കോവിഡ്: നമ്മൾ സുരക്ഷിതരല്ല; ഒരു രാജ്യവും അതിജീവിച്ചിട്ടുമില്ല –മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: കേരളത്തിലോ ഇന്ത്യയില്‍ തന്നെയോ കോവിഡ് നിയന്ത്രിതമായി എന്നത് കൊണ്ട് നമ്മൾ സുരക്ഷിതരാകുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കോവിഡ് കേസുകള്‍ സ്ഥിരീകരിക്കപ്പെട്ട ഒരു രാജ്യവും അതിനെ പൂര്‍ണമായി അതിജീവിച്ചിട്ടില്ല. ഇപ്പോഴും ദിവസേന പുതിയ കേസുകള്‍ എല്ലാ രാജ്യങ്ങളിലും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. വിവിധ സംസ്ഥാനങ്ങളിലും സ്ഥിതി വളരെ ഗുരുതരമാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് നാം കോവിഡിനെ പ്രതിരോധിക്കുന്നതെന്നും മുഖ്യമന്ത്രി പറയുന്നു. അതുകൊണ്ട് തന്നെ മടങ്ങിയെത്തുന്ന പ്രവാസികളുടെ ആരോഗ്യം സംരക്ഷിക്കുന്നതും രോഗവ്യാപനം തടഞ്ഞ് നിര്‍ത്തുന്നതും ഏറ്റവും പ്രധാനപ്പെട്ട ചുമതലയായി ഏറ്റെടുക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോകത്തിൽ എവിടെയും കുടുങ്ങിയ മലയാളിയെയും നാട്ടിലെത്തിക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രവാസികളുടെ തിരിച്ചുവരവിന് വേണ്ട തയാറെടുപ്പുകൾ നടത്തി. വരുന്നവരുടെ മുൻഗണനാക്രമം, എത്രപേർ വരണം, ഏത് വിമാനത്താവളത്തിൽ വരണം, യാത്രാ സൗകര്യം, ചെലവ് എന്നിവ തീരുമാനിച്ചത് കേന്ദ്ര സർക്കാറാണ്.
നാട്ടിലെത്തിയാൽ ചെലവ് വഹിക്കുന്നത് സംസ്ഥാന സർക്കാറാണ്. ഇതിന് എല്ലാ ജില്ലയിലും നോഡൽ ഓഫിസർമാരെ നിയമിച്ചു. ക്വാറൻറീന് മേൽനോട്ടം ഇവരാണ്.
ഒരു കേന്ദ്രത്തിന് ഒരു ഡോക്ടറെന്നനിലയിൽ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ക്വാറൻറീൻ കേന്ദ്രത്തിെൻറ മേൽനോട്ടച്ചുമതല തദ്ദേശസ്ഥാപനത്തിനാണ്. മേൽനോട്ടത്തിന് ഹെൽത്ത് ഇൻസ്പെക്ടർമാരെയും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരെയും നിയമിച്ചു. ഓരോ കേന്ദ്രത്തിനും ആംബുലൻസ് സൗകര്യം ഉണ്ട്.
സർക്കാർ കെയർ സെൻററിലും വീട്ടിലും കഴിയുന്നവരുമായി ആരോഗ്യപ്രവർത്തകർ ബന്ധപ്പെടും. ബുദ്ധിമുട്ടുണ്ടെങ്കിൽ ഇവർക്ക് ബന്ധപ്പെടാൻ നമ്പറും നൽകി.
കെയർ സെൻററിൽ ആരോഗ്യപ്രവർത്തകരുടെ സേവനം 24 മണിക്കൂറും ഉറപ്പുവരുത്തി. കോവിഡ് ആശുപത്രികളുടെ നിയന്ത്രണത്തിലാണ് ഓരോ കെയർ സെൻററും.
നിരീക്ഷണത്തിലുള്ളവർക്ക് കോവിഡ്-19 ഇ-ജാഗ്രത ആപ്പും തയാറാക്കിയിട്ടുണ്ട്. രോഗലക്ഷണമുണ്ടെങ്കിൽ വിഡിയോ കോൾ വഴി ഡോക്ടർമാർ ബന്ധപ്പെടും. ചെറിയ ലക്ഷണങ്ങളുള്ളവർക്ക് ടെലി മെഡിസിൻ വഴി മരുന്ന് കുറിച്ച് എത്തിച്ചു നൽകുമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
കണക്കുകൾ നിരത്തി മുഖ്യമന്ത്രി
തിരുവനന്തപുരം: ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി രൂപ സംഭാവന ചെയ്തതിനെ തുടര്‍ന്നുണ്ടായ വിവാദത്തിൽ കണക്കുകളും ഉദാഹരണങ്ങളും നിരത്തി മുഖ്യമന്ത്രി പിണറായി വിജയന്. ക്ഷേത്രങ്ങളില്‍ നിന്ന് സര്‍ക്കാര്‍ കൊണ്ടുപോകുകയാണോ കൊടുക്കുകയാണോ എന്ന് ബജറ്റ് പരിശോധിച്ചാല്‍ വ്യക്തമാകും. ഇതൊക്കെയാണ് സത്യമെന്നിരിക്കെ ചിലര്‍ മതവിദ്വേഷം പടര്‍ത്താനായി തുനിഞ്ഞിറങ്ങിയിരിക്കുകയാണ്. ഈ മഹാദുരന്തത്തിെൻറ ഘട്ടത്തില്‍പോലും ചോര തന്നെ കൊതുകിന് കൗതുകം എന്ന മട്ടില്‍ പെരുമാറരുതെന്ന് മാത്രമേ പറയാനുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചിലയാളുകള്‍ ക്ഷേത്രസ്വത്ത് സര്‍ക്കാര്‍ എടുക്കുകയാണെന്നാണ് പ്രചരിപ്പിക്കുന്നത്. എന്നാല്‍, തിരുവിതാംകൂര്‍ ദേവസ്വത്തിന് 100 കോടിയും മലബാര്‍, കൊച്ചി ദേവസ്വത്തിന് 36 കോടിയും സർക്കാർ നല്കി. നിലക്കല്‍, പമ്പ ഇടത്താവളങ്ങള്‍ക്ക് 142 കോടി രൂപയുടെ നിര്‍മാണം പ്രവൃത്തി നടക്കുന്നു. ശബരിമലക്ക് പ്രത്യേക ഗ്രാൻഡ് 30 കോടിരൂപ. കൂത്താട്ടുകുളം മഹാദേവ ക്ഷേത്രം അടക്കം ക്ഷേത്രങ്ങളുടെ പുനരുദ്ധാരണത്തിന് പ്രത്യേക പ്രോജക്ട് പ്രകാരം അഞ്ചുകോടി നീക്കിവെച്ചിരിക്കുകയാണ്. രാജ്യത്തെ പലക്ഷേത്രങ്ങളും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കി. ഗുജറാത്തില്‍ സോമനാഥ ക്ഷേത്രം, അംബാലി ക്ഷേത്രം എന്നിവ സംഭാവന നല്കി. മഹാരാഷ്ട്ര മഹാലക്ഷ്മി ഷിര്‍ദി സായി ബാബ ട്രസ്റ്റ് 51 കോടി നല്കി. ഒരു കോടി രൂപക്ക് മുകളില്‍ സംഭാവന നല്കിയ ക്ഷേത്രങ്ങളുടെ പേര് മാത്രമാണ് പറയുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
