'വിജയ'ദിനത്തിലും ഭാവമാറ്റമില്ലാതെ...; പ്രതിപക്ഷത്തെയും മാധ്യമങ്ങളെയും കടന്നാക്രമിച്ച് പിണറായി
text_fieldsകണ്ണൂർ: തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. എത്ര മര്യാദയില്ലാതെയാണ് ചില മാധ്യമങ്ങൾ എൽ.ഡി.എഫിനെയും സർക്കാറിനെയും അക്രമിച്ചത്. മാധ്യമ മേലാളന്മാർ പറഞ്ഞാൽ മാറുന്നവരല്ല ജനങ്ങൾ. അവർക്ക് വിവേചന ബുദ്ധിയുണ്ട്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നശേഷം പിണറായിയിൽ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് എൽ.ഡി.എഫിന് തുടർഭരണം നൽകിയ തെരഞ്ഞെടുപ്പ് വിജയം സംസ്ഥാന സർക്കാറിെൻറ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ്. ഈ വിജയത്തിെൻറ നേരവകാശികൾ കേരളത്തിലെ ജനങ്ങളാണ്. ഞങ്ങൾ ജനങ്ങളെയും ജനങ്ങൾ ഞങ്ങളെയും വിശ്വസിച്ചു. എൽ.ഡി.എഫ് പറയുന്ന കാര്യങ്ങള്‍ നടപ്പാക്കുമെന്ന് ജനങ്ങള്‍ക്ക് വിശ്വാസമുണ്ട്. അതവരുടെ ജീവിതാനുഭവങ്ങളില്‍നിന്നുള്ള വിശ്വാസമാണ്. വലതുപക്ഷ മാധ്യമങ്ങളിൽ ചിലർ ശ്രമിക്കുന്നത് നാടിെൻറ പുരോഗതി തടയാനാണ്. മാധ്യമങ്ങൾ പറയുന്നത് അതുപോലെ വിഴുങ്ങുന്നവരല്ല കേരളത്തിലെ ജനങ്ങൾ. വിശ്വാസികൾ സർക്കാറിന് എതിരാണെന്ന ചിത്രം ഉണ്ടാക്കാൻ ശ്രമിച്ചെങ്കിലും ഏശിയില്ലെന്നും പിണറായി വിജയൻ പറഞ്ഞു.
കേരളത്തിൽ വർഗീയതക്ക് സ്ഥാനമില്ലെന്ന് ബി.ജെ.പിയുടെ പരാജയം തെളിയിച്ചു. അവരുടെ തന്ത്രങ്ങൾ ചെലവാകുന്ന സംസ്ഥാനമല്ല മതനിരപേക്ഷ കേരളം. ബി.ജെ.പി കു െറ സീറ്റുകൾ നേടുമെന്ന ധാരണ പരത്താൻ നോക്കി. പ്രധാനമന്ത്രിയടക്കം പ്രചാരണത്തിനെത്തുകയും ധാരാളം പണം ചെലവഴിക്കുകയും ചെയ്തു. ബി.ജെ.പി അവരുടെ യഥാർഥ നില എന്താണെന്ന് തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും പിണറായി പറഞ്ഞു.
'വിജയ'ദിനത്തിലും ഭാവമാറ്റമില്ലാതെ...
കണ്ണൂർ: ചരിത്രവിജയത്തിെൻറ നായകന് വിജയദിനത്തിലും ഭാവമാറ്റമില്ല. സെഞ്ച്വറിക്ക് അടുത്തെത്തിയ സീറ്റുനേട്ടത്തിെൻറ ആവേശവും ആഹ്ലാദവുമല്ല, പതിവ് കർക്കശഭാവം തന്നെയായിരുന്നു ഇന്നലെയും പിണറായി വിജയന്. വോട്ടെണ്ണിത്തുടങ്ങി കാറ്റ് ഇടത്തേക്ക് ഉറപ്പായതോടെ 11 മണിക്കുശേഷം പിണറായിയിലെ വീട്ടിൽനിന്നിറങ്ങി. വിളിപ്പാടകലെ പിണറായി കൺവെൻഷൻ സെൻററിലെ എം.എൽ.എ ഓഫിസിൽ ലീഡ് നില അറിയാൻ ടി.വിക്ക് മുന്നിൽ.
മുഖ്യമന്ത്രി എത്തുന്നതറിഞ്ഞ് ദൃശ്യം പകർത്താനെത്തിയ ചാനൽ പ്രവർത്തകരോട് പതിവ് കാർക്കശ്യം തന്നെ. കൊറോണ അല്ലേ, ഇവിടെ കൂടിനിൽക്കേണ്ടെന്ന് ഉപദേശിക്കാനും മറന്നില്ല. പിന്നീട് മാധ്യമപ്രവർത്തകരുടെ നിർബന്ധത്തിന് വഴങ്ങി ടി.വി കാണുന്ന ദൃശ്യം പകർത്താൻ ഓരോരുത്തരെ മാത്രമായി അനുവദിച്ചു. ഒരു മണിയോടെ ഊണിനായി വീട്ടിലേക്ക്. അരമണിക്കൂറിനകം തിരിച്ചെത്തി. നാലര മണിയോടെ ധർമടത്തെ വോട്ടെണ്ണൽ കേന്ദ്രമായ ചാല ചിൻടെകിലേക്ക് പുറപ്പെട്ടു.
വിജയിച്ചതിെൻറ രേഖ കൈപ്പറ്റി പിണറായി കൺവെൻഷൻ സെൻററിലെത്തി നേരെ വാർത്തസമ്മേളനത്തിലേക്ക്. ഇടതുവിജയത്തിെൻറ മധുരംപകർന്ന് തയാറാക്കിയ ചുവന്ന ലഡു വിതരണം ചെയ്യാൻ മുഖ്യമന്ത്രിതന്നെ നിർദേശിച്ചു. ഇന്ന് ചിരി ദിനമാണെന്ന് ഓർമിപ്പിച്ച മുഖ്യമന്ത്രി പക്ഷേ, തെരഞ്ഞെടുപ്പ് വിജയത്തിൽ നാടിെൻറ ദുരവസ്ഥ മറന്നുള്ള ആഘോഷങ്ങളൊന്നും വേണ്ടെന്ന് ഒരിക്കൽ കൂടി ഉണർത്തി. തെരഞ്ഞെടുപ്പുകാലത്ത് വിഷമിപ്പിച്ച മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും കടന്നാക്രമിച്ച വാർത്തസമ്മേളനത്തിന് ശേഷം വീണ്ടും ഓഫിസിലേക്ക്. രാത്രി വീട്ടിലേക്ക് മടങ്ങി. തെരഞ്ഞെടുപ്പ് വിജയത്തിെൻറ പകലിൽ ഏതാനും ഓഫിസ് ജീവനക്കാരും സി.പി.ഐ നേതാവ് സി.എൻ. ചന്ദ്രനും മാത്രമാണ് മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

