Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രതിസന്ധികളിൽ...

പ്രതിസന്ധികളിൽ തളർന്നില്ല; ലോകം കേരളത്തെ ഉറ്റുനോക്കുന്നു -മുഖ്യമന്ത്രി

text_fields
bookmark_border
പ്രതിസന്ധികളിൽ തളർന്നില്ല; ലോകം കേരളത്തെ ഉറ്റുനോക്കുന്നു -മുഖ്യമന്ത്രി
cancel

തിരുവനന്തപുരം: സംസ്ഥാന സർക്കാർ അഞ്ച് വർഷം കൊണ്ട് പൂർത്തിയാക്കാൻ നിശ്ചയിച്ച പദ്ധതികളിൽ ഭൂരിഭാഗവും നാല് വർഷം കൊണ്ട് തന്നെ പൂർത്തിയാക്കാൻ കഴിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിസന്ധികൾ തുടരെ വന്നപ്പോഴും സർക്കാർ തളർന്നില്ല. ഇന്ന് രാജ്യവും ലോകവും കേരളത്തെ ഉറ്റുനോക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ നാല് വർഷം പൂർത്തിയാക്കുന്ന സാഹചര്യത്തിൽ മാധ്യമപ്രവർത്തകരെ കാണുകയായിരുന്നു മുഖ്യമന്ത്രി. 


ഇത്തവണ കോവിഡ് പടർന്നുപിടിക്കുന്ന പശ്ചാത്തലത്തിൽ വാർഷികാഘോഷങ്ങളില്ല. കേരളം വിവിധ മേഖലകളിൽ ആർജിച്ച പുരോഗതിയാണ് കോവിഡ് പ്രതിരോധത്തിൽ നമുക്ക് തുണയായതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

കോവിഡ് 19നെ പ്രതിരോധിക്കാൻ ആർദ്രം മിഷൻ സർക്കാറിന് കരുത്തുനൽകി. ആരോഗ്യ കേന്ദ്രങ്ങളെ ഉന്നത നിലവാരത്തിലേക്ക് ഉയർത്താൻ കഴിഞ്ഞു. ലോകം ഇന്ന് ഇവയെ ഉറ്റുനോക്കുകയാണ്. നിപ ഉയർത്തിയ ഭീഷണി നേരിടുക മാത്രമല്ല നാം ചെയ്തത്. വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് പോലെയുള്ളവ സ്ഥാപിക്കാൻ കഴിഞ്ഞു. 

2019-20നെക്കാൾ 15 ശതമാനം വർധനവ് ചെലവിൽ ഉണ്ടാകുമെന്നാണ് കരുതുന്നത്. കേന്ദ്ര സർക്കാറിന്‍റെ അർഹമായ സഹായം ലഭ്യമാവേണ്ടതുണ്ട്. എന്നാൽ, കേന്ദ്രത്തിൽനിന്ന് അർഹമായ സഹായം ലഭ്യമാവുന്നില്ലെന്നത് ഗുരുതരമായ അവസ്ഥയാണ്. അതിനെ മറികടക്കാൻ തനതായ വഴികൾ കണ്ടെത്തൽ മാത്രമേ മാർഗമുള്ളൂ. 

സംസ്ഥാന സർക്കാറിന് മുന്നിൽ തടസ്സങ്ങൾ ഏറെയായിരുന്നു. തുടരെ തുടരെ വന്ന മഹാമാരികളും പ്രകൃതിക്ഷോഭവും കേരളത്തെ തളർത്തേണ്ടതായിരുന്നു. എന്നാൽ കേരളം തളർന്നില്ല. 

2017 നവംബർ അവസാനം ഓഖി ചുഴലിക്കാറ്റ് ആഞ്ഞടിച്ചു. 2018 മേയിൽ നിപ വൈറസ് ബാധയുണ്ടായി. 2018 ആഗസ്റ്റിൽ വന്ന മഹാപ്രളയം എല്ലാ കണക്കുകൂട്ടലും തെറ്റിച്ചു. വികസന പ്രതീക്ഷകൾക്കും കുതിച്ചുചാട്ടത്തിനും ഇത് തടസം സൃഷ്ടിച്ചു. എന്നാൽ, ലോകത്താകെയുള്ള കേരളീയ സമൂഹം ഒറ്റക്കെട്ടായി സഹായ ഹസ്തവുമായി മുന്നോട്ടുവന്നു. 

