ഇതര സംസ്ഥാന തൊഴിലാളികളെ മുഖ്യധാരയിൽ എത്തിക്കും –മുഖ്യമന്ത്രി
text_fieldsകൊച്ചി: ഇതര സംസ്ഥാന തൊഴിലാളികളെ മുഖ്യധാരയിലെത്തിക്കാൻ പദ്ധതികളുമായി സംസ്ഥാന സർക്കാർ മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. റോഷ്നി പദ്ധതിയുടെ വെബ്സൈറ്റ് ഉദ്ഘാടനവും മലയാളഭാഷ പരിജ്ഞാനരേഖ ‘സമീക്ഷ’യുടെ പ്രകാശനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഇതര സംസ്ഥാനങ്ങളിൽനിന്ന് 40 ലക്ഷത്തിലധികം പേരാണ് കേരളത്തിൽ തൊഴിൽ ചെയ്യുന്നത്.
ഇവരെയെല്ലാം ഒരേ രാജ്യക്കാർ എന്ന നിലയിൽ കണ്ടാണ് സംസ്ഥാന സർക്കാർ ക്ഷേമപദ്ധതികൾ ആവിഷ്കരിച്ചത്. ചികിത്സ സഹായമായി 25,000 രൂപ, അപകടമരണ സഹായമായി അരലക്ഷം, മൃതദേഹം നാട്ടിലെത്തിക്കാൻ 10,000 രൂപ സഹായം തുടങ്ങിയവ നൽകിവരുന്നു.
മൂന്ന് ജില്ലയിൽ ഫെസിലിറ്റേഷൻ സെൻറർ ആരംഭിച്ചിട്ടുണ്ട്. ആവാസ് പ്രകാരം സൗജന്യ ഇൻഷുറൻസും ആരോഗ്യപരിരക്ഷയും നൽകുന്നു. ജോലിക്കിടെ അപകടത്തിൽപെട്ട് അവശത അനുഭവിക്കുന്നവർക്കും തൊഴിലെടുക്കാൻ കഴിയാത്തവർക്കുമുള്ള ആശ്വാസപദ്ധതിയും നടപ്പാക്കുന്നുണ്ട്. പുറമെ അപ്നാഘർ എന്ന പേരിൽ ഹോസ്റ്റൽ രീതിയിൽ പാർപ്പിട സമുച്ചയങ്ങളുടെ നിർമാണവും പൂർത്തിയാകുന്നു.
ജില്ലയിലെ നാല് സ്കൂളിൽ ആരംഭിച്ച റോഷ്നി പദ്ധതിയിൽ ഇപ്പോൾ സർക്കാർ, എയിഡഡ് സ്കൂളുകളിലടക്കം 20 സ്ഥലത്തായി 2500 അതിഥി തൊഴിലാളികളുടെ കുട്ടികൾക്ക് ഔപചാരിക വിദ്യാഭ്യാസം ലഭിക്കുന്നു.
രാജ്യത്തെ മുഴുവൻ ജനങ്ങളെയും ഒരുപോലെ കാണുന്ന നാടാണ് കേരളം. അതിന് അടിത്തറ മതനിരപേക്ഷതയാണ്. അത് കാത്തുസൂക്ഷിക്കാനാണ് നാം ജാഗ്രതപ്പെടേണ്ടതെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസമന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. കലക്ടർ കെ. മുഹമ്മദ് വൈ. സഫീറുല്ല, എം.എൽ.എമാരായ ഹൈബി ഈഡൻ, ജോൺ ഫെർണാണ്ടസ്, മേയർ സൗമിനി ജയിൻ, മുൻ ജി.സി.ഡി.എ ചെയർമാൻ സി.എൻ. മോഹനൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
