വേലി തന്നെ വിളവ് തിന്നുന്നു; പൊലീസിനെതിരെ മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: പൊലീസ് നടപടികളെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി. വേലി തന്നെ വിളവ് തിന്നുന്ന സമീപനം ശരിയല്ലെന്നും മൂന്നാംമുറ ഇല്ലാതാക്കി സേനയെ പുനഃസംഘടിപ്പിക്കുകയാണ് സർക്കാർ നയമെന്നും പിണറായി വിജയന് പറഞ്ഞു. പൊലീസ് കംപ്ലയിൻറ് അതോറിറ്റി സംഘടിപ്പിച്ച ‘മനുഷ്യാവകാശങ്ങളും പൊലീസും: സമീപകാല പ്രവണതകൾ’ ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിയമം നടപ്പാക്കാൻ പൊലീസിന് പൗരന്മാരെ നിയന്ത്രിക്കേണ്ടി വരും. അതിനപ്പുറം അമിതാധികാര പ്രയോഗം, അന്യായ തടങ്കൽ, അഴിമതി, മൂന്നാംമുറ തുടങ്ങിയ പരാതികളിൽ ദാക്ഷിണ്യവുമുണ്ടാകില്ല. മതേതര ജനാധിപത്യമൂല്യങ്ങളിൽനിന്ന് നാം പിന്നാക്കം പോവുകയാണോ എന്ന് സമകാലീന പ്രവണതകൾ സംശയിപ്പിക്കുന്നു.
എഴുത്തുകാർ ഇവിടം വിടണമെന്നും എഴുത്ത് അവസാനിപ്പിക്കണമെന്നും കൃതികൾ പിൻവലിക്കണമെന്നുമുള്ള ആവശ്യം അപമാനമാണ്. സർക്കാറും പൊലീസും ഇതിനെതിരെ നടപടിയെടുക്കും. സമൂഹമാകെ ഇതിനെതിരെ ഒന്നിക്കണം. മനുഷ്യാവകാശ സംരക്ഷകരാകേണ്ടത് പൊലീസാണ്. എന്നാല്‍, െപാലീസും മറ്റ് സുരക്ഷ ഏജന്‍സികളും നടത്തുന്ന മനുഷ്യാവകാശ ലംഘന പരാതി ഉയര്‍ന്നുവരാറുണ്ട്.
പൊലീസ് കംപ്ലയിൻറ് അതോറിറ്റി, മനുഷ്യാവകാശ കമീഷൻ തുടങ്ങിയവയുടെ പരിമിതി നീക്കാൻ സഹായം നൽകും. സെൻസേഷണലിസത്തിൽ വീണുപോകാതെ പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് കംപ്ലയിൻറ് അതോറിറ്റി ചെയർമാൻ ജസ്റ്റിസ് വി.കെ. മോഹനൻ അധ്യക്ഷതവഹിച്ചു. സമാപന സെഷനിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുഖ്യപ്രഭാഷണം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