പ്രളയത്തെ അതിജീവിക്കാൻ ശ്രമിക്കുമ്പോഴാണ് അടുത്തവർഷം വീണ്ടും പ്രളയം വന്നത്. ഇത് ഏൽപ്പിച്ച ആഘാതം മറികടക്കാൻ ശ്രമിക്കുമ്പോഴാണ് ചരിത്രത്തിലിതുവരെ ഇല്ലാത്ത പ്രതിസന്ധി ഉയർത്തിക്കൊണ്ട് കോവിഡ് 19 വന്നത്. 

ഈ പ്രതിസന്ധികളെയെല്ലാം തരണം ചെയ്ത് രാജ്യത്തിനും ലോകത്തിനും മാതൃകയാകും വിധം വ്യത്യസ്ത മേഖലകളിൽ മുന്നേറ്റം സൃഷ്ടിക്കാൻ നമുക്ക് കഴിഞ്ഞെന്നത് അഭിമാനകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ദുരന്തനിവാരണം എന്ന സുപ്രധാന ചുമതലകൂടി ഏറ്റെടുക്കേണ്ടിവന്നു. ഒരു ഘട്ടത്തിലും നാം പകച്ചുനിന്നില്ല. ലക്ഷ്യത്തിൽനിന്ന് തെന്നിമാറിയിട്ടുമില്ല. ജനങ്ങളുടെ ഒരുമയും സാഹോദര്യവുമാണ് സംസ്ഥാനത്തിന്‍റെ അതിജീവനത്തിന്‍റെ പ്രധാന ശക്തിസ്രോതസ്സായത്. 

തെരഞ്ഞെടുപ്പ് പ്രകടന പത്രിക ചിലർക്ക് വോട്ട് നേടാനുള്ള അഭ്യാസം മാത്രമാണ്. ചിലർ വാഗ്ദാനങ്ങൾ പാലിക്കാൻ ഉള്ളതല്ല എന്ന് തുറന്നുപറയുകയും ചെയ്തു. എന്നാൽ, എൽ.ഡി.എഫിന്‍റെ സമീപം വ്യത്യസ്തമാണ്. പറഞ്ഞ കാര്യങ്ങൾ നടപ്പാക്കാനുള്ളതാണ്. അതിനാലാണ് എല്ലാ വർഷവും ചെയ്ത കാര്യങ്ങൾ ഉൾപ്പെടുത്തി പ്രോഗ്രസ് റിപ്പോർട്ട് നൽകാൻ കഴിയുന്നത്. നാലാം വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് ഉടൻ പ്രസിദ്ധീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

അഞ്ച് വർഷത്തിനിടെ രണ്ട് ലക്ഷം പട്ടയം നൽകുമെന്നാണ് സർക്കാർ പ്രഖ്യാപിച്ചിരുന്നത്. 1.40 ലക്ഷം പട്ടയം നൽകാൻ ഇതുവരെ സാധിച്ചു. കോവിഡാണ് ഇപ്പോൾ പ്രതിസന്ധിയായത്. ബാക്കി പട്ടയം കൂടി ഉടൻ നൽകും. 

ഒഴുക്കുനിലച്ച പുഴകളെ ഹരിതകേരളം മിഷനിലൂടെ പുനരുജ്ജീവിപ്പിക്കാൻ സാധിച്ചിട്ടുണ്ട്. 546 പുതിയ പച്ചത്തുരുത്തുകൾ സൃഷ്ടിച്ചു. പരിസ്ഥിതി സംരക്ഷണം കേരളീയന്‍റെ ജീവിതചര്യയാക്കാൻ ഹരിതകേരളം മിഷന് സാധിച്ചു. 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsPinarayi VijayanPinarayi VijayanPinarayi VijayanPinarayi VijayanPinarayi Vijayan
News Summary - pinarayi vijayan press meet
Next Story