വിഭജന ഭീതിദിന സർക്കുലറിനെതിരെ മുഖ്യമന്ത്രി; ‘ഗവർണറുടെ ആഹ്വാനം സ്വാതന്ത്ര്യദിനത്തിന്‍റെ പ്രാധാന്യം കുറക്കാൻ’
text_fieldsതിരുവനന്തപുരം: ആഗസ്റ്റ് 14ന് വിഭജനഭീതി ദിനം ആചരിക്കണമെന്ന ഗവർണർ രാജേന്ദ്ര ആർലേക്കറുടെ വിവാദ സർക്കുലറിൽ രൂക്ഷ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഗവർണറുടെ നടപടി പ്രതിഷേധാർഹമാണെന്നും അത്തരമൊരു അജണ്ട നടപ്പാക്കാനുള്ള വേദിയായി നമ്മുടെ സർവകലാശാലകളെ വിട്ടുകൊടുക്കാനാവില്ലെന്നും മുഖ്യമന്ത്രി പ്രസ്താവനയിൽ വ്യക്തമാക്കി.
ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനമായ ആഗസ്റ്റ് 15 സാമ്രാജ്യ വിരുദ്ധ പോരാട്ടത്തിന്റെയും അതിനെ നേരിടാൻ ബ്രിട്ടീഷുകാർ അഴിച്ചുവിട്ട കൊടും ക്രൂരതകളുടെയും ഓർമ്മപ്പെടുത്തൽ കൂടിയാണ്. സ്വാതന്ത്ര്യത്തിന് എഴുപത്തിയെട്ടു വയസ്സാകുമ്പോൾ ആഗസ്റ്റ് 15 നു പുറമെ മറ്റൊരു ദിനാചരണം വേണമെന്ന ആശയം സംഘ പരിവാർ ബുദ്ധി കേന്ദ്രങ്ങളുടേതാണ്.
സ്വാതന്ത്ര്യ സമരത്തിൽ ഒരു പങ്കാളിത്തവുമില്ലാതെ, ബ്രിട്ടീഷ് രാജിന് പാദസേവ ചെയ്തവർക്കാണ് സ്വാതന്ത്ര്യ ദിനത്തെ താഴ്ത്തിക്കെട്ടേണ്ടത്. സ്വാതന്ത്ര്യ സമരകാലത്ത് വൈദേശിക ശക്തികൾക്കെതിരെ പോരാടാൻ താൽപര്യം കാട്ടാതെ “ആഭ്യന്തര ശത്രുക്കൾ”ക്കെതിരെ പട നയിക്കാൻ ഊർജം ചെലവഴിച്ചവരാണ് സ്വാതന്ത്ര്യദിനത്തിന്റെ പ്രാധാന്യം കുറക്കാനെന്നവണ്ണം വിഭജനഭീതിയുടെ ഓര്‍മ ദിനമാചരിക്കാൻ ആഹ്വാനം ചെയ്യുന്നത്.
ബ്രിട്ടീഷ് വൈസ്രോയിയെ നേരിൽ ചെന്നു കണ്ട് പിന്തുണയറിയിക്കുകയും തങ്ങൾ ബ്രിട്ടീഷ് രാജിനെതിരല്ലെന്നു വ്യക്തമാക്കുകയും ചെയ്ത അതേ മാനസികാവസ്ഥയിൽ ഇന്നും ജീവിക്കുന്നവരാണ് സംഘ്പരിവാറുകാർ. ഇന്ത്യയിലെ നാനാജാതി മതസ്ഥരും ഒരുമിച്ചു നിന്ന ദേശീയ സ്വാതന്ത്ര്യസമരത്തോട് മുഖംതിരിഞ്ഞു നിന്ന രാഷ്ട്രീയം അതേപടി പിൻപറ്റുന്നവരാണ് ഇപ്പോൾ വിഭജന ഭീതിയെക്കുറിച്ച് പറയുന്നത്.
ബ്രിട്ടീഷ് ഭരണകൂടത്തിന്റെ ഭിന്നിപ്പിച്ചു ഭരിക്കൽ തന്ത്രത്തിന്റെ കൂടി ഫലമാണ് ഇന്ത്യ വിഭജനവും വിഭജനാന്തര കലാപവുമെന്ന് പഴയ ബ്രിട്ടീഷ് ദാസന്മാർ മറന്നുപോവുകയാണ്. ഇന്ത്യ വിഭജനസമയത്ത് കലാപം ആളിപ്പടർന്നപ്പോൾ തീയണക്കാൻ ശ്രമിച്ച മഹാത്മ ഗാന്ധിയെ ഉൾപ്പെടെ അപഹസിച്ച കൂട്ടരാണ് സംഘ്പരിവാർ.
