മുനമ്പത്തിൽ കുളംകലക്കി മീൻ പിടിക്കാനാണ് ബി.ജെ.പി ശ്രമിച്ചത്; ലീഗിനെതിരെ സർ സയ്യീദ് കോളജ് വിഷയം ഉന്നയിച്ച് പിണറായി
text_fieldsപിണറായി വിജയൻ
തിരുവനന്തപുരം: മുനമ്പം വിഷയത്തിൽ കുളംകലക്കി മീൻപിടിക്കാനാണ് ബി.ജെ.പിയും സംഘപരിവാറും ശ്രമിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുനമ്പത്ത് കുടിയിറക്കൽ ഭീഷണിയിലായ ആളുകളെ എങ്ങനെ സംരക്ഷിക്കാൻ കഴിയുമെന്നാണ് സർക്കാർ നോക്കിയത്. അതിനായാണ് കമീഷനെ നിയോഗിച്ചത്. എന്നാൽ, സർക്കാർ നടപടികളുടെ അടിസ്ഥാനത്തിൽ മുനമ്പത്തെ സമരം അവസാനിപ്പിക്കാൻ സമരസമിതി തയാറായില്ല.
അവർക്ക് മറ്റ് ചില പ്രതീക്ഷകളാണ് ഉണ്ടായിരുന്നത്. വഖഫ് നിയമഭേദഗതി മുനമ്പം പ്രശ്നം പരിഹരിക്കുമെന്നാണ് ചിലർ പ്രചരിപ്പിച്ചത്. കിരൺ റിജിജ്ജുവിനെ കൊണ്ടുവന്ന് മുതലെടുപ്പിനും ശ്രമമുണ്ടായി. ഇതിനിടെ വഖഫ് നിയമഭേദഗതി കൊണ്ടു മാത്രം മുനമ്പം പ്രശ്നം പരിഹരിക്കാൻ കഴിയില്ലെന്ന പ്രസ്താവനയാണ് കേരളത്തിലെത്തിയ കിരൺ റിജിജ്ജു നടത്തിയത്. ഇതോടെ ഇക്കാര്യത്തിലെ സത്യം പുറത്തുവന്നുവെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പിയെ നിലപാടിനോട് യോജിക്കുന്ന സമീപനമാണ് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. മുനമ്പം വിഷയത്തിൽ ലീഗിന് ഇരട്ടത്താപ്പാണ്. തളിപ്പറമ്പ് സർ സയ്യീദ് കോളജ് വിഷയം ഉന്നയിച്ചാണ് മുഖ്യമന്ത്രിയുടെ വിമർശനം.
ഇ.ഡിയുടെ കാര്യത്തിൽ കോൺഗ്രസിന് ഇരട്ടത്താപ്പാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അവർക്ക് നേരെ വരുമ്പോൾ മാത്രമേ കോൺഗ്രസ് ഇ.ഡിയെ വിമർശിക്കാറുള്ളുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.