‘വിഴിഞ്ഞവുമായി ബന്ധപ്പെട്ട് എൽ.ഡി.എഫിൽ ചില അഭിപ്രായ ഭിന്നതകളുണ്ടായിരുന്നു’; വികസനം വേണ്ടിടത്ത് അത് തടയുന്ന നിലപാട് സ്വീകരിക്കരുതെന്ന് മുഖ്യമന്ത്രി
text_fieldsആലപ്പുഴ: വികസനം വേണ്ടിടത്ത് അത് തടയുന്ന നിലപാട് സ്വീകരിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സർക്കാറിന്‍റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി ആലപ്പുഴ പാതിരപ്പള്ളി കാമിലോട്ട് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന എന്‍റെ കേരളം ജില്ലതല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദേശീയപാത വികസനത്തിൽ നാടിന്‍റെ വികസനത്തിനൊപ്പം നിൽക്കാൻ യു.ഡി.എഫ് സർക്കാറിനായില്ല. 45 മീറ്റർ വീതിയിൽ റോഡ് നിർമിക്കാൻ കേരളം ഒറ്റക്കെട്ടായാണ് പറഞ്ഞത്. കൂടെയുണ്ടായിരുന്ന ചിലയാളുകൾക്ക് തടസമുണ്ടായപ്പോൾ അന്നത്തെ യു.ഡി.എഫ് സർക്കാർ അതിന് തയാറായില്ല. ഗെയ്ൽ പദ്ധതിയിലും വികസന വിരുദ്ധ നിലപാട് സ്വീകരിച്ചു. പക്ഷേ, എൽ.ഡി.എഫ് അത് നടപ്പാക്കി.
വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് എൽ.ഡി.എഫിൽ ചില അഭിപ്രായ ഭിന്നതകളുണ്ടായിരുന്നു. അത് നിലനിർത്തിയാണ് മുന്നോട്ട് പോയത്. യു.ഡി.എഫ് സർക്കാറിന്‍റെ കരാർ റദ്ദാക്കിയിരുന്നെങ്കിൽ നിയമപ്രശ്നങ്ങൾ ഉണ്ടാകുമായിരുന്നു. കരാറുമായി ബന്ധപ്പെട്ട് എൽ.ഡി.എഫ് മുന്നോട്ട് വെച്ച എല്ലാ ആശങ്കകളും ശരിയാണ്. എന്നിട്ടും പദ്ധതിക്ക് തുരങ്കം വെക്കാനല്ല നോക്കിയത്. അത് നടപ്പാക്കാനാണ്.
നിപ, ഓഖി, മഹാപ്രളയം, കോവിഡ് തുടങ്ങി ഒന്നിനു പിന്നാലെ മറ്റൊന്നായി ഒരുപാട് ദുരന്തങ്ങൾ സംസ്ഥാനത്തിന് ഏറ്റുവാങ്ങേണ്ടിവന്നു. പ്രതിസന്ധിഘട്ടത്തിൽ കേന്ദ്രവും സഹായിച്ചില്ല. സഹായിക്കാൻ വന്ന രാജ്യങ്ങളെയും തടഞ്ഞു. അർഹിക്കുന്ന സഹായം നൽകണമെന്ന് പറയാത്ത പ്രതിപക്ഷം ശത്രുത സമീപനം സ്വീകരിക്കുന്ന കേന്ദ്രസർക്കാറിനൊപ്പം നിന്നു. ഈ സമയം വിഷമിച്ച് തലയിൽ കൈയും വെച്ചിരിക്കുകയല്ല സർക്കാർ ചെയ്തത്.
ഇന്ന് എല്ലാം അതിജീവിച്ച കേരളത്തെ ലോകം അത്ഭുതത്തോടെ നോക്കുന്നു. നവകേരളം എന്നത് സങ്കൽപമല്ല, യാഥാർഥ്യമാണ്. കേരളത്തിന്‍റെ പ്രതിശീർഷ വരുമാനം കൂടി. സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടു. രാജ്യത്ത് ദാരിദ്ര്യം ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളം. നവംബർ ഒന്നിന് അതിദരിദ്രർ ഇല്ലാത്ത സംസ്ഥാനമായി മാറും. നവകേരള നിർമിതിയിലേക്ക് ഇനിയും മുന്നേറണമെന്നും പിണറായി വിജയൻ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.