വരാപ്പുഴ സംഭവം അങ്ങേയറ്റം അപമാനകരം -മുഖ്യമന്ത്രി
text_fieldsതിരൂർ: മികവാർന്ന രീതിയിൽ പൊലീസ് പ്രവർത്തിക്കുന്നതിനിടെയുണ്ടായ അങ്ങേയറ്റം അപമാനകരമായ സംഭവമാണ് അടുത്തിടെ നടന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമം തെറ്റി പ്രവർത്തിച്ചാൽ നിയമത്തിന് മുന്നിൽ പൊലീസും കുറ്റക്കാരാണെന്നും അക്കാര്യത്തിൽ ഒരു തരത്തിലുള്ള ഒത്തുതീർപ്പുമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തിരൂരിൽ ഡിവൈ.എസ്.പി ഓഫിസ് കെട്ടിടത്തിെൻറ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പൊലീസ് ഒരിക്കലും മൂന്നാംമുറ സ്വീകരിക്കരുതെന്നും അങ്ങനെയുണ്ടായാൽ ശക്തമായ നടപടിയുണ്ടാകുമെന്ന് പ്രഖ്യാപിച്ചുമാണ് മുഖ്യമന്ത്രി വരാപ്പുഴ സംഭവം ചൂണ്ടിക്കാട്ടിയത്.
മുൻകാലങ്ങളിൽ ഇത്തരം സംഭവങ്ങളുണ്ടായാൽ നിയമപോരാട്ടങ്ങളുടേയും ബഹുജന സമ്മർദങ്ങളുടേയുമെല്ലാം ഫലമായാണ് നടപടിയുണ്ടാവാറുള്ളത്. ഇവിടെ അതിക്രമം തിരിച്ചറിഞ്ഞയുടൻ കൃത്യമായ നടപടിയെടുത്തു. കുറ്റക്കാർക്കെതിരെ ശക്തമായ നിലപാടാണ് കൈക്കൊണ്ടത്. അന്വേഷണവും നടക്കുന്നു. പൊലീസ് ജനമൈത്രി നിലപാട് സ്വീകരിക്കണം. കുറ്റവാസനയുള്ളവരെ ശരിയായ രീതിയിൽ മനസ്സിലാക്കാൻ ഇത് സഹായിക്കും. അവരുടെ മേലെ കണ്ണുണ്ടെന്ന ചിന്തവന്നാൽ സമാധാനം സുഗമമാകും.
ജനമൈത്രിയുടെ ഭാഗമായി പ്രവർത്തിച്ചാൽ പൊലീസിന് അവരുടെ ചുമതലകൾ നിർവഹിക്കാൻ സമയം ലഭിക്കില്ലെന്ന ചിന്ത ശരിയല്ല. സമാധാനം തകർക്കാനുള്ള ശ്രമങ്ങൾക്കെതിരെ സമൂഹം ജാഗ്രത പാലിക്കണം. കശ്മീർ പെൺകുട്ടിയുടെ ദാരുണമരണത്തിൽ സംസ്ഥാനമൊന്നാകെ വലിയ കൂട്ടായ്മ ശക്തിപ്പെട്ട് വന്നതിനിടെ അതിനെ മറ്റൊരു വഴിക്ക് തിരിച്ചുവിടാൻ ശ്രമമുണ്ടായി. അതിെൻറ ഭാഗമായുണ്ടായ പ്രചാരണം ഏറ്റെടുക്കാൻ ഉത്തരവാദപ്പെട്ട സംഘടനകളുടെ അണികളുൾപ്പെടെ നേതൃത്വത്തിെൻറ ആഹ്വാനമില്ലാതെ തെറ്റിന് കൂടെ നിന്നു. ഏത് പ്രശ്നത്തിലും വിവേകചിന്തയും പ്രവൃത്തിയുമാണ് ഉണ്ടാവേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
