്യവും കേന്ദ്രമന്ത്രിയോട് സംസാരിച്ചിട്ടില്ല. മുരളീധരന് തെറ്റിദ്ധാരണ വന്നത് എങ്ങെനയെന്ന് അറിയില്ല. താൻ പറയാത്ത കാര്യം മനസ്സിലാക്കാനുള്ള വൈഭവം ആരോപണം ഉന്നയിച്ച കേന്ദ്രമന്ത്രിക്കുണ്ടോ എന്നറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രളയം നേരിടുന്നതിൽ സംസ്ഥാനം മുന്നൊരുക്കം നടത്തിയില്ലെന്ന വി. മുരളീധരെൻറ ആരോപണം ശ്രദ്ധയിൽപെടുത്തിയപ്പോൾ അത് ശരിയല്ലെന്നായിരുന്നു മറുപടി.
പ്രളയ ആശങ്ക പൂർണമായി ഒഴിവായി എന്ന് പറയാനാകില്ല. പ്രളയ സാഹചര്യത്തിൽ ഒാണം വാരാഘോഷവും മറ്റും മാറ്റുന്നത് ആലോചിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന വന്ന് തുടങ്ങിയിട്ടുണ്ട്. ഒരു മാസ പെൻഷനും ശമ്പളവും ഇതിനകം നൽകിയവരുമുണ്ട്. സാലറി ചലഞ്ച് പ്രത്യേകമായി പറഞ്ഞിട്ടില്ല. കഴിഞ്ഞ തവണ സാലറി ചലഞ്ചിൽ പെങ്കടുക്കാത്ത കൂട്ടർക്ക് ഇപ്പോൾ നല്ല അവസരമാണ്. സർക്കാർ പറയാതെ ഇതിൽ പെങ്കടുക്കാം. പ്രളയവുമായി ബന്ധപ്പെട്ട ഒാരോ കേസും പ്രത്യേകമായി പരിശോധിക്കും. അർഹമായ സഹായം നൽകും.
സഹായം: പരിശോധന ദുരുപയോഗം തടയാൻ
തിരുവനന്തപുരം: പ്രളയ ബാധിതകർക്ക് അടിയന്തര സഹായം നൽകുന്നതിൽ പരിശോധന സംവിധാനം ഏർപ്പെടുത്തിയത് ദുരുപയോഗം തടയാനാണെന്ന് മുഖ്യമന്ത്രി. ഇത്തവണ വെള്ളം താഴ്ന്ന് തുടങ്ങിയപ്പോൾ വിവിധ ക്യാമ്പുകളിലേക്ക് ധാരാളംപേർ വന്ന് പുതുതായി രജിസ്റ്റർ ചെയ്തു. ഒരാൾ കുറേപേരെ കൂട്ടിക്കൊണ്ട് വന്നതും ശ്രദ്ധയിൽപെട്ടു. പല ഉദ്ദേശവും താൽപര്യവും ഇതിനുപിന്നിലുണ്ടാകും. സർക്കാറിന് അതിനൊപ്പം നിൽക്കാനാകില്ല. വെള്ളം കയറി ബന്ധുവീടുകളിലും മറ്റും മാറിയവരെ പരിഗണിക്കും. ദുരിതബാധിതരായ അർഹർ, മാറിതാമസിച്ചവർ എന്നിവരുടെ കൃത്യമായ പരിശോധനയുണ്ടാകും. അനർഹരെ പ്രോത്സാഹിപ്പിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മഴക്കെടുതി നേരിടാന്‍ കേരളം ആവശ്യപ്പെട്ടതെല്ലാം നല്‍കിയതായി കേന്ദ്രമന്ത്രി വി.മുരളീധരന്‍ ഇന്നലെ പറഞ്ഞിരുന്നു. വേണമെങ്കില്‍ ദുരന്തനിവാരണ സേന അടക്കം കൂടുതല്‍ സഹായം നല്‍കും. ഡല്‍ഹിയിലെ സി.പി.എം നേതാക്കള്‍ സംസ്ഥാനത്തെ സാഹചര്യം അറിഞ്ഞല്ല പ്രതികരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.