തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൻസൺ മാവുങ്കലിന്‍റെ വീട്ടിൽ മുൻ ഡി.ജി.പി ലോക്നാഥ് ബെഹ്റ പോയത് എന്തിനാണെന്ന് വ്യക്തമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുകയാണ്. തട്ടിപ്പിന് ഇടനില നിന്നവരെയും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തുമെന്നും മുഖ്യമന്ത്രി നിയമസഭയിലെ ചോദ്യോത്തരവേളയിൽ പറഞ്ഞു.
മോൻസൺ മാവുങ്കലിന്‍റെ കൈവശമുള്ള പുരാവസ്തുക്കളുടെ ആധികാരികത പരിശോധിക്കേണ്ടത് ആർക്കിയോളജിക്കൽ വിഭാഗമാണ്. മോൻസണിന് പൊലീസ് സുരക്ഷ ഒരുക്കിയത് സ്വാഭാവിക നടപടി ക്രമമാണ്. സംശയം തോന്നിയതിനാലാണ് ഇ.ഡി. അന്വേഷണത്തിന് ബെഹ് റ കത്ത് നൽകിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരള പൊലീസ് സംഘടിപ്പിച്ച കൊക്കൂൺ സൈബർ കോൺഫറൻസിൽ മോൻസൺ പങ്കെടുത്തതായി രജിസ്റ്ററിലില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
മോൻസണിന് പൊലീസ് സുരക്ഷ നൽകിയത് എന്തിനെന്നും വ്യാജ ചികിത്സ നിർത്താൻ നടപടി സ്വീകരിച്ചിരുന്നോ എന്നും പ്രതിപക്ഷ അംഗങ്ങൾ സഭയിൽ ചോദ്യങ്ങൾ ഉന്നയിച്ചു.