ആ സംഘ്പരിവാറിന്റെ വിഭജന രാഷ്ട്രീയ അജണ്ടകൾക്കനുസൃതമായ പ്രവർത്തന പദ്ധതികൾ രാജ് ഭവനിൽ നിന്നും പുറപ്പെടുവിക്കുന്ന നിലപാട് ഭരണഘടന വിരുദ്ധമാണ്. ആഗസ്റ്റ് 14ന് വിഭജന ഭീതിയുടെ ഓർമദിനമായി ആചാരിക്കാൻ വൈസ് ചാൻസലർമാർക്ക് സർക്കുലറയച്ച ഗവർണറുടെ നടപടി പ്രതിഷേധാർഹമാണ്.
അത്തരമൊരു അജണ്ട നടപ്പാക്കാനുള്ള വേദിയായി നമ്മുടെ സർവകലാശാലകളെ വിട്ടുകൊടുക്കാനാവില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വിഭജനഭീതി ദിനം ആചരിക്കണമെന്ന് സര്‍ക്കുലര്‍ അയച്ച ഗവർണർക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഇന്നലെ രംഗത്തെത്തിയിരുന്നു. സംസ്ഥാന സര്‍ക്കാറിനെ നോക്കുകുത്തിയാക്കി വിഭജനഭീതി ദിനം ആചരിക്കണമെന്ന് നിര്‍ദേശിച്ച് സര്‍വകലാശല വൈസ് ചാന്‍സലര്‍മാര്‍ക്ക് സര്‍ക്കുലര്‍ ഇറക്കാന്‍ ഗവര്‍ണര്‍ക്ക് എന്ത് അധികാരമാണുള്ളതെന്ന് സതീശൻ ചോദിച്ചു.
സംസ്ഥാന സര്‍ക്കാറിന് സമാന്തരമായി ഗവര്‍ണര്‍ തീരുമാനങ്ങള്‍ എടുക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് ഭരണഘടനാ വിരുദ്ധമാണ്. താന്‍ ഇപ്പോഴും വിഭജന രാഷ്ട്രീയത്തിന്റെ വക്താവായ ആര്‍.എസ്.എസുകാരനാണെന്നാണ് ഭരണഘടനാപദവിയില്‍ ഇരിക്കുന്ന വിശ്വനാഥ് ആര്‍ലേക്കര്‍ കേരളത്തോട് വിളിച്ചു പറയുന്നത്. ഗവര്‍ണറുടെ ഈ നടപടി ഭരണഘടനാ വിരുദ്ധമാണ്.
ഗവര്‍ണറുടെ വഴിവിട്ട നടപടികളില്‍ മൗനം പാലിക്കാതെ മുഖ്യമന്ത്രിയും സംസ്ഥാന സര്‍ക്കാരും അഭിപ്രായം വ്യക്തമാക്കണം. ഭരണഘടനാവിരുദ്ധ നടപടികളിലുള്ള സംസ്ഥാന സര്‍ക്കാറിന്റെ പ്രതിഷേധം ഗവര്‍ണറെ ഔദ്യോഗികമായി അറിയിക്കാൻ മുഖ്യമന്ത്രി തയാറാകണമെന്നും വി.ഡി. സതീശൻ ആവശ്യപ്പെട്ടിരുന്നു.
സംസ്ഥാനത്തെ സർവകലാശാലകളിൽ ആഗസ്റ്റ് 14ന് വിഭജന ഭീതി ദിനം ആചരിക്കാൻ നിർദേശം നൽകിയ ചാൻസലറായ ഗവർണറുടെ നടപടിയാണ് വിവാദത്തിലായത്. പ്രധാനമന്ത്രി നരേന്ദ്രമോദി 2021ൽ മുന്നോട്ടുവെച്ച ദിനാചരണമാണ് സർക്കാർ അറിവോടെയല്ലാതെ ആദ്യമായി സർവകലാശാലകളിൽ പ്രത്യേക പരിപാടികളോടെ ആചരിക്കാൻ ഗവർണർ വി.സിമാർക്ക് കത്ത് നൽകിയത്.
വിഭജനം എത്രമാത്രം ഭീകരമായിരുന്നുവെന്ന് വ്യക്തമാക്കാൻ ഈ ദിനത്തിൽ സെമിനാറുകൾ, നാടകങ്ങൾ എന്നിവ സംഘടിപ്പിക്കാമെന്ന് കത്തിൽ പറയുന്നു. ഇതുസംബന്ധിച്ച കർമപദ്ധതി സമർപ്പിക്കാൻ വി.സിമാർക്ക് നിർദേശവുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